വിശന്നുമരിക്കുന്ന മക്കളും വേദനയോടെ അത് നോക്കിനിൽക്കേണ്ടിവരുന്ന അമ്മമാരും: അഫ്ഗാനിസ്ഥാൻ കടന്നുപോകുന്നത് സമാനതകളില്ലാത്ത ദുരിതങ്ങളിലൂടെ

മക്കൾ വിശന്നുമരിക്കുന്നതിന് നിസ്സഹായതയോടെ സാക്ഷ്യം വഹിക്കേണ്ടിവരുന്ന അമ്മമാരുടെ നാടായി മാറുകയാണ് അഫ്ഗാനിസ്ഥാൻ. “ദാരിദ്ര്യം മൂലം എന്റെ കുട്ടികൾ മരിക്കുന്നു. എനിക്ക് അവർക്കു നൽകാൻ കഴിയുന്നത് ഉണങ്ങിയ റൊട്ടിയും വെയിലിനു കീഴെവച്ചു ചൂടാക്കുന്ന വെള്ളവുമാണ്. കുഞ്ഞുങ്ങൾ മരണത്തിലേക്കു നടന്നടുക്കുന്നത് കാണേണ്ടിവരുന്ന എന്റെ അവസ്ഥ നിങ്ങൾക്ക് ഊഹിക്കാമല്ലോ?” അഫ്ഗാനിസ്ഥാനിലെ നംഗർഹാർ പ്രവിശ്യയിലെ ജലാലാബാദ് ആശുപത്രിയിൽ പോഷകാഹാരക്കുറവുമൂലം മരണത്തോട് മല്ലടിക്കുന്ന തന്റെ കുഞ്ഞിനെ നെഞ്ചോടുചേർത്ത് കണ്ണീർ വാർക്കുകയാണ് ആമിന എന്ന അമ്മ. അവരുടെ വാക്കുകൾ, അഫ്ഗാനിസ്ഥാനിൽ ജനങ്ങൾ നേരിടുന്ന ദുരവസ്ഥയുടെ നേർക്കാഴ്ചയായി മാറുകയാണ്.

ആമിനയ്ക്ക് ആറ് മക്കളാണ് ഉണ്ടായിരുന്നത്. ഇവർ ആറുപേരും മരിച്ചു; അതിൽ മൂന്നുപേർ മൂന്നുവയസ്സ് തികയുന്നതിനുമുൻപാണ് മരണമടഞ്ഞത്. പോഷകാഹാക്കുറവ് മൂലമുണ്ടായ രോഗങ്ങളെത്തുടർന്നാണ് ഇവർ മരണമടഞ്ഞത്. നിലവിൽ ആമിനയുടെ കൂടെയുള്ള കുഞ്ഞ് ഏഴുമാസം പ്രായമുള്ള ബിബി ഹാജിറയാണ്. ഈ കുഞ്ഞിനെയുംകൊണ്ട് ആശുപത്രിയിൽ കഴിയുകയാണ് അവർ. മതിയായ ആഹാരം ലഭിക്കാനില്ലാത്തതിനാൽ വളർച്ചക്കുറവ് അനുഭവിക്കുന്ന ബിബി ഹാജിറയെ കണ്ടാൽ നവജാതശിശുവിന്റെ വലിപ്പമേയുള്ളൂ.

പോഷകാഹാരക്കുറവുള്ള 3.2 ദശലക്ഷം കുട്ടികളിലൊരാളാണ് ബിബി ഹാജിറ. 40 വർഷത്തെ യുദ്ധം, കടുത്ത ദാരിദ്ര്യം, താലിബാൻ അധികാരം ഏറ്റെടുത്തതിനുശേഷമുള്ള മൂന്നുവർഷത്തെ കാര്യക്ഷമമല്ലാത്ത ഭരണം തുടങ്ങി നിരവധി ഘടകങ്ങളുണ്ട് ഈ ജനത്തെ ഈയൊരു പരിതസ്ഥിതിയിൽ എത്തിച്ചതിനു പിന്നിൽ.

ദുരിതങ്ങൾ പേറുന്ന ആശുപത്രിമുറികൾ

അഫ്ഗാനിസ്ഥാനിലെ 3.2 മില്യൺ ജനങ്ങളുടെ അനുഭവങ്ങൾ, പറയുന്നതിനേക്കാൾ കൂടുതൽ നമുക്ക് മനസ്സിലാക്കാൻ കഴിയുക അവിടുത്തെ ആശുപത്രികളിലെ അനുഭവങ്ങളിലൂടെയാണ്. ഏഴു കിടക്കകളിലായി 18 പിഞ്ചുകുഞ്ഞുങ്ങളുണ്ട്. നമ്മുടെ നാട്ടിലെ കുട്ടികളുടെ വാർഡിൽ നിന്നുയരുന്ന കരച്ചിലോ, ബഹളങ്ങളോ അവിടെയില്ല. ഉള്ള കുട്ടികൾ ഒന്ന് ശബ്ദമുണ്ടാക്കാൻപോലും കഴിയാത്ത വിധത്തിൽ ദുര്ബലരായി കിടക്കുകയാണ്. ആ മുറികളിൽ നിറഞ്ഞുനിൽക്കുന്ന ഭീതികരമായ മൂകതയെ തകർക്കുന്നത് ഇടയ്ക്കിടെ മുഴങ്ങുന്ന പൾസ് റേറ്റ് മോണിറ്ററിന്റെ ബീപ്പ് സൗണ്ടുകൾ മാത്രമാണ്.

