പാലാ രൂപതയിലെ രാമപുരം ഇടവകയിൽപെട്ട തേവർപറമ്പിൽ തറവാട്ടിൽ 1891 ഏപ്രിൽ ഒന്നിനാണ് കുഞ്ഞച്ചൻ ജനിച്ചത്. കുഞ്ഞച്ചന്റെ ഗുരുപ്പട്ട സ്വീകരണം 1921 ഡിസംബർ 17-ന് വരാപ്പുഴ പുത്തൻപള്ളി സെമിനാരിയിൽ വച്ചായിരുന്നു. കുഞ്ഞച്ചനെ സെമിനാരിയിൽ സ്വീകരിച്ചതും ഒൻപതു വർഷങ്ങൾക്കുശേഷം വൈദികപട്ടം നൽകിയതും ചങ്ങനാശേരി മെത്രാനും ഇപ്പോൾ ദൈവദാസനുമായ മാർ തോമസ് കുര്യാളശേരി ആയിരുന്നു. അഞ്ചടിയിൽ താഴെമാത്രം ഉയരമുണ്ടായിരുന്ന കൊച്ചച്ചനെ ആദ്യംമുതൽത്തന്നെ എല്ലാവരും കുഞ്ഞച്ചൻ എന്ന് വിളിച്ചുപോന്നു.
പ്രഥമ ബലിയർപ്പണത്തിനുശേഷം കുഞ്ഞച്ചൻ ഒരു വർഷത്തോളം സ്വന്തം ഇടവകയിൽത്തന്നെ താമസിച്ച് മറ്റു മുതിർന്ന വൈദികരിൽനിന്ന് പരിശീലനം നേടി. സമീപ ഇടവകയായ കടനാട് പള്ളിയിൽ അസിസ്റ്റന്റ് ആയിട്ടായിരുന്നു ആദ്യത്തെ നിയമനം. കടനാട് പള്ളിയുടെ കീഴിലായിരുന്ന മാനത്തൂർ പള്ളിയുടെ ചുമതലയാണ് കുഞ്ഞച്ചനെ ഏല്പിച്ചിരുന്നത്. സ്ഥലവാസിയായ ഒരാളുടെ ഇഞ്ചിക്കൃഷി, പുഴുവിന്റെ ശല്യംമൂലം നശിച്ചുകൊണ്ടിരുന്ന അവസരത്തിൽ കൊച്ചച്ചന്റെ പ്രാർഥനയും ഹന്നാൻ വെള്ളം തളിക്കലുംവഴി കീടബാധയിൽ നിന്നും മോചിക്കപ്പെട്ടു. ആ കൃഷിക്കാരൻ തന്നെ ഇത് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കടനാട്ടിൽവച്ച് രോഗബാധിതനായിത്തീർന്നതിനാൽ, വിശ്രമാർഥം അച്ചൻ രാമപുരത്തിന് തിരിച്ചുപോരേണ്ടിവന്നു.
അങ്ങനെയിരിക്കെയാണ് 1926-ന്റെ ആദ്യപാദത്തിൽ ഒരു പുതിയ പ്രവർത്തനമേഖല അച്ചന്റെ ശ്രദ്ധയിൽപ്പെട്ടത്. അതുവരെ ആരുംതന്നെ പരിഗണിക്കാതിരുന്ന ഒരുവിഭാഗം ആളുകൾ തന്റെ ചുറ്റിലുമുണ്ടെന്ന് അദ്ദേഹം മനസ്സിലാക്കി. സമൂഹത്തിന്റെ ഏറ്റവും താഴേത്തട്ടിൽ കഴിഞ്ഞിരുന്ന ദളിത് സഹോദരങ്ങളുടെ സർവതോന്മുഖമായ ഉന്നമനത്തിനുവേണ്ടിയായിരുന്നു പിന്നീടുള്ള കുഞ്ഞച്ചന്റെ ജീവിതം.
