ഉണ്ണീശോയെ ഹൃദയത്തിൽ സ്വീകരിക്കാൻ ആഗമനകാലത്ത് സ്വന്തമാക്കേണ്ട 25 സുകൃതങ്ങൾ. സ്വർഗം നൽകുന്ന പുണ്യങ്ങൾ സ്വന്തമാക്കാൻ ഈ ദിനങ്ങളിൽ നമുക്ക് പരിശ്രമിക്കാം.
സ്നേഹമാണ് സർവോത്കൃഷ്ടം (1കൊറി 13:13). ദൈവം തന്റെ ഏകപുത്രനെ നൽകിയത് നമ്മോടുള്ള സ്നേഹംകൊണ്ടു മാത്രമാണ്. സ്നേഹം ദൈവത്തിന്റെ സമ്മാനമാണ്. അത് മറ്റുള്ളവരുമായി പങ്കിടണം. ‘സുവിശേഷത്തിന്റെ സന്തോഷം’ എന്ന അപ്പസ്തോലിക ഉപദേശത്തിൽ ഫ്രാൻസിസ് മാർപാപ്പ പറയുന്നു: “യാഥാർഥ്യത്തെ പരിവർത്തനം ചെയ്യുന്നതിനുള്ള ഏറ്റവും വലിയ ശക്തി സ്നേഹമാണ്.” വി. ആഗസ്തീനോസിന്റെ അഭിപ്രായത്തിൽ, പ്രപഞ്ചത്തെ ചലിപ്പിക്കുന്ന ഒരു ശക്തിയാണ് സ്നേഹം.
കൽക്കട്ടയിലെ പാവങ്ങളുടെ അമ്മയായിരുന്ന വി. മദർ തെരേസ എല്ലാ ചോദ്യങ്ങളുടെയും ഉത്തരമായിട്ടാണ് സ്നേഹത്തെ മനസ്സിലാക്കുന്നത്. കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥത്തിന്റെ വീക്ഷണത്തിൽ, സ്നേഹം സന്തോഷത്തിന്റെ ഉറവിടവും ബന്ധങ്ങളുടെ അടിസ്ഥാനവും വിശുദ്ധയിലേക്കുള്ള പാതയും ദൈവത്തിന്റെ സ്വഭാവത്തിന്റെ പ്രതിഫലനവുമാണ്. ഈ സ്നേഹമാണ് മാംസം ധരിച്ചത്. സ്നേഹം തന്നെയായ ദൈവത്തിന്റെ പുത്രൻ എല്ലാവരിലും തന്റെ പരിശുദ്ധ സ്നേഹത്തിന്റെ തീജ്വാല ഈ ഭൂമിയിൽ കത്തിക്കാനായി സ്വർഗം ചായിച്ച് പരിശുദ്ധ അമ്മയുടെ ഉദരത്തിൽ ഇറങ്ങിവന്നു.
തിരുപ്പിറവിക്കായി നമ്മൾ ഒരുങ്ങുമ്പോൾ അപരനെ സ്നേഹത്തിന്റെ തീജ്വാല കൊണ്ട് ജ്വലിപ്പിക്കാവാൻ നമുക്കാകണം. നമ്മുടെ സാന്നിധ്യം കൊണ്ട്, സ്നേഹപ്രവർത്തികൾ കൊണ്ട്, നന്മയുടെ ഉപകരണങ്ങളായിക്കൊണ്ട്, അപരന്റെ ഹൃദയത്തെ ജ്വലിപ്പിക്കുന്ന സ്നേഹത്തിന്റെ പൊരിയായി നമുക്കു മാറാം.
ഉണ്ണീശോയെ, സ്നേഹത്തിന്റെ ഒരു ഉപകരണമാക്കി എന്നെ മാറ്റേണമേ.
സി. റെറ്റി ജോസ് FCC