
കുട്ടികളുടെ വികൃതികളും അനുസരണ ഇല്ലായ്മയും പലപ്പോഴും മാതാപിതാക്കളെ പ്രതിസന്ധിയിലാഴ്ത്താറുണ്ട്. പല സാഹചര്യങ്ങളിലും നിയന്ത്രിക്കാൻ കഴിയാത്ത ദേഷ്യത്തിലേക്ക് മാതാപിതാക്കളെ കൊണ്ടെത്തിക്കുന്നതിന് ഇത് കാരണമാകുന്നു. ഇക്കാരണം കൊണ്ടു തന്നെ കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നതിലേക്കും അവര്‍ക്ക് മാരകമായ പരിക്കേല്‍ക്കുന്നതിലേക്കും അവ നയിക്കുന്നു.
എന്തുകൊണ്ടാണ് കുട്ടികൾക്കു നേരെ മാതാപിതാക്കൾ ദേഷ്യപ്പെടുന്നത്? കുഞ്ഞുങ്ങളുടെ നേരെയുള്ള ദേഷ്യത്തെ എങ്ങനെ നിയന്ത്രിക്കാം? തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഏതാനും ചില ഉത്തരങ്ങൾ ഇതാ…
എന്തുകൊണ്ടാണ് കുഞ്ഞുങ്ങളോടുള്ള നമ്മുടെ ദേഷ്യം കൂടുന്നത്?
പല തരത്തിലുള്ള സമ്മർദ്ദങ്ങൾക്കു മുകളിലാണ് നാം ജീവിക്കുന്നത്. വീട്ടിലെയും ജോലിസ്ഥലത്തെയും സമ്മർദ്ദങ്ങൾ, ആരോഗ്യപ്രശ്നങ്ങൾ, സാമ്പത്തികമായ പ്രശ്നങ്ങൾ എന്നിങ്ങനെ അനേകം കാര്യങ്ങളിൽ തലപുകഞ്ഞു നിൽക്കുന്നതിനിടയിലേക്കാണ് കുട്ടികൾ വരുന്നത്. അവരുടെ വികൃതികളും വഴക്കുകളും ബഹളങ്ങളും ഒക്കെ കൂടിയാകുമ്പോൾ പൊട്ടിത്തെറിക്കുന്ന ഒരു അവസ്ഥയിലേക്ക് മാതാപിതാക്കൾ എത്തുന്നു. ഇതാണ് പലപ്പോഴും സംഭവിക്കുക.
കുട്ടികളോടുള്ള ദേഷ്യം/ അരിശം ഇത് അവരുടെ പ്രവൃത്തികൾ കൊണ്ടുമാത്രം ഉണ്ടാകുന്നതല്ല. കലുഷിതമായ നമ്മുടെ മനസിന്റെ അവസ്ഥയും കൂടി അതിന് കാരണമാകുന്നുണ്ട് എന്ന് മനസ്സിലാക്കുകയാണ് ആദ്യം വേണ്ടത്. കുഞ്ഞുങ്ങളോടുള്ള സമീപനം മയമുള്ളതാവണമെങ്കിൽ ആദ്യം നിങ്ങൾ ഒരു മാതാവും പിതാവും ആണെന്ന സത്യം അംഗീകരിക്കണം. കുഞ്ഞുങ്ങൾ അവർ ഓരോ കാര്യങ്ങളും പഠിച്ചെടുക്കാൻ താമസിക്കും. നിങ്ങൾ വിചാരിക്കുമ്പോൾ തന്നെ അവർ എല്ലാം ഒപ്പിയെടുക്കണം എന്ന് നിര്‍ബന്ധം പിടിക്കരുത്. അത് കുഞ്ഞുങ്ങളുടെ സ്വഭാവമാണെന്നും പ്രത്യേകതയാണെന്നും മനസ്സിലാക്കി അവർക്ക് ഒരു അപ്പന്റെ, അമ്മയുടെ സ്നേഹം നൽകി വളർത്തുമ്പോൾ അവർ കൂടുതൽ മികവുള്ളരായി വളരുകയും മാതാപിതാക്കൾ ശാന്തരാവുകയും ചെയ്യും. അതിനാൽ ശാന്തതയോടെ കുട്ടികളെ കൈകാര്യം ചെയ്യുക എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്.
മാതാപിതാക്കൾ ശാന്തരാകുമ്പോൾ കുട്ടികൾ മാത്രമല്ല, ഒരു കുടുംബം മുഴുവനും ശാന്തമാവുകയാണ് എന്ന് തിരിച്ചറിയണം. പലപ്പോഴും കുട്ടികൾ തങ്ങളുടെ കൈപ്പിടിക്കുള്ളിലാണ് അല്ലെങ്കിൽ ആകണം എന്ന വാശിയും കുട്ടികൾക്കു നേരെയുള്ള ദേഷ്യം വർദ്ധിക്കാൻ കാരണമാകുന്നു. ദേഷ്യം കാണിച്ചല്ല മറിച്ച്, കുട്ടികളെ സ്നേഹിച്ച് തങ്ങളിലേക്ക് അടുപ്പിച്ചുനിർത്തുകയാണ് ഉചിതമെന്ന് മനസ്സിലാക്കുക വളരെ പ്രധാനപ്പെട്ട മറ്റൊരു കാര്യമാണ്.