ഇടവക വികാരിയുടെ അംഗീകാരത്തോടെ ആരംഭിച്ച ആ പ്രേഷിതപ്രവർത്തനം തീക്ഷ്ണതയോടെ അദ്ദേഹം മുന്നോട്ടുകൊണ്ടുപോയി. ഇപ്രകാരം സ്വയം ഏറ്റെടുത്ത ജോലിക്ക് ചങ്ങനാശേരി – പാലാ മെത്രാന്മാർ ആശീർവാദവും പ്രോത്സാഹനവും നൽകി. ഏതെങ്കിലും പള്ളിയിൽ വികാരിയായി ശുശ്രൂഷ ചെയ്യുന്നതിനെപ്പറ്റി പിന്നീടൊരിക്കൽ രൂപതാധ്യക്ഷൻ സൂചിപ്പിച്ചപ്പോൾ, പാവങ്ങളുടെ ഇടയിലുള്ള മിഷൻപ്രവർത്തനം തുടരാൻ അനുവദിക്കണമെന്ന് അച്ചൻ അഭ്യർഥിക്കുകയാണ് ചെയ്തത്. അതിനാൽ ഒരിക്കൽപ്പോലും കുഞ്ഞച്ചൻ ഒരു വികാരിയായിട്ടില്ല.
കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തിൽ ‘ദളിതർ’ അക്ഷരാർഥത്തിൽത്തന്നെ അടിച്ചമർത്തപ്പെട്ടവരായിരുന്നു. സവര്‍ണ്ണരായ ഹൈന്ദവർ മാത്രമല്ല, പുരാതന ക്രൈസ്തവർപോലും ഈ സാധുക്കൾക്ക് തക്കതായ പരിഗണന നൽകിയിരുന്നില്ല. തീണ്ടൽ, തൊടീൽ തുടങ്ങിയ ദുരാചാരങ്ങൾമൂലം അകറ്റിനിർത്തപ്പെട്ട അവരുടെ ഇടയിലേക്ക് അച്ചൻ ഇറങ്ങിച്ചെന്നു.
വിശാലമായ രാമപുരം ഇടവക മാത്രമല്ല, സമീപപ്രദേശങ്ങളായ വെളിയന്നൂർ, ഉഴവൂർ, ചക്കാമ്പുഴ, പിഴക്, ഏഴാച്ചേരി, കുറിഞ്ഞി, കൊങ്ങാട് തുടങ്ങി ദളിത് ജനങ്ങൾ എവിടെയെല്ലാം വസിച്ചിരുന്നുവോ അവിടെയെല്ലാം അച്ചൻ പോയി. രാവിലെ പള്ളിയിൽനിന്നു പുറപ്പെടുമ്പോൾ ളോഹയുടെ പോക്കറ്റിൽ കരുതിയിരുന്ന ഒരു ഏത്തക്കായോ, മുട്ട പുഴുങ്ങിയതോ ആയിരുന്നു ഉച്ചഭക്ഷണം. പലപ്പോഴും പണിസ്ഥലത്ത് ചെന്നാണ് അച്ചൻ അവരെ കണ്ടിരുന്നത്. പള്ളിയിൽ വരാൻ അച്ചൻ അവരെ ക്ഷണിക്കും. നാലു ദശാബ്ദത്തിലേറെക്കാലം അച്ചൻ ഇപ്രകാരം പ്രവർത്തിച്ചു. അങ്ങനെ ‘ദളിത’രുടെ ഇടയിൽ ഒരു വലിയ മിഷനറിയായിത്തീർന്നു കുഞ്ഞച്ചൻ. ‘എന്റെ മക്കൾ’ എന്നാണ് അവരെപ്പറ്റി അച്ചൻ പറഞ്ഞിരുന്നത്. അവർക്കാകട്ടെ അച്ചൻ ‘ഏങ്കള്‌ടെ അച്ചനും.’
1926-ൽ അച്ചൻ മിഷനറി പ്രവർത്തനം ആരംഭിച്ചപ്പോൾ ഇരുനൂറിൽ താഴെ ദളിതർ മാത്രമേ ക്രൈസ്തവരായുണ്ടായിരുന്നുള്ളൂ. എന്നാൽ, തന്റെ കഠിനാധ്വാനംവഴി അയ്യായിരത്തില്പരം ആളുകളെ സഭയിലേക്കു കൊണ്ടുവരാൻ അദ്ദേഹത്തിനു കഴിഞ്ഞു.
മറ്റെല്ലാവരേയുംകാൾ താൻ നിസാരനാണെന്നുള്ള എളിയ മനോഭാവത്തോടെ ജീവിതം നയിച്ച ഒരു സാധാരണ ഇടവക വൈദികനായിരുന്നു കുഞ്ഞച്ചൻ. രാമപുരം പള്ളിയിലെ മൂന്ന് അസിസ്റ്റന്റുമാരിൽ ഒരുവനായി അദ്ദേഹം സേവനം ചെയ്തു. 1926 മുതൽ 1973 വരെ നീണ്ട 47 വർഷങ്ങൾ. ഇടവക വൈദികരുടെ മധ്യസ്ഥനായ വി. ജോൺ വിയാനി, ഫ്രാൻസിൽ ആർസ് എന്ന ഗ്രാമീണദൈവാലയത്തിൽ ആജീവനാന്തം ജോലി ചെയ്തതുപോലെയായിരുന്നു കുഞ്ഞച്ചനും.
