
മുരിങ്ങ മരമില്ലാത്ത തൊടികളില്ല. എന്നാൽ അതിന്റെ ഗുണങ്ങൾ ഒരു പരിധിവരെയേ നാം മനസ്സിലാക്കിയിട്ടുള്ളൂതാനും. മുരിങ്ങയിൽ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. അതിന്റെ ഇലകളിൽ ഒരു വാഴപ്പഴത്തിന്റെ അത്രയും പൊട്ടാസ്യവും ഒരു ഓറഞ്ചിന്റെ അത്രയും വിറ്റാമിൻ സി യും ഉണ്ട്. ഇതിൽ കാൽസ്യം, പ്രോട്ടീൻ, ഇരുമ്പ്, അമിനോ ആസിഡുകൾ എന്നിവയും അടങ്ങിയിട്ടുണ്ട്. കൂടാതെ, ശരീരത്തെ സുഖപ്പെടുത്താനും പേശികളെ വളർച്ചയ്ക്കും ഇത് സഹായിക്കുന്നു.
പാശ്ചാത്യരാജ്യങ്ങളിൽ ‘സൂപ്പർഫുഡ്’ എന്നറിയപ്പെടുന്ന മുരിങ്ങ കഴിക്കുന്നത് പ്രതിരോധശേഷി വർധിപ്പിക്കാനും രക്തം ശുദ്ധീകരിക്കാനും ചർമ്മത്തെയും മുടിയെയും പോഷിപ്പിക്കാനും വൈജ്ഞാനിക പ്രവർത്തനം വർധിപ്പിക്കാനും കൂടാതെ, കാൻസർ പ്രതിരോധത്തിനും സഹായിക്കും.
കോശങ്ങളെ കേടുപാടുകളിൽനിന്നു സംരക്ഷിക്കാനും രോഗപ്രതിരോധശേഷി വർധിപ്പിക്കാനും കഴിയുന്ന ആന്റി ഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ് മുരിങ്ങയില. ഈ ആന്റി ഓക്‌സിഡന്റുകളിൽ ചിലത് രക്തസമ്മർദം കുറയ്ക്കാനും രക്തത്തിലെയും ശരീരത്തിലെയും കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും.
മുരിങ്ങയുടെ ഉപയോഗങ്ങൾ
മുരിങ്ങയിൽ കാണപ്പെടുന്ന ഇൻസുലിൻ പോലുള്ള പ്രോട്ടീനുകൾ രക്തത്തിലെ പഞ്ചസാര കുറയ്ക്കാൻ സഹായിക്കുമെന്ന് നിരവധി പഠനങ്ങൾ കാണിക്കുന്നു. ഇലകളിൽ കാണപ്പെടുന്ന സസ്യരാസവസ്തുക്കൾ ശരീരത്തിലെ പഞ്ചസാരയെ നന്നായി പ്രോസസ്സ് ചെയ്യാൻ സഹായിച്ചേക്കാം. കൂടാതെ, ശരീരം ഇൻസുലിൻ പുറത്തുവിടുന്ന രീതിയെ ഇത് ബാധിച്ചേക്കാം.
മുരിങ്ങയിലയുടെ സത്ത് പാൻക്രിയാറ്റിക് കാൻസർ കോശങ്ങളുടെ വളർച്ച മന്ദഗതിയിലാക്കുകയും കീമോതെറാപ്പി മികച്ച രീതിയിൽ പ്രവർത്തിക്കാൻ സഹായിക്കുകയും ചെയ്യുന്നതായി പഠനങ്ങളിൽ പറയുന്നു. മറ്റ് ലാബ് പഠനങ്ങൾ കാണിക്കുന്നത്, മുരിങ്ങയില, പുറംതൊലി, വേരുകൾ എന്നിവയ്‌ക്കെല്ലാം കാൻസർവിരുദ്ധ ഫലങ്ങളുണ്ടെന്നും അവ പുതിയ മരുന്നുകളുടെ വികസനത്തിന് കാരണമായേക്കാമെന്നുമാണ്.
ഗവേഷണപ്രകാരം, മുരിങ്ങ ചർമ്മത്തിലെ മുറിവുകൾ വേഗത്തിൽ ഉണങ്ങാൻ സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, വിറ്റാമിൻ സി യുടെ സാന്നിധ്യം മൂലം ഓക്സിഡേറ്റീവ് സമ്മർദം കുറയ്ക്കുന്നതിലൂടെ ഇത് സാധിച്ചേക്കാം.
പ്രതിരോധശേഷി വർധിപ്പിക്കുന്നു
മുരിങ്ങയിലെ ശക്തമായ ആന്റി ഓക്‌സിഡന്റ് പ്രതിരോധശേഷി വർധിപ്പിക്കുകയും ശരീരത്തെ രോഗങ്ങളെയും അണുബാധകളെയും ചെറുക്കാൻ സഹായിക്കുകയും ചെയ്യുന്നു. ക്വെർസെറ്റിൻ, ക്ലോറോജെനിക് ആസിഡ് തുടങ്ങിയ പ്രധാന പദാർഥങ്ങൾ ഫ്രീ റാഡിക്കലുകളെ നീക്കം ചെയ്തുകൊണ്ട് ഓക്‌സിഡേറ്റീവ് സമ്മർദം കുറയ്ക്കുന്നു.