കുട്ടികൾക്കു നേരെയുള്ള ദേഷ്യത്തെ എങ്ങനെ നിയന്ത്രിക്കാം?
1. പ്രതിബന്ധത കൈവിടാതിരിക്കാം
കുട്ടി നിങ്ങളെ അനുസരിക്കാതിരിക്കുമ്പോള്‍ നിങ്ങള്‍ നിങ്ങളെത്തന്നെ നിയന്ത്രിക്കുക ആവശ്യമാണ്. ചിലരെ സംബന്ധിച്ചിടത്തോളം അതത്ര എളുപ്പമല്ല എങ്കിലും, നിങ്ങളുടെ ശാന്തത അത് കുടുംബത്തെ മുഴുവന്‍ സമാധാനത്തില്‍ കൊണ്ടുപോകാന്‍ സഹായിക്കുമെന്ന് തിരിച്ചറിയുക.
2. നിരാശരാകാതെ കുട്ടികളെ മനസ്സിലാക്കാം
നിങ്ങള്‍ പറയുന്ന കാര്യം കുട്ടി ഉടനെ ചെയ്തില്ലെങ്കില്‍ അത്, നിങ്ങളുടെ പ്രശ്നം കൊണ്ടാണെന്നു കരുതി നിരാശരാവരുത്. പലപ്പോഴും കുട്ടികള്‍ അനുസരിക്കാത്തത് മാതാപിതാക്കളുടെ കഴിവുകേട് കൊണ്ടാണെന്ന ചിന്ത ഉണ്ടാകാറുണ്ട്. എന്നാല്‍ അത് ശരിയല്ല. അത്തരം ചിന്തകള്‍ മാതാപിതാക്കളുടെ ആകുലത വര്‍ദ്ധിപ്പിക്കുന്നതിനു മാത്രമേ കാരണമാവുകയുള്ളൂ. കുഞ്ഞുങ്ങളെ അവരവരുടെ കാര്യങ്ങള്‍ സ്വയം ചെയ്യാന്‍ കഴിയുന്ന വിധത്തിലേക്ക് വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുക. സ്വയം പഴിക്കുന്നത് ഒഴിവാക്കുക.
3. കുഞ്ഞുങ്ങളുടെ വികൃതികള്‍ക്ക് ഉത്തരവാദികള്‍ മാതാപിതാക്കളല്ല
കുഞ്ഞുങ്ങളുടെ വികൃതികള്‍ക്കും വഴക്കുകള്‍ക്കും കാരണം മാതാപിതാക്കളല്ല എന്ന് തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. കുഞ്ഞുങ്ങള്‍ അവരുടെ രീതിയിലാണ് വളരുക. അവരുടെ വാശികളും വഴക്കുകയും ബഹളങ്ങളും ബാല്യത്തിന്റെ പ്രത്യേകതകളാണ്. അവര്‍ മുതിര്‍ന്നവരെപ്പോലെ പെരുമാറണം എന്നു പറഞ്ഞാല്‍ നടക്കുന്ന കാര്യമല്ല. അത് മാതാപിതാക്കള്‍ ആദ്യം മനസ്സിലാക്കണം. കുഞ്ഞുങ്ങള്‍ എല്ലാവരും ഇങ്ങനെയാണ് എന്ന ചിന്ത മാതാപിതാക്കളെ ശാന്തരാക്കും. കുട്ടികളെ അവരുടെ വഴിക്ക് വിടുക. നിയന്ത്രണങ്ങളിലൂടെയും ദേഷ്യപ്പെടലുകളിലൂടെയും അവരെ നിയന്ത്രിക്കുന്നത്, കുട്ടികള്‍ നിങ്ങളെ വെറുക്കുന്നതിന് കാരണമാവുകയേ ഉള്ളൂ.
4. ടെന്‍ഷന്‍ കൂടുതലുള്ള സമയത്തെ കൃത്യമായി കൈകാര്യം ചെയ്യാം
രാവിലത്തെയും വൈകുന്നേരത്തെയും സമയം മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം ഏറ്റവും ടെന്‍ഷന്‍ നിറഞ്ഞ സമയമാണ്. കുട്ടികളെ സ്കൂളില്‍ വിടുന്നതിന്റെയും ഓഫീസിൽ പോകാനുള്ള തയ്യാറെടുപ്പുകളുടെയും മറ്റും സമയം. ഈ സമയം തന്നെയാണ് കുട്ടികളുടെ വാശികളും നിർബന്ധങ്ങളും മാതാപിതാക്കളെ ചൊടിപ്പിക്കാന്‍ കൂടുതല്‍ സാധ്യതയുള്ളതും. അതിനാല്‍ ഈ സമയത്തെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് തീരുമാനിക്കുക.