എന്നും വെളുപ്പിന് നാലുമണിയോടെ ഉണർന്നിരുന്ന അച്ചൻ, ദിവ്യകാരുണ്യ സന്നിധിയിൽ ദീർഘനേരം പ്രാർഥിച്ച് തന്നെത്തന്നെ സമർപ്പിച്ചതിനുശേഷമാണ് പരിശുദ്ധ കുർബാന അർപ്പിച്ചിരുന്നത്. കുമ്പസാരക്കൂട്ടിലിരുന്ന് പാവങ്ങളായ തന്റെ ‘മക്കളുടെ’ പാപങ്ങൾ ക്ഷമയോടെ കേട്ട് അവർക്ക് മോചനം നൽകി. ദൈവാലയത്തിൽനിന്നും സ്വന്തം മുറിയിലെത്തുന്ന കുഞ്ഞച്ചന്റെ ചുറ്റും ആ പാവങ്ങൾ ഓടിക്കൂടും. ഓരോരുത്തരോടും ആ നല്ല ഇടയൻ ശാന്തമായി, അടക്കിയ സ്വരത്തിൽ സംസാരിക്കും. അവരുടെ പ്രശ്നങ്ങൾക്ക് തക്കതായ പരിഹാരവും നിർദേശിക്കുമായിരുന്നു.
ലളിതമായിരുന്നു കുഞ്ഞച്ചന്റെ ജീവിതം. അദ്ദേഹത്തിന്റെ മുറിയിലെ ഉപകരണങ്ങളിൽനിന്ന് അത് വ്യക്തമാണ്. സ്വന്തമായി ഒരു പെട്ടിയോ, അലമാരിയോ അച്ചനുണ്ടായിരുന്നില്ല. വസ്ത്രങ്ങളും മറ്റും ഒരു തുണിയിൽ പൊതിഞ്ഞുകെട്ടി, ചൂരൽകെട്ട് പറിഞ്ഞുപോയ ഒരു പഴയ കസേരയിലാണ് വച്ചിരുന്നത്. സാധുക്കൾക്കുവേണ്ടി ജീവിച്ച അച്ചന് മരണാനന്തരവും അവരുടെകൂടെ കഴിയാനായിരുന്നു താല്പര്യം. ഞാൻ അവശ കത്തോലിക്കരുടെ കൂടെയാണ് കഴിഞ്ഞുകൂടിയത്. മരണശേഷവും അവരുടെ കൂടെത്തന്നെ കഴിയണമെന്നാണ് എന്റെ ആഗ്രഹം. അതിനാൽ അവശ കത്തോലിക്കാപൈതങ്ങളുടെ മൃതസംസ്കാരം നടത്തുന്നിടത്ത് എന്റെ മൃതശരീരവും അടക്കേണ്ടതാണെന്ന് വിൽപത്രത്തിൽ കുഞ്ഞച്ചൻ എഴുതിയിരുന്നു. മരണവാർത്ത, പത്രത്തിൽ പരസ്യം ചെയ്യേണ്ടതില്ലെന്നുകൂടി അച്ചൻ കൂട്ടിച്ചേർത്തു. ഇത്രമാത്രം അജ്ഞാതനായി കഴിഞ്ഞുകൂടാൻ ആഗ്രഹിച്ച ആ വൈദികനെയാണ് ദൈവം ഉയർത്തി ഏവരുടെയും വണക്കത്തിനു യോഗ്യനാക്കിത്തീർത്തത്.
1973 ഒക്‌ടോബർ 16-ന് കുഞ്ഞച്ചൻ 82-ാമത്തെ വയസ്സിൽ നിത്യസമ്മാനത്തിനായി യാത്രയായി. ജീവിച്ചിരിക്കുമ്പോൾത്തന്നെ ഒരു വിശുദ്ധനായിട്ടാണ് സ്ഥലവാസികൾ അദ്ദേഹത്തെ കരുതിയിരുന്നത്. കബറടക്കം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കകംതന്നെ അച്ചന്റെ വിശുദ്ധി ഏവർക്കും ബോധ്യപ്പെടാൻ തുടങ്ങി. ശവകുടീരത്തിങ്കൽ തിരികത്തിക്കാനും അനുഗ്രഹങ്ങൾക്കായി പ്രാർഥിക്കാനും ആളുകൾ കൂട്ടംകൂട്ടമായി വന്നു. 1987 ആഗസ്റ്റ് 11-ന് കുഞ്ഞച്ചനെ വിശുദ്ധന്‍ എന്ന് നാമകരണം ചെയ്യുന്നതിനുള്ള നടപടികൾ ഔദ്യോഗികമായി ആരംഭിച്ചു.
