വാഴ്ത്തപ്പെട്ട പിയൂസ് ഒമ്പതാമൻ പാപ്പായെക്കുറിച്ചുള്ള അഞ്ച് വസ്തുതകൾ

വാഴ്ത്തപ്പെട്ട പിയൂസ് ഒമ്പതാമൻ പാപ്പായെ അനുസ്മരിക്കുന്ന ദിനമാണ് ഫെബ്രുവരി ഏഴ്. മാർപാപ്പയുടെയും സഭയുടെയും സ്വാതന്ത്ര്യത്തിനായി വത്തിക്കാനിൽ സുപ്രധാനമായ പ്രഖ്യാപനങ്ങൾ നടത്തുകയും വത്തിക്കാനിൽ സ്വയം ഒരു ‘തടവുകാരൻ’ ആയി മരിക്കുകയും ചെയ്ത മാർപാപ്പയാണ് വാഴ്ത്തപ്പെട്ട പീയൂസ് ഒമ്പതാമൻ പാപ്പാ. അദ്ദേഹത്തെക്കുറിച്ചുള്ള പ്രധാനപ്പെട്ട അഞ്ച് വസ്തുതകൾ താഴെ പറയുന്നു.

1. പരിശുദ്ധ അമ്മയുടെ അമലോത്ഭവം വിശ്വാസ സത്യമായി പ്രഖ്യാപിച്ച പാപ്പാ 

1854 ഡിസംബർ എട്ടിന് പീയൂസ് ഒമ്പതാമൻ മാർപാപ്പ പരിശുദ്ധ മറിയത്തിന്റെ അമലോത്ഭവം വിശ്വാസ സത്യമായി പ്രഖ്യാപിച്ചു.

2. ഒന്നാം വത്തിക്കാൻ കൗൺസിലും മാർപാപ്പയുടെ അപ്രമാദിത്വവും

1869 ഡിസംബർ 8-ന് സെന്റ് പീറ്ററിന്റെ ബസിലിക്കയിൽ ഉദ്ഘാടനം ചെയ്യപ്പെട്ട ആദ്യ വത്തിക്കാൻ കൗൺസിലിന്റെ സാക്ഷാത്കാരത്തിന് പിയൂസ് ഒൻപതാമൻ പാപ്പാ ആഹ്വാനംചെയ്തു. ഈ മഹത്തായ സംഭവത്തിൽ മാർപാപ്പയുടെ അപ്രമാദിത്വത്തിന്റെ സിദ്ധാന്തം പ്രഖ്യാപിക്കപ്പെട്ടു.

3. കത്തോലിക്കാ സഭയുടെ രക്ഷാധികാരിയായി വി. ജോസഫ്

1870 ഡിസംബർ 8-ന് പയസ് ഒമ്പതാമൻ മാർപാപ്പ ഒരു കല്പന പ്രസിദ്ധീകരിച്ചു, അതിൽ അദ്ദേഹം വി. ജോസഫിനെ കത്തോലിക്കാ സഭയുടെ രക്ഷാധികാരിയായി പ്രഖ്യാപിച്ചു.

4. യേശുവിന്റെ വിലയേറിയ തിരുരക്തത്തിന്റെ തിരുനാൾ

1849-ൽ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ഏറ്റവും വിലയേറിയ തിരുരക്തത്തിന്റെ തിരുനാൾ ജൂലൈ മാസത്തിലെ ആദ്യ ഞായറാഴ്‌ച ആഘോഷിക്കാൻ തീരുമാനിച്ചത് പിയൂസ് ഒമ്പതാമൻ പാപ്പായാണ്.
പതിറ്റാണ്ടുകൾക്കുശേഷം, വി. പത്താം പീയൂസ് പാപ്പാ അത് ജൂലൈ ഒന്നിലേക്കു മാറ്റി. എന്നാൽ രണ്ടാം വത്തിക്കാൻ കൗൺസിലിനുശേഷം ക്രിസ്തുവിന്റെ തിരുശരീരത്തിന്റെയും തിരുരക്തത്തിന്റെയും തിരുനാൾ ഇപ്പോൾ കോർപ്പസ് ക്രിസ്റ്റി തിരുനാളിലാണ് ആഘോഷിക്കപ്പെടുന്നത്.

5. വത്തിക്കാനിലെ ‘തടവുകാരൻ’

1846-ൽ പിയൂസ് ഒമ്പതാമൻ പാപ്പാ, അധികാരമേറ്റപ്പോൾ, ഇന്നത്തെ ഇറ്റലിയുടെ മധ്യഭാഗത്തായി മാർപാപ്പയുടെ സംസ്ഥാനങ്ങൾ നിലനിന്നിരുന്നു. അക്കാലത്ത് ഇറ്റാലിയൻപ്രദേശം രാജ്യങ്ങളായി വിഭജിക്കപ്പെട്ടിരുന്നു, എന്നാൽ രാഷ്ട്രീയവും സൈനികവുമായ താല്പര്യങ്ങൾ അവരുടെ ‘ഏകീകരണം’ തേടി. മാർപാപ്പയുടെ ഗവൺമെന്റിന്റെ കീഴിലുള്ള ഭൂമി ഈ ലക്ഷ്യത്തിന് ഒരു പ്രശ്നമായി മാറി. അതിനാൽ നിരവധി കലാപങ്ങൾ ആരംഭിച്ചു. അത് റോമിന്റെ തെക്ക് ഗെയ്റ്റയിലേക്കു നാടുകടക്കാൻ മാർപാപ്പായെ പ്രേരിപ്പിച്ചു.

1850-ൽ അദ്ദേഹം ആ നഗരത്തിലേക്കു മടങ്ങി. പക്ഷേ, മാർപാപ്പയുടെ രാജ്യങ്ങളുടെ നഷ്ടം, 1861-ൽ ഇറ്റലി രാജ്യത്തിന്റെ പ്രഖ്യാപനം, 1871-ൽ റോം ഇറ്റാലിയൻ തലസ്ഥാനമായി തുടങ്ങിയതിന്റെ അനന്തരഫലങ്ങൾ എന്നിവ അദ്ദേഹത്തിന് അഭിമുഖീകരിക്കേണ്ടിവന്നു. പയസ് ഒമ്പതാമൻ പാപ്പാ ഈ സമയത്ത് സ്വയം ഒരു ‘തടവുകാരൻ’ ആയി പ്രഖ്യാപിക്കുകയുംചെയ്തു. അദ്ദേഹത്തിന്റെ പിൻഗാമിയായി വന്ന മാർപാപ്പാമാരും തങ്ങളെ ‘തടവുകാരായി’ കണക്കാക്കി.

1929-ൽ ഇറ്റാലിയൻ ഗവൺമെന്റും വിശുദ്ധ സിംഹാസനവും തമ്മിലുള്ള ലാറ്ററൻ ഉടമ്പടികളിൽ ഒപ്പുവച്ചതോടെ പ്രദേശപരവും പരമാധികാരവുമായ പ്രശ്നം അവസാനിച്ചു. അവിടെ വത്തിക്കാൻ ഒരു സ്വതന്ത്രരാജ്യമായും സ്വയംഭരണ പരമാധികാരത്തിനു കീഴിലും അംഗീകരിക്കപ്പെട്ടു.

വിവർത്തനം: സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.