ഒലിവ് മലയിലെ ‘ബസിലിക്ക ഓഫ് ആഗണി’

കിഴക്കൻ ജറുസലേമിലെ ഒലിവ് മലയിൽ ഗെത്സെമൻ പൂന്തോട്ടത്തിനടുത്തായി സ്ഥിതിചെയ്യുന്ന ഒരു റോമൻ കത്തോലിക്ക ദൈവാലയമാണ് ‘ബസിലിക്ക ഓഫ് ദ ആഗണി.’ ക്രിസ്തു രക്തം വിയർത്തു പ്രാർഥിച്ച സ്ഥലത്താണ് ഈ ദൈവാലയം. ‘ചർച്ച് ഓഫ് ഓൾ നേഷൻസ്’ എന്നും ഈ ദൈവാലയം അറിയപ്പെടുന്നു. പടയാളികൾ വന്ന് ബന്ധനസ്ഥനാക്കുന്നതിനുമുമ്പ് യേശു പ്രാർഥിച്ചത് ഇവിടെയായിരുന്നു (മർക്കോ. 14: 32-42).

മുമ്പുണ്ടായിരുന്ന രണ്ട് പള്ളികളുടെ അടിത്തറയിൽ തന്നെയാണ് ‘ബസിലിക്കാ ഓഫ് ആഗണി’ സ്ഥിതിചെയ്യുന്നത്. നാലാം നൂറ്റാണ്ടിൽ നിർമിച്ച ഒരു ബൈസന്റൈൻ ബസിലിക്ക 746 ൽ ഒരു ഭൂകമ്പത്തിൽ നശിച്ചു. അതുപോലെതന്നെ 1345 ൽ പന്ത്രണ്ടാം നൂറ്റാണ്ടിലെ ഒരു ചെറിയ കുരിശുയുദ്ധ ചാപ്പലും ഇവിടെ ഉണ്ടായിരുന്നു.

1920 ൽ അടിത്തറയുടെ പണിക്കിടെ മധ്യകാല കുരിശുയുദ്ധ ചാപ്പലിന്റെ തറയിൽനിന്ന് രണ്ട് മീറ്റർ താഴെ ഒരു നിരയും ഗംഭീരമായ മൊസൈക്കിന്റെ ശകലങ്ങളും കണ്ടെത്തി. ഈ കണ്ടുപിടുത്തത്തെ തുടർന്ന്, വാസ്തുശില്പി ഉടൻതന്നെ പുതിയ അടിത്തറയുടെ പ്രവർത്തനങ്ങൾ നിർത്തുകയും മുമ്പത്തെ പള്ളിയിൽ ഖനനം ആരംഭിക്കുകയും ചെയ്തു.

പഴയ ബൈസന്റൈൻ പള്ളിയുടെ അവശിഷ്ടങ്ങൾ പുനഃക്രമീകരിച്ചശേഷം 1922 ഏപ്രിൽ 19 മുതൽ അതിന്റെ സമർപ്പണസമയമായ 1924 ജൂൺ വരെ പണികൾ നടന്നിരുന്നു. 2020 ഡിസംബറിൽ പള്ളിക്കുനേരെ തീവയ്പ്പ് നടന്നെങ്കിലും കാര്യമായ കേടുപാടുകൾ സംഭവിച്ചില്ല. ക്രിസ്ത്യൻ പുണ്യസ്ഥലമായ ദൈവാലയത്തിനുനേരെയുണ്ടായ ആക്രമണത്തെ ഇസ്രയേലിലെയും പാലസ്തീനിലെയും കത്തോലിക്കാ പുണ്യസ്ഥലങ്ങളുടെ ഔദ്യോഗിക സംരക്ഷകരായ ഫ്രാൻസിസ്കൻ വൈദികർ അപലപിച്ചിരുന്നു.

1919 നും 1924 നുമിടയിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള സംഭാവനകൾ ഉപയോഗിച്ചാണ് പള്ളി പണിതത്. അതിനാൽ ഇതിനെ ‘ചർച്ച് ഓഫ് ഓൾ നേഷൻസ്’ എന്നും വിളിക്കുന്നു. സംഭാവനകൾ ലഭിച്ച പന്ത്രണ്ടു രാജ്യങ്ങളുടെ പേരുകൾ കോട്ട്-ഓഫ്-ആർംസ് സീലിംഗിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചെറിയ താഴികക്കുടത്തിലും കൂടാതെ ഇന്റീരിയർ മൊസൈക്കുകളിലുമായിട്ടാണ് പേരുകളുള്ളത്. കിഴക്കുനിന്ന് പടിഞ്ഞാറ് (അൾത്താര മുതൽ പ്രവേശനകവാടം വരെ) അർജന്റീന, ബ്രസീൽ, ചിലി, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളെ ആദരിക്കുന്നു.

ഇറ്റലി, ഫ്രാൻസ്, സ്പെയിൻ, യുണൈറ്റഡ് കിംഗ്ഡം എന്നീ രാജ്യങ്ങളുടെ പേരുകൾ ദൈവാലയത്തിന്റെ മധ്യഭാഗത്തും വലതുവശത്ത് ബെൽജിയം, കാനഡ, ജർമനി, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക എന്നീ രാജ്യങ്ങളുടെയും പേരുകളുണ്ട്. അയർലൻഡ്, ഹംഗറി, പോളണ്ട് എന്നീ രാജ്യങ്ങളാണ് ആപ്‌സുകളിലെ മൊസൈക്കുകൾ സംഭാവന ചെയ്തത്. തറക്കല്ലിനുചുറ്റുമുള്ള ഭാഗം തന്നെ ഓസ്ട്രേലിയയുടെ സമ്മാനമായിരുന്നു.

ദൈവാലയത്തിന്റെ നിർമാണത്തിനായി പ്രധാനമായും രണ്ടുതരം കല്ലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഉൾഭാഗം നിർമിക്കുന്നതിനായി ജെറുസലേമിന്റെ വടക്കുപടിഞ്ഞാറുള്ള ലിഫ്റ്റയിലെ ക്വാറികളിൽനിന്നുള്ള കല്ല് ഉപയോഗിച്ചു; പുറംഭാഗം, ബെത്‌ലഹേമിൽനിന്നുള്ള റോസ് നിറമുള്ള കല്ലുകളും. ക്രിസ്‌തുവിന്റെ മരണവേദനയ്ക്കു സമാനമായ മാനസികാവസ്ഥ ഉണർത്താൻ ജാലകങ്ങൾക്ക് വയലറ്റ് ചായം പൂശിയ അലബസ്റ്റർ പാനലുകൾ ഉപയോഗിച്ചു. കൂടാതെ, രാത്രിയിലെ ആകാശത്തെ അനുകരിക്കാൻ സീലിംഗിന് കടുത്ത നീല നിറവും നൽകിയിട്ടുണ്ട്.

ഇറ്റാലിയൻ വാസ്തുശില്പിയായ അന്റോണിയോ ബാർലൂസി രൂപകൽപന ചെയ്ത പള്ളി, നിലവിൽ വിശുദ്ധനാടിന്റെ സംരക്ഷകരായ ഫ്രാൻസിസ്കൻ വൈദികരുടെ കീഴിലാണ്.

സുനിഷ വി. എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.