ധന്യനായ കുഞ്ഞച്ചൻ വാഴ്ത്തപ്പെട്ടവനായി നാമകരണം ചെയ്യപ്പെടുന്നതിന് അച്ചന്റെ മാധ്യസ്ഥ്യംവഴി നടന്ന ഒരു സുഖപ്രാപ്തി അത്ഭുതകരമായി സംഭവിച്ചതാണെന്ന് അസന്നിഗ്ധമായി തെളിയിക്കപ്പെടേണ്ടിയിരുന്നു. ദൈവാനുഗ്രഹത്താൽ അടിമാലിയിൽ നടന്ന അത്ഭുതകരമായ ഒരു സുഖപ്രാപ്തി റിപ്പോർട്ട് ചെയ്യപ്പെട്ടു. വിജയപുരം രൂപതയിൽപെട്ട അടിമാലി സെന്റ് മാർട്ടിൻസ് ഇടവകക്കാരനായ ഗിൽസൺ വർഗീസ് എന്ന ബാലന്റെ വലത് കാൽപാദം ജന്മനാ വൈകല്യമുള്ളതായിരുന്നു. കുഞ്ഞച്ചനോട് പ്രാർഥിച്ചതിന്റെ ഫലമായി ഈ പാദം പെട്ടെന്ന് സാധാരണ പാദം പോലെയായിത്തീർന്നു.
ഈ സംഭവത്തെപ്പറ്റി രൂപതാതലത്തിൽ വളരെ വിശദമായി അന്വേഷണം നടത്തുകയും എല്ലാ രേഖകളും റിപ്പോർട്ടുകളും 1998 ഏപ്രിൽ മാസത്തിൽ റോമിനു സമർപ്പിക്കുകയും ചെയ്തു. റോമിലെ ഏഴ് ഡോക്ടർമാരുടെ സംഘവും ഏഴ് ദൈവശാസ്ത്രജ്ഞന്മാരുടെ സംഘവും തങ്ങളുടെ പഠനത്തിനുശേഷം പ്രസ്തുത സുഖപ്രാപ്തി, ഒരു അത്ഭുതമാണെന്ന് ഐകകണ്‌ഠ്യേന റിപ്പോർട്ട് ചെയ്തു. 2005 ജനുവരി 18-ന് കർദിനാളന്മാരുടെയും മെത്രാന്മാരുടെയും സംഘവും അതിന് അംഗീകാരം നൽകി.
പ്രസ്തുത സുഖപ്രാപ്തി അത്ഭുതകരമായ ഒരു സംഭവമാണെന്ന് ബനഡിക്ട് പതിനാറാമൻ മാർപാപ്പ 2005 ഡിസംബർ 19-ന് അംഗീകരിച്ചു. 2006 ഏപ്രിൽ 30-ന് ഞായറാഴ്ച രാമപുരം പള്ളിമൈതാനത്തുവച്ച് മേജർ ആർച്ചുബിഷപ്പ് കർദിനാൾ വർക്കി വിതയത്തിൽ ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ ഡിക്രി വായിച്ചുകൊണ്ട് ധന്യൻ കുഞ്ഞച്ചനെ വാഴ്ത്തപ്പെട്ടവനെന്നു പ്രഖ്യാപിച്ചു. എല്ലാവർഷവും കുഞ്ഞച്ചന്റെ സ്വർഗീയ ജന്മദിനമായ ഒക്‌ടോബർ 16-ന് തിരുനാൾ ആഘോഷിക്കാമെന്നും ഡിക്രിയിൽ വ്യവസ്ഥ ചെയ്തു. വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ സ്വർഗീയമാധ്യസ്ഥ്യംവഴി സംഭവിച്ച മറ്റൊരു സുഖപ്രാപ്തി അത്ഭുതമാണെന്ന് തിരുസഭ അംഗീകരിക്കുമ്പോൾ, അദ്ദേഹം വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുന്നതാണ്. ആ സുദിനത്തിനുവേണ്ടി കാത്തിരിക്കാം, പ്രാർഥിക്കാം.
ഫാ. ജോര്‍ജ്