ബിബി ഹാജിറയ്‌ക്കൊപ്പം കിടക്കുന്നത് ഒരു മൂന്നുവയസ്സുകാരിയാണ്. അവളുടെ അമ്മ ആ കുഞ്ഞിന്റെ സഹോദരിക്ക് ജന്മം കൊടുക്കുന്നതിനിടയിൽ മരണമടഞ്ഞു. അതിനാൽ ഈ മൂന്നുവയസ്സുകാരി സേനയെ വളർത്തുന്നത് അമ്മായി ആണ്. ശരീരമാസകലം തൊലി പോയനിലയിൽ ആശുപത്രിയിൽ കഴിയുന്ന മൂന്നുവയസ്സുള്ള ഇൽഹാമീനും അവന്റെ സഹോദരിയെ നഷ്ടപ്പെട്ടിരുന്നു. ഓക്സിജൻ മാസ്കിന്റെ സഹായത്താൽ ശ്വാസമെടുക്കുന്ന ഒരു വയസ്സുകാരി അസ്മയെ ഒരുനോക്കു മാത്രമേ നോക്കാൻ കഴിയൂ. ആ കുഞ്ഞിന്റെ ദയനീയമുഖം കാണുന്നവരുടെ ചങ്കുതകർക്കുകയാണ്.

അസ്മയെ ചികിത്സിക്കുന്ന ഡോക്ടർമാർ പറയുന്നത്, ആ കുഞ്ഞുമകൾ അധികനാൾ ജീവിക്കാൻ സാധ്യതയില്ല എന്നാണ്. “എന്റെ ശരീരത്തിൽ മാംസം ഉരുകുന്നതുപോലെ തോന്നുന്നു. അവൾ ഇങ്ങനെ കഷ്ടപ്പെടുന്നത് എനിക്ക് സഹിക്കാൻ കഴിയുന്നില്ല. കുഞ്ഞിന് എന്തെങ്കിലും നല്ല ഭക്ഷണം നൽകാൻ എന്നെക്കൊണ്ടു  സാധിക്കുന്നില്ല. എന്റെ ഭർത്താവ് കൂലിപ്പണിക്കാരനാണ്. അദ്ദേഹത്തിന് ജോലി കിട്ടുമ്പോളാണ് ഞങ്ങൾ എന്തെങ്കിലും കഴിക്കുന്നത്” – അസ്മയുടെ അമ്മ കണ്ണുനീരോടെ പറയുന്നു.

അസ്മയെ കണ്ട് ബി. ബി. സി. റിപ്പോർട്ടർമാർ പുറത്തിറങ്ങിയതും വൈകാതെ തന്നെ ആ അമ്മയുടെ നിലവിളി ഉയർന്നു. അസ്മ ഈ ലോകത്തിലെ സഹനങ്ങൾ അവസാനിപ്പിച്ച് യാത്രയായിരുന്നു.

കുഞ്ഞുങ്ങളുടെ മരണങ്ങൾ ഉയർത്തുന്ന വേദന

ആശുപത്രിയിൽ, കഴിഞ്ഞ ആറുമാസത്തിനിടെ 700 കുട്ടികൾ മരിച്ചു – ഒരുദിവസം മൂന്നിൽ കൂടുതൽ – നംഗർഹാറിലെ താലിബാന്റെ പൊതുജനാരോഗ്യവകുപ്പ് വെളിപ്പെടുത്തുന്നു. എന്നാൽ ലോകബാങ്കിന്റെയും യൂണിസെഫിന്റെയും ധനസഹായം ലഭിച്ചിരുന്നില്ലായെങ്കിൽ ഈ സംഖ്യ ഇനിയും ഉയർന്നേനെ. 2021 ആഗസ്റ്റ് വരെ, മുൻ ഗവൺമെന്റിന് നേരിട്ടുനൽകിയ അന്താരാഷ്ട്ര ഫണ്ടുകൾ അഫ്ഗാനിസ്ഥാനിലെ മിക്കവാറും എല്ലാ പൊതുജനാരോഗ്യ സംരക്ഷണത്തിനും ധനസഹായം നൽകിയിരുന്നു. എന്നാൽ, താലിബാൻ ഭരണം ഏറ്റെടുത്തപ്പോൾ അവർക്കെതിരായ അന്താരാഷ്ട്ര ഉപരോധം കാരണം പണം നിർത്തി. ഇത് ആരോഗ്യരംഗത്തെ തകർച്ചയ്ക്കു കാരണമായി.

പല ആശുപത്രികളിലും കുട്ടികൾ പോഷകാഹാരക്കുറവ് മൂലമുള്ള അവസ്ഥകളെത്തുടർന്ന് മരിക്കുകയാണ്. എന്നാൽ, ശരിയായ ചികിത്സ നൽകിയാൽ അവരിൽ പലരെയും ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാമായിരുന്നു. കൂടുതൽ മരുന്നുകളും സൗകര്യങ്ങളും ജീവനക്കാരുമുണ്ടെങ്കിൽ കൂടുതൽ കുട്ടികളെ രക്ഷിക്കാൻ കഴിയും. എന്നാൽ, അതിന് ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും പിന്തുണയും പ്രവർത്തനവും ആവശ്യമാണ്. അത് ഇല്ലാത്തിടത്തോളം കാലം കുഞ്ഞുങ്ങൾ ഇവിടെ മരിച്ചുകൊണ്ടേയിരിക്കും.

മരിയ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.