
1. ആധുനിക ലോകം മാതൃകയാക്കേണ്ട കുഞ്ഞുവിശുദ്ധ
മാനഭംഗശ്രമത്തെ ചെറുത്തുകൊണ്ട് സ്ത്രീത്വത്തിന്റെ അന്തസ്സും സമഗ്രതയും കാത്തുപാലിച്ച ഇറ്റലിയിലെ മാര്‍ക്കെ പ്രദേശത്തെ കൊറിനാള്‍ഡോ ഗ്രാമത്തിലെ 11 വയസുകാരി മരിയ ഗൊരേത്തി വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെട്ടിട്ട് 73 വര്‍ഷങ്ങള്‍ പിന്നിട്ടു. 1950 ജൂണ്‍ 24-ാം തീയതിയായിരുന്നു പിയൂസ് 12-ാമന്‍ പാപ്പാ ഗൊരേത്തിയെ രക്തസാക്ഷിയായ പുണ്യവതിയായി പ്രഖ്യാപിച്ചത്.
അയല്‍വാസിയായ കര്‍ഷകയുവാവ് അവളുടെമേല്‍ നടത്തിയ മാനഭംഗശ്രമത്തെ മരണത്തോളം സര്‍വശക്തിയോടും കൂടെ ചെറുക്കുകയും വിജയം നേടുകയും ചെയ്ത ഗൊരേത്തിയെ ധീരയായ രക്ഷസാക്ഷിയും സ്ത്രീകുലത്തിന് മാതൃകയുമെന്ന് വിശുദ്ധപദ പ്രഖ്യാപനച്ചടങ്ങില്‍ പാപ്പാ വിശേഷിപ്പിച്ചു.
2. ആഗോളശ്രദ്ധ പിടിച്ചുപറ്റിയ മരിയ ഗൊരേത്തിയുടെ വിശുദ്ധ പദവി
ഇറ്റലിയില്‍ നിന്നും ഇതര യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും മാത്രമല്ല, ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും രാഷ്ട്രനേതാക്കളും ജനപ്രതിനിധികളും സംഘടനകളും, ജീവിതപരിശുദ്ധിക്കായി അത്യപൂര്‍വ ധീരത കാണിച്ച കൊച്ചുപുണ്യവതിയുടെ വിശുദ്ധപദ പ്രഖ്യാപനത്തില്‍ പങ്കെടുക്കാനുള്ള ആഗ്രഹം വളരെ മുന്‍കൂറായി വത്തിക്കാനെ അറിയിക്കാന്‍ തുടങ്ങി. അങ്ങനെ നിത്യനഗരത്തില്‍ എത്തിച്ചേരാന്‍ സാധ്യതയുള്ള വിശ്വാസികളുടെയും തീര്‍ഥാടകരുടെയും വന്‍ജനാവലി കണക്കിലെടുത്തുകൊണ്ട് വി. പത്രോസിന്റെ ബസിലിക്കയില്‍ നാളിതുവരെയും നടത്തിയിരുന്ന, പാപ്പാ മുഖ്യകാര്‍മ്മികത്വം വഹിക്കുന്ന വിശുദ്ധപദ പ്രഖ്യാപനവും ദിവ്യബലിയുമെല്ലാം ചരിത്രത്തിലാദ്യമായി വത്തിക്കാന്റെ വിശാലമായ ചത്വരത്തിലേക്ക് മാറ്റിവച്ചു. അന്ന് മൂന്നുലക്ഷത്തിലധികം വിശ്വാസികള്‍ ചടങ്ങില്‍ പങ്കെടുത്തതായി ഈ ചരിത്രസംഭവത്തെ സംബന്ധിച്ച രേഖകള്‍ വ്യക്തമാക്കുന്നു.
