ഉറങ്ങുന്ന ഏഴ് ക്രൈസ്തവ വിശുദ്ധർ

യൂറോപ്പിൽ, പ്രത്യേകിച്ച് ജർമ്മനിയിൽ ജൂൺ 27-ന് ഉറങ്ങുന്ന ഏഴു വിശുദ്ധരുടെ (Siebenschläfer- Seven Sleepers) ഓർമ്മദിനം ആഘോഷിക്കുന്നു. ആ വിശുദ്ധരെക്കുറിച്ചുള്ള ഒരു കുറിപ്പ്.

ഡേസിയൂസ് (Decius) എന്ന റോമൻ ചക്രവർത്തിയുടെ മതപീഡനം സഹിക്കാനാവാതെ ക്രൈസ്തവർ ഒന്നടങ്കം ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന കാലം (എകദേശം AD 250). എഴ് ക്രൈസ്തവ യുവാക്കൾ എഫേസൂസ് നഗരത്തിനു പുറത്തുള്ള ഒരു ഗുഹയിൽ അഭയം പ്രാപിച്ചു. ക്രിസ്തുവിനെ തള്ളിപ്പറയാനും വിജാതീയ ദൈവങ്ങളെ അംഗീകരിക്കാനും തയ്യാറാകാത്ത അവർ അവിടെ പ്രാർത്ഥനാനിരതരായി കഴിഞ്ഞു. ക്രമേണ അവർ ഗാഡനിദ്രയിലേക്ക് വഴുതിവീണു. ഇതിൽ കോപാകുലനായ ഡേസിയൂസ് ചക്രവർത്തി ഗുഹയുടെ കവാടം അടപ്പിച്ചു. ഡേസിയൂസ് മരിച്ചു. തുടർന്നുള്ള വർഷങ്ങളിൽ ക്രിസ്തുമതത്തിന് ക്രമാനുഗതമായി റോമാ സാമ്രാജ്യത്തിൽ അംഗീകാരം കൈവന്നു.

തെയോഡോസിയൂസ് മൂന്നാമന്റെ (Theodosius III) കാലമായപ്പോൾ ക്രിസ്തുമതം റോമാ സാമ്രാജ്യത്തിലെ ഔദ്യോഗിക മതമായി. രണ്ടു നൂറ്റാണ്ടുകൾക്കു ശേഷം ഒരു ദിവസം ഭൂവുടമസ്ഥൻ, തന്റെ കന്നുകാലികൾക്ക് പാർക്കാനായി ഗുഹയുടെ കവാടം തുറന്നു. അപ്പോൾ എഴു യുവാക്കൾ ഉറങ്ങുന്നതായി കണ്ടു. രണ്ടു നൂറ്റാണ്ടിനു ശേഷം ആദ്യമായി സൂര്യപ്രകാശം അവരുടെ കണ്ണുകളിൽ സ്പർശിച്ചപ്പോൾ അവർ നിദ്ര വിട്ടുണർന്നു. രണ്ടു നൂറ്റാണ്ടിലെ ഉറക്കം ഒരു രാത്രിയുറക്കം പോലെ അവർക്ക് അനുഭവപ്പെട്ടു. ഗുഹയിൽ നിന്നിറങ്ങി ഭക്ഷണം അന്വേഷിച്ചപ്പോൾ ക്രിസ്തുമതം എഫേസൂസിൽ ഒരു പീഡിതമതം ആയിരുന്നില്ല. ഭൂരിഭാഗം ജനങ്ങളും ക്രിസ്തുവിനെ രക്ഷകനായി സ്വീകരിക്കുകയും കുരിശിനെ വണങ്ങുകയും ചെയ്യുന്നതായി അവർ മനസിലാക്കി.

ഡേസിയൂസ് ചക്രവർത്തിയുടെ കാലത്തെ നാണയത്തുട്ടകളുമായി ഭക്ഷണം അന്വേഷിച്ചിറങ്ങിയ യുവാക്കളെ കണ്ട് ജനം അത്ഭുതപ്പെടുകയും സ്ഥലത്തെ മെത്രനായ മാരീനൂസിനെ (Marinus) അറിയിക്കുകയും ചെയ്തു. മാരീനൂസ് സംഭവിച്ച കാര്യങ്ങൾ അവരിൽ നിന്നു ചോദിച്ചു മനസിലാക്കി. ഓർത്തഡോക്സ് ബൈസെന്റയിൻ പാരമ്പര്യത്തിൽ, വിശുദ്ധരായ ഈ എഴു യുവാക്കളുടെ തിരുനാൾ ആഗസ്റ്റ് മാസം 4-ാം തീയതിയാണ് ആഘോഷിക്കുന്നത്. മാക്സിമിലിയൻ, ജാംബ്ലിക്കസ്, മാർട്ടിനിയൻ, ജോൺ, ഡയോനിഷ്യസ്, എക്സാകുസ്റ്റോഡിയൻ (കോൺസ്റ്റന്റൈൻ), അന്റോണിനസ് എന്നിവരാണ് വിശുദ്ധരായ ആ എഴ് യുവാക്കൾ.

