“നിങ്ങളെ പീഡിപ്പിക്കുന്നവരെ അനുഗ്രഹിക്കുവിന്‍; അനുഗ്രഹിക്കുകയല്ലാതെ ശപിക്കരുത്” (റോമാ 12:14).
ജനിച്ചിട്ട് ഏതാനും നിമിഷം മാത്രമായ ഒരു കുഞ്ഞിനെയുംകൊണ്ട് ഒരു അമ്മ വി. ഫ്രാൻസിസ് അസീസിയുടെ അടുത്തുവന്നു പറഞ്ഞു: “എന്റെ കുഞ്ഞിനെ രക്ഷിക്കണം.” വി. ഫ്രാൻസിസ് പറഞ്ഞു: “ബോനെ വെഞ്ചുരെ – നിനക്ക് നന്മ വരട്ടെ.” പിന്നീട് ആ കുഞ്ഞ് വളർന്ന് വലിയ ഒരു ദൈവശാസ്ത്രജ്ഞനും ഫ്രാൻസിസ്കൻ സന്യാസ സമൂഹത്തിന്റെ ഏഴാമത്തെ മിനിസ്റ്റർ ജനറലും മെത്രാനും കർദിനാളും വിശുദ്ധനും ദൈവദൂതനെപ്പോലെയുള്ള വേദപാരംഗതനുമായി. വി. ബൊനവെഞ്ചർ ആയിരുന്നു ഫ്രാൻസിസിന്റെ അനുഗ്രഹം ഏറ്റുവാങ്ങിയ ആ കൈക്കുഞ്ഞ്.
നമ്മുടെ വാക്കുകളും മറ്റുള്ളവർക്ക് അനുഗ്രഹത്തിന്റെ വാക്കുകളാകട്ടെ. മരിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും പാദുവായിലെ വി. അന്തോണീസിന്റെ സ്വനപേടകവും കുറുനാവും നാവും അഴുകിയിട്ടില്ലെന്ന് ചരിത്രം പറയുന്നു. എന്തുകൊണ്ടായിരിക്കാം ഇപ്രകാരം ഇരിക്കുന്നത്. എപ്പോഴൊക്കെ നാവ് തുറന്നുവോ അപ്പോഴൊക്കെ ആ നാവിൽനിന്നു വന്നത് അനുഗ്രഹത്തിന്റെ വാക്കുകളായിരുന്നു. ജെറമിയ പ്രവാചകന്റെ പുസ്തകത്തിലെ “വിലകെട്ടവ പറയാതെ സദ്വവചനങ്ങൾ മാത്രം പറഞ്ഞാൽ നീ എന്റെ നാവു പോലെ ആകും”(ജെറ. 15:19 ) എന്ന വചനം അന്തോണീസിന്റെ കാര്യത്തിൽ യാഥാർഥ്യമായി എന്നു കാണാം.
മനുഷ്യൻ ഏറ്റവുമധികം ആവശ്യപ്പെടുന്ന കാര്യം അനുഗ്രഹമാണ്. ദൈവവിശ്വാസിയുടെ അമൂല്യമായ പദമാണിത്. ഒന്നുമറിയാത്തപ്പോഴും എല്ലാം ആഗ്രഹിക്കുമ്പോഴും അവൻ ചോദിക്കുന്ന പദം അനുഗ്രഹമാണ്. അനുഗ്രഹം നൽകാനാണ് ദൈവം ദൈവമായിരിക്കുക. ഈശോയുടെ മനുഷ്യവതാരം ദൈവത്തിന്റെ അനുഗ്രഹം മനുഷ്യരോടൊത്തു വസിച്ചതിന്റെ സജീവമായ ഓർമപ്പെടുത്തലാണ്. ജീവിതത്തിന്റെ ആരംഭം മുതൽ ഈശോ അനുഗ്രഹസ്രോതസ്സായി. ഈശോയോടു ചേർന്നുനിന്ന് മറ്റുള്ളവർക്ക അനുഗ്രഹമാവുക എന്നതാണ് നമ്മുടെ വിളിയും ദൗത്യവും.
ക്രിസ്തുമസ് ആഗതമാവുകയാണ്. മരങ്ങളും അലങ്കാരങ്ങളും എങ്ങും കാണപ്പെടുന്ന പ്രകാശദീപങ്ങളും ഈ വർഷവും ക്രിസ്തുമസ് ആഘോഷം ഉണ്ടെന്ന് നമ്മെ അനുസ്മരിപ്പിക്കുന്നു. എന്നാൽ, ദൈവം ഇഷ്ടപ്പെടുന്ന ആഘോഷം ഇതാണോ? എന്താണ് അവിടുന്ന് ഇഷ്ടപ്പെടുന്ന ക്രിസ്തുമസ്? കൂടെ ജീവിക്കുന്നവർക്ക് ഒരു അനുഗ്രഹമായി മാറുക എന്നതല്ലേ നമ്മുടെ സവിശേഷമായ വിളി.
ഉണ്ണീശോയേ, എന്റെ ജീവിതത്തെ അനുഗ്രഹമാക്കിത്തീർക്കേണമേ.
സി. റെറ്റി ജോസ് FCC