3. ലോകമനഃസാക്ഷിയെ സ്പര്‍ശിച്ച സംഭവം
മാനവികതയുടെ മനഃസാക്ഷിയെ സ്പര്‍ശിച്ച ചരിത്രസംഭവമായിരുന്നു യുവരക്തസാക്ഷിയായ മരിയ ഗൊരേത്തിയുടെ വിശുദ്ധപദ പ്രഖ്യാപന കര്‍മ്മങ്ങള്‍. അതിനെ തുടര്‍ന്ന് ചുരുങ്ങിയ കാലയളവില്‍ ലോകമെമ്പാടും വിശുദ്ധയുടെ നാമത്തില്‍ ദേവാലയങ്ങളും സ്ഥാപനങ്ങളും സംഘടനകളും തുറക്കപ്പെട്ടു. തന്റെ ചാരിത്ര്യം സംരക്ഷിക്കാന്‍ വേണ്ടി ജീവന് സമര്‍പ്പിച്ച 11 വയസുകാരിയുടെ ധീരതയും നന്മയും ലോകമനഃസാക്ഷിയെ സ്പര്‍ശിക്കുകയും ആയിരങ്ങളുടെ കരളലിയിപ്പിക്കുകയും ചെയ്തു.
4. മരിയ ഗൊരേത്തിയുടെ വിശ്വാസപൈതൃകം
വിശുദ്ധരുടെ പദവിയിലേക്ക് ഉയര്‍ത്തിക്കൊണ്ട് മരിയ ഗൊരേത്തി എന്ന കൊച്ചുരക്തസാക്ഷിയെ ലോകത്തിന്, പ്രത്യേകിച്ച് യുവതലമുറക്ക് സഭ ചാരിത്ര്യവിശുദ്ധിക്ക് മാതൃകയായി നല്കുകയുണ്ടായി. സ്ത്രീകളുടെ അന്തസ്സും സമഗ്രതയും വേണ്ടുവോളം വിലമതിക്കാത്തൊരു ലോകത്തിന് ചാരിത്ര്യത്തെപ്രതിയുള്ള ഈ ഗ്രാമീണബാലികയുടെ രക്തസാക്ഷിത്വം ഇന്നും വെല്ലുവിളിയായി നില്ക്കുന്നു. മനുഷ്യരുടെ മുന്നിലെന്ന പോലെ ദൈവത്തിന്റെ മുന്നിലും മനഃസാക്ഷിയെക്കുറിച്ചുള്ള മൂല്യബോധം വളര്‍ത്തണമെന്ന് വി. മരിയ ഗൊരേത്തി പഠിപ്പിക്കുന്നു. സ്ത്രീകളെ വസ്തുക്കളെപ്പോലെ ഉപയോഗിക്കുകയും കുട്ടികളെപ്പോലും ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരകളാക്കുകയും ചെയ്യുന്ന ഇന്നത്തെ ലോകത്ത് വിശുദ്ധയുടെ ജീവിതമാതൃക ഏറെ പ്രസക്തമാണ്.
5. ക്ഷമയും മാനസാന്തരവും
നെഞ്ചില്‍ കുത്തേറ്റ് മരണശയ്യയില്‍ കിടക്കുമ്പോഴും തന്നെ ആക്രമിച്ച അലസാന്ദ്രോ സെരെനേലിയോട് മരിയ ഗൊരേത്തി ക്ഷമിച്ചത് ആ യുവാവിന്റെ മാനസാന്തരത്തിനു വഴിതെളിച്ചു. ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവന്ന സെരനേലി, ജീവിതത്തിന്റെ ശിഷ്ടഭാഗം ഫ്രാന്‍സിസ്ക്കന്‍ സന്യാസ സമൂഹത്തില്‍ ചേര്‍ന്ന് മൂന്നാം സഭാംഗമായി ജീവിച്ചു. ഒരു എളിയ സഹായിയായും സഹോദരനുമായി അനുതപിച്ചും പ്രായശ്ചിത്തം ചെയ്തും മരണം വരെ നല്ല ജീവിതം നയിച്ചു.
