
അടുത്തിടെ കുപ്പിവെള്ളത്തെക്കുറിച്ചു നടത്തിയ ഒരു പഠനത്തിലെ കണ്ടെത്തൽ ഏറെ ഞെട്ടിപ്പിക്കുന്നതാണ്. 10 പ്രധാന ബ്രാൻഡുകളുടെ കുപ്പിവെള്ളങ്ങളിൽ നടത്തിയ പഠനമനുസരിച്ച്, അവയിൽ പ്ലാസ്റ്റിക് മൈക്രോബീഡുകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഒരു ലിറ്റർ വെള്ളത്തിൽ ശരാശരി മൂന്നുമുതൽ പത്തുവരെ മൈക്രോബീഡുകൾ ഉണ്ടെന്നാണ് പഠന റിപ്പോർട്ടുകൾ. നാരുകൾ, ശകലങ്ങൾ, ഫിലിമുകൾ, പെല്ലറ്റുകൾ എന്നിവയുൾപ്പെടെ വ്യത്യസ്ത തരം പ്ലാസ്റ്റിക്കുകളാണ് ഇവയിൽ കണ്ടെത്തിയിരിക്കുന്നത്. ഡാറ്റ അനുസരിച്ച്, കുപ്പിവെള്ളത്തിലൂടെ പ്രതിവർഷം ശരാശരി 153.3 പ്ലാസ്റ്റിക് കണികകൾ ഒരു ഉപഭോക്താവിന്റെ ശരീരത്തിൽ പ്രവേശിക്കുന്നുണ്ട്.
കേരളത്തിൽ വിൽക്കുന്ന കുപ്പിവെള്ളത്തെക്കുറിച്ചുള്ള ഈ പഠനം അന്താരാഷ്ട്ര ശാസ്ത്ര ജേണലായ സ്പ്രിംഗർ നേച്ചറിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാമ്പിളുകളിൽ എട്ട് വ്യത്യസ്ത തരം പോളിമർ കണികകളുടെ സാന്നിധ്യം സ്ഥിരീകരിച്ചു. അതിൽ ഏറ്റവും സാധാരണമായത് നാരുകളാണ്. അവ 58.928 % വരും. മൊത്തം എണ്ണത്തിന്റെ ഏകദേശം 35.714 ശതമാനവും ചുവപ്പുനിറമണ്. സാമ്പിളുകളിൽ കാണപ്പെടുന്ന നാരുകൾ സംസ്കരിക്കാത്ത ജലസ്രോതസ്സുകളിൽ നിന്നായിരിക്കാമെന്ന് പഠനം പറയുന്നു. മറ്റുള്ളവ ജലശുദ്ധീകരണത്തിൽ ഉപയോഗിക്കുന്ന ഘടകങ്ങളിൽ നിന്നോ, പാക്കേജിംഗിനായി ഉപയോഗിക്കുന്ന കുപ്പികളിൽ നിന്നോ കലർന്നതാകാം.
മണ്ണ്, വെള്ളം, ഭക്ഷണം, വായു എന്നിവയിലും മനുഷ്യശരീരം ഉൾപ്പെടെയുള്ള മറ്റു ജീവജാലങ്ങളിലും മൈക്രോപ്ലാസ്റ്റിക് കണികകൾ കണ്ടെത്തിയിട്ടുണ്ട്. ശരാശരി 240 കണികകൾപോലും മനുഷ്യർ ദിവസവും ശ്വസിക്കുന്നുണ്ടെന്ന് പഠനം സൂചിപ്പിക്കുന്നു. കുപ്പിവെള്ളം ഉൽപാദിപ്പിക്കുമ്പോൾ മികച്ച ഗുണനിലവാരം പാലിക്കേണ്ടതിനെക്കുറിച്ചും ഗവേഷണം എടുത്തുകാണിക്കുന്നു. ഈ പ്രശ്നങ്ങൾ പരിഹരിക്കാനായി വ്യക്തികൾ, വ്യവസായങ്ങൾ, നയരൂപകർത്താക്കൾ എന്നിവർ തമ്മിലുള്ള സംയുക്തമായ ശ്രമം നടത്തേണ്ടത് പ്രധാനമാണെന്ന് പഠനങ്ങളിൽ ഊന്നിപ്പറയുന്നു.
പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കേണ്ടതിന്റെ മാത്രമല്ല, ഉപയോഗത്തിനുശേഷം അവ ശാസ്ത്രീയമായി സംസ്കരിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും ചെറുതല്ല. ഉത്തരവാദിത്വമുള്ള പ്ലാസ്റ്റിക് ഉപയോഗത്തിന്റെയും ഉപയോഗശേഷം ശരിയായ പുനരുപയോഗത്തിന്റെയും പ്രാധാന്യമാണ് ഗവേഷണം അടിവരയിടുന്നതെന്ന്, പഠനത്തിന് നേതൃത്വം നൽകിയ കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിലെ സുവോളജി വിഭാഗം മേധാവി പ്രൊഫസർ ഡോ. പി ജെ സാർലീൻ ചൂണ്ടിക്കാട്ടി.