ക്രിസ്തുമസ് സുകൃതങ്ങൾ 21: ശാന്തത

സി. റെറ്റി എഫ്. സി. സി.

“ശാന്തമാവുക; ഞാൻ ദൈവമാണെന്ന് അറിയുക” (സങ്കീ. 46:10).

ദൈവത്തെയും നമ്മെയും മറ്റുള്ളവരെയും അറിയാനുള്ള മാർഗം ശാന്തതയാണ്. ഒരിക്കൽ പുണ്യങ്ങളുടെ അമ്മത്തൊട്ടിലായ എളിമ പറഞ്ഞു: “എന്നോട് ഏറ്റവും കൂടുതൽ അടുത്തുനിൽക്കുന്ന പുണ്യം ശാന്തതയാണ്.” പുണ്യങ്ങളിൽ തീക്ഷ്ണമതിയായ നീതി ആക്രോശിച്ചു: “ഈ പ്രസ്താവന മറ്റു പുണ്യങ്ങളോടുള്ള അവഹേളനമാണ്, ആക്ഷേപമാണ്.” ഒന്നും ഉരിയാടാതെ എളിമ മണൽപുറത്ത് വിരൽതുമ്പ് കൊണ്ട് ഇങ്ങനെ എഴുതി: “ശാന്തത എന്റെതന്നെ ഭാഗമാണ്, ശാന്തത ഞാൻ തന്നെയാണ്, എന്നെ ഞാനാക്കുന്നത് ശാന്തതയാണ്.” ആ വഴിയെ തുള്ളിക്കളിച്ചുവന്ന സ്നേഹം മണൽപുറത്ത് കുറിച്ചത് വായിച്ചുകൊണ്ടു പറഞ്ഞു: “ശാന്തത എന്റെയും ഭാഗമാണ്.”

ദൈവത്തിന്റെ ഭാവം ശാന്തതയാണ്. ശാന്തത ജീവിതത്തിൽ സ്വർഗം വിരിയിക്കുന്നു. ക്രിസ്തുമസിനോട് വളരെ അടുത്തുകൊണ്ടിരിക്കുന്ന ഈ ദിവസങ്ങളിൽ നമുക്ക് നമ്മുടെ മനസ്സുകളും ഹൃദയങ്ങളും തുറന്ന് ദൈവത്തിന്റെ ഈ കൃപയെ സ്വാഗതം ചെയ്യാം.

മലയാളികൾ നെഞ്ചിലേറ്റിയ ഒരു ക്രിസ്തുമസ് ഗാനമാണ് തുറമുഖം എന്ന സിനിമയിൽ പൂവച്ചൽ ഖാദർ എഴുതി എം. കെ. അർജുനൻ ഈണം നൽകിയ ‘ശാന്തരാത്രി… തിരുരാത്രി…’ അതിൽ ഉണ്ണി പിറന്നത് ശാന്തമായ രാത്രിയിലാണെന്നു കവി പാടുന്നു.

“ശാന്തരാത്രി തിരുരാത്രി
പുൽകുടിലിൽ പൂത്തൊരു രാത്രി
വിണ്ണിലെ താരക ദൂതരിറങ്ങിയ
മണ്ണിൻ സമാധാനരാത്രി…”

പ്രകൃതിയുടെ ശാന്തമായ മടിത്തട്ടിലേക്കു പിറന്നുവീണ ദൈവകുമരൻ നമ്മോടു പറയുന്നത് മറ്റൊന്നുമല്ല, ഞാൻ നൽകുന്ന ശാന്തത അനുഭവിക്കുക എന്നാണ് .നമുക്കുവേണ്ടിയുള്ള ദൈവത്തിന്റെ സമ്മാനമാണ് ഈശോ. നാം അവിടുത്തെ ശാന്തത സ്വാഗതം ചെയ്യുന്നുവെങ്കിൽ നമുക്കും മറ്റുള്ളവരോട് ശാന്തമായി പെരുമാറിക്കൊണ്ട് ദൈവത്തിന്റെതന്നെ ഭാഗമായി മാറാം.

ഉണ്ണീശോയേ, നീ നൽകുന്ന ശാന്തത സ്വീകരിക്കാൻ എന്നെ പഠിപ്പിക്കണമേ.

സി. റെറ്റി ജോസ് FCC

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.