ഇസ്ലാം മതത്തിലും ബഹുമാനിക്കപ്പെടുന്ന ക്രൈസ്തവ വിശുദ്ധർ പടിഞ്ഞാറൻ രാജ്യങ്ങളിലും പൗരസ്ത്യദേശങ്ങളിലും അതിവേഗം വ്യാപിച്ചു. ഖുറാനിൽ അവരുടെ എണ്ണം ഏഴായി പറഞ്ഞിട്ടില്ല. ഇതിന്‍പ്രകാരം അവർ ഏഴു പേർ 309 വർഷത്തേക്ക്  ഗുഹയിൽ ഉറങ്ങി എന്നാണ് പറയുന്നത്. ഗുഹയുടെ കവാടത്തിൽ അവർക്കായി ഒരു നായ കാവലിരുന്നു എന്ന് പതിനെട്ടാം സൂറത്തിലെ പതിനെട്ടാം വാക്യത്തിൽ വായിക്കാം. ലോകമെമ്പാടുമുള്ള എല്ലാ മുസ്ലിം പള്ളികളിലും ബഹുമാനിക്കപ്പെടുന്ന ക്രിസ്ത്യൻ രക്തസാക്ഷികളാണ് ഈ വിശുദ്ധർ.

കുരിശുയുദ്ധ കാലത്തും ബറോക്ക് കാലഘട്ടത്തിലും പടിഞ്ഞാറൻ രാജ്യങ്ങളിൽ ഈ യുവാക്കളോടുള്ള ഭക്തി വളരെ സർവ്വസാധാരണമായി. യൂറോപ്പിൽ വിശുദ്ധരായ ഈ, ഏഴു ഉറങ്ങുന്ന യുവാക്കളുടെ നാമത്തിൽ മൂന്നു ദേവാലയങ്ങൾ സ്ഥാപിതമായി. അവയിൽ രണ്ടെണ്ണം ജർമ്മനിയിലെ ബവേറിയ സംസ്ഥാനത്താണ്. പാസാവിനു സമീപത്തുള്ള റോട്ട്ഹോഫിലെ ദേവാലയത്തിലെ (Rotthof ), ഉറക്കമില്ലാപ്രശ്നം അലട്ടുന്നവരുടെ പ്രത്യേക മദ്ധ്യസ്ഥരായ ഈ വിശുദ്ധ യുവാക്കളുടെ ചിത്രീകരണം പ്രശസ്തതമാണ് . ഫ്രാൻസിലെ കോട്ട്സ് ഡി അർമോറിലെ വിയൂക്സ്-മാർച്ചെ (Vieux-Marche) പട്ടണത്തിൽ സ്ഥിതിചെയ്യുന്ന ഏഴ് വിശുദ്ധരുടെ ചാപ്പൽ ഒരു ഇസ്ലാമിക-ക്രിസ്ത്യൻ തീർത്ഥാടനത്തിന്റെ സംഗമഭൂമിയാണ്. 1926-ലാണ് എഫെസോസിനടുത്ത് ഏഴു വിശുദ്ധരുടെ കബറിടം കണ്ടെത്തിയത്.

ഉറങ്ങുന്ന വിശുദ്ധരും കർഷക നിയമവും

യൂറോപ്പിലെ കർഷകരുടെ ഇടയിൽ ഒരു പൊതുവിശ്വാസമുണ്ട്. ഏഴു വിശുദ്ധരുടെ തിരുനാൾ ദിനമായ ജൂൺ 27-ന് കാലവസ്ഥ എങ്ങനെ ആയിരിക്കുമോ അങ്ങനെ ആയിരിക്കും തുടർന്നുവരുന്ന ഏഴ് ആഴ്ചകളും എന്നത്. കർഷകർക്ക് തങ്ങളുടെ കാർഷികവൃത്തി പ്ലാൻ ചെയ്യാൻ അതുവഴി സാധിച്ചിരുന്നു. നിദ്രയിൽ നിന്നുണർന്ന യുവാക്കളോട് തിയോഡോസിയോസ് ചക്രവർത്തി പടിഞ്ഞാറൻ യൂറോപ്യൻ കാലാവസ്ഥയെക്കുറിച്ച് ചോദിച്ചു എന്ന ഐതീഹ്യമാണ് ഈ കർഷക വിശ്വാാസത്തിൻ്റെ ആധാരം.

യഥാർത്ഥത്തിൽ ജൂൺ 27-നായിരുന്നില്ല ഉറങ്ങുന്ന ഏഴു യുവാക്കളുടെ ഓർമ്മദിനം. ജൂലൈ 7 ആയിരുന്നു 1582-ൽ ജൂലിയൻ കലണ്ടർ പരിഷ്കരിച്ചപ്പോൾ 10 ദിവസം റദ്ദാക്കി അങ്ങനെ അത് ജൂണ്‍ 27 ആയി. കാലാവസ്ഥാ നിരീക്ഷകരുടെ അഭിപ്രായത്തിൽ വേനൽക്കാല കാലാവസ്ഥയെ കൂടുതൽ കൃത്യമായി പ്രവചിക്കാൻ ജൂലൈ ആദ്യവാരമാണ് അനുയോജ്യം. മധ്യ യൂറോപ്പിലെ പൊതു കാലാവസ്ഥാ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഇത് 60 ശതമാനം വരെ 70 ശതമാനവും ശരിയാകാറുണ്ട്.

ഫാ. ജെയ്സണ്‍ കുന്നേല്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.