മരിയ ഗൊരേത്തിയുടെ വിശുദ്ധപദ പ്രഖ്യാപന ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഏറെ വിനീതഹൃദയനായി അലസാന്ദ്രോ സെരിനേലിയും 1950 ജൂണ്‍ 24-ന് വത്തിക്കാനില്‍ എത്തിയിരുന്നു. വന്‍ജനാവലിയെ സാക്ഷിനിര്‍ത്തി ഇറ്റലിയുടെ ബാലികയായ രക്തസാക്ഷിയെ പിയൂസ് 12-ാമന്‍ പാപ്പാ വിശുദ്ധയായി പ്രഖ്യാപിച്ചപ്പോള്‍ അള്‍ത്താരവേദിയുടെ പാര്‍ശ്വത്തില്‍ ജനക്കൂട്ടത്തിനിടയില്‍ അനുതാപത്തിന്റെ കണ്ണീരണിഞ്ഞ് നമ്രശിരസ്കനായി അലാസന്ദ്രോ സെരിനേലി നിൽക്കുന്നുണ്ടായിരുന്നു. അത് മാനസാന്തരത്തിന്റെയും ദൈവികമായ ക്ഷമാദാനത്തിന്റെയും മൗനസാക്ഷ്യമായിരുന്നു. ക്ഷമിക്കാനും ആ ക്ഷമ ഏറ്റുവാങ്ങി മാനസാന്തരപ്പെടാനുമുള്ള മനസിന്റെറെ തുറവ് ദൈവകൃപയാണെന്ന് അലാസാന്ദ്രോ സാക്ഷ്യപ്പെടുത്തുന്നു.
6. വിശുദ്ധയുടെ ഹ്രസ്വ ജീവിതരേഖ
1890 ഒക്ടോബര്‍ 16-ന് മധ്യ ഇറ്റലിയിലെ മാര്‍ക്കെ പ്രദേശത്ത് കൊരിനാള്‍ഡോ ഗ്രാമത്തിലെ കര്‍ഷക കുടുംബത്തില്‍ മരിയ ഗൊരേത്തി ജനിച്ചു. ആറു മക്കളില്‍ മൂന്നാമത്തവളായിരുന്നു മരിയ. മരിയയുടെ നന്നേ ചെറുപ്പത്തിലെ അവളുടെ പിതാവ് മലേറിയ പിടിപെട്ടു മരിച്ചു. പിന്നെ അമ്മയാണ് മക്കളോടു ചേര്‍ന്ന് കുടുംബത്തെ പോറ്റിയത്. അമ്മ മക്കളെ അനുസരണയിലും ദൈവഭക്തിയിലും വളര്‍ത്തി. നിത്യേന പ്രാര്‍ത്ഥിക്കുന്ന കുടുബമായിരുന്നു അത്. സ്വഭാവവൈശിഷ്ട്യവും വിനീതഭാവവും കൊണ്ട് മരിയ വീട്ടിലും നാട്ടിലും പ്രിയപ്പെട്ടവളായിരുന്നു.
7. പാപത്തേക്കാള്‍ മരണം ഏറ്റെടുത്തവള്‍
1905 ജൂലൈ 5-ന് തൊട്ടടുത്തുള്ള കളപ്പുരയിലെ ജോലിക്കാരനായ യുവാവ്, അലസാന്ദ്രോ സെരിനേലി കാമാസക്തിയോടെ മരിയയെ ഒരു മുറിയില്‍ ബന്ധിയാക്കി. ദൈവനാമത്തില്‍ തന്നെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അയാള്‍ കൂട്ടാക്കിയില്ല. അതിക്രമിയുടെ ദുരാഗ്രഹങ്ങളെ മരിയ ചെറുത്തുനിന്നു. ജീവന് നഷ്ടമായാലും പാപം ചെയ്യാന്‍ അനുവദിക്കില്ലെന്നായിരുന്നു അവളുടെ നിലപാട്. പ്രേരണകള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും മരിയ വഴിപ്പെടാതായപ്പോള്‍ സഹികെട്ട അലസാന്ദ്രോ കത്തിയെടുത്ത് 14 വട്ടം അവളെ കുത്തി മുറിപ്പെടുത്തിയിട്ട് ഓടിരക്ഷപെട്ടു. രക്തം വാര്‍ന്നൊലിച്ചു കിടന്ന മരിയയെ ഗ്രാമവാസികള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഘാതകനോട് ക്ഷമിക്കുന്നുവെന്ന് അവസാനമായി മൊഴിഞ്ഞുകൊണ്ട് വിശുദ്ധിയുടെ വെള്ളരിപ്രാവ് മിഴിയടച്ചു.
ജീവിതവിശുദ്ധി തേടുന്നവര്‍ക്കും ലൈംഗികപീഡനങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്കും യുവജനങ്ങള്‍ക്കും മരിയ ഗൊരേത്തി മാതൃകയും മദ്ധ്യസ്ഥയുമാണ്.
ഫാ. വില്യം നെല്ലിക്കല്‍
കടപ്പാട്: www.vaticannews.va