തിരക്കുകള്‍ കൂടുതലുള്ള സമയം ശാന്തമായി കാര്യങ്ങള്‍ ചെയ്യാന്‍ പലപ്പോഴും കഴിയാതെ വരുന്നു. അതിനാല്‍ തന്നെ ഈ സമയങ്ങളില്‍ കുട്ടികളുടെ അടുത്ത് ദേഷ്യപ്പെടില്ല എന്നു തീരുമാനിക്കാം.
5. മുന്‍പ് ദേഷ്യം വരുമ്പോള്‍ നിയന്ത്രിച്ചിരുന്നത് എങ്ങനെയെന്ന് ആലോചിക്കാം
കുഞ്ഞുങ്ങളൊക്കെ ആകുന്നതിനു മുന്‍പ് സങ്കീര്‍ണ്ണമായ അവസ്ഥകളിലൂടെ കടന്നുപോയിരുന്ന സമയത്ത് വികാരങ്ങളെ എങ്ങനെയായിരുന്നു നാം നിയന്ത്രിച്ചിരുന്നത് എന്നു ചിന്തിക്കാം. ആ മാര്‍ഗ്ഗങ്ങള്‍ പ്രാവര്‍ത്തികമാക്കാം. ഒരു ദീര്‍ഘശ്വാസം എടുക്കാം. ഇടയ്ക്ക് നടക്കാനും ഒക്കെയായി പുറത്തുപോകാം. അപ്പോള്‍ നാം കുറച്ച് ശാന്തമാകും. കുട്ടികളുടെ നേരെ അകാരണമായി ദേഷ്യപ്പെടുന്നതും അവരെ ഉപദ്രവിക്കുന്നതും അവരുടെ ഉള്ളില്‍ മാരകമായ മുറിവുകള്‍ ഉണ്ടാക്കുന്നുണ്ട് എന്ന് മറക്കാതിരിക്കാം.
6. ചില കാര്യങ്ങള്‍ മനസ്സില്‍ സൂക്ഷിക്കാം
ഞാന്‍ ദേഷ്യപ്പെട്ടതുകൊണ്ട് എന്താണ് പ്രയോജനം? ഇപ്പോള്‍ വേണ്ട, നിര്‍ത്തുക തുടങ്ങിയ കാര്യങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുക. ദേഷ്യപ്പെട്ടതുകൊണ്ട് എന്താണ് പ്രയോജനം എന്നും കുഞ്ഞുങ്ങളെ പറഞ്ഞു മനസ്സിലാക്കുകയാണ് നല്ലതെന്നും എപ്പോഴും ചിന്തിക്കുന്നത് നല്ലതാണ്. വാക്കും പ്രവര്‍ത്തിയും തമ്മില്‍ ധാരാളം വ്യത്യാസമുണ്ടെന്ന് മനസ്സിലാക്കണം.
അമിതമായ ദേഷ്യം വരുമ്പോള്‍ ഒരു ദീര്‍ഘശ്വാസം എടുക്കുക. താന്‍ എന്താണ് ചെയ്യുന്നതെന്ന് ആലോചിക്കുക. കുട്ടിക്കാലത്ത് നാമും ഇതുപോലെ ആയിരുന്നെന്നും നമ്മുടെ മാതാപിതാക്കളുടെ സ്നേഹത്തെക്കുറിച്ചും ആലോചിക്കുക. സാവധാനം ശ്വാസം വിടുക. ഇങ്ങനെ മൂന്നു-നാല് പ്രാവശ്യം ചെയ്യുമ്പോള്‍ മനസ്സ് ശാന്തമാകും.
7. നിങ്ങളുടെ കുട്ടികള്‍ നിങ്ങള്‍ക്ക് എങ്ങനെ ആകണം എന്ന് തീരുമാനിക്കുക
നിങ്ങളുടെ കുട്ടികള്‍ നിങ്ങളെ പേടിയോടെ കാണണോ, അതോ ഒരു സുഹൃത്തിനെപ്പോലെ കാണണോ എന്ന് തീരുമാനിക്കേണ്ടതും അതിനനുസരിച്ച് അവരെ വളര്‍ത്തേണ്ടതും മാതാപിതാക്കള്‍ തന്നെയാണ്. കുഞ്ഞുങ്ങള്‍ മാതാപിതാക്കളെ സുഹൃത്തുകളെപ്പോലെ കാണണമെങ്കില്‍ അവര്‍ക്ക് ആവശ്യമായ സ്വാതന്ത്ര്യവും സ്നേഹപൂര്‍വ്വമായ തിരുത്തലുകളും പ്രായത്തിനനുസരിച്ചു നല്‍കണം. കുഞ്ഞുങ്ങളുടെ അടുത്ത് ദേഷ്യപ്പെടാം; മയത്തില്‍. ഒപ്പം എന്തിനാണ് ദേഷ്യപ്പെട്ടതെന്നും ശിക്ഷിച്ചതെന്നും പറഞ്ഞു മനസ്സിലാക്കി കൊടുക്കണം. അപ്പോള്‍ കുഞ്ഞുങ്ങള്‍ നിങ്ങളെ സ്നേഹിക്കും. കുടുംബം സ്നേഹമുള്ള ഒരു കുടുംബമായി മാറും.
മരിയ ജോസ്