ഒരു കുട്ടിയുടെ മനസിൽ പതിഞ്ഞ ഓർമ്മ വലുതായപ്പോൾ അവൻ കുറിച്ചതിങ്ങനെ: എന്റെ പിതാവ് പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലം. ഒരു ദിവസം വീട്ടിൽ ഒരാൾ വന്നു. അദ്ദേഹത്തിന്റെ കയ്യിൽ കുറച്ച് വിലയേറിയ സമ്മാനങ്ങളുമുണ്ടായിരുന്നു.
“മോനെ അപ്പൻ എവിടെയാ? ഒന്നു വിളിക്കാമോ?” അകത്തു ചെന്നു നോക്കിയപ്പോൾ വാപ്പ നിസ്കരിക്കുകയായിരുന്നു. “വാപ്പ നിസ്കരിക്കുകയാണ്. ഇപ്പോൾ വിളിക്കാൻ കഴിയില്ല”. അവൻ പറഞ്ഞു. “എന്നാൽ മോൻ അമ്മയെ വിളിച്ചാലും മതി”
“അമ്മയും നിസ്കരിക്കുകയാണ്.”
അദ്ദേഹം ആ സമ്മാനപ്പൊതികൾ അവനെ ഏൽപിച്ചു. ഇവയെല്ലാം മോൻ അപ്പന് കൊടുക്കണം, ഞാൻ തന്നതാണെന്നു പറയണം എന്നാവശ്യപ്പെട്ട് തിരിച്ചുപോയി.
നിസ്ക്കാരം കഴിഞ്ഞു പുറത്തുവന്ന വാപ്പ മേശമേൽ ഇരിക്കുന്ന സമ്മാനപ്പൊതികൾ കണ്ട് മകനോട് ചോദിച്ചു. “ആരാണിവിടെ വന്നത്” നടന്ന വിവരങ്ങളെല്ലാം അവൻ വാപ്പയോട് പറഞ്ഞു. പിന്നീട് നടന്നത് അപ്രതീക്ഷിതമായ കാര്യമായിരുന്നു. വാപ്പയുടെ ശബ്ദമുയർന്നു: “എടാ നിനക്കറിയുമോ, ഞാനീ പഞ്ചായത്തിലെ പ്രസിഡന്റാണ്. കാര്യസാധ്യത്തിനായി പലരും ഇതുപോലെ സമ്മാനങ്ങളും പാരിതോഷികങ്ങളുമായ് വരും. അവ വാങ്ങിക്കഴിഞ്ഞാൽ നമ്മൾ അവർക്ക് വിധേയരായി അവർ പറയുന്നതെല്ലാം ചെയ്യേണ്ടി വരും. അർഹതപ്പെട്ടതല്ലാതെ ഒന്നും സ്വീകരിക്കരുത്. അതെല്ലാം ബാധ്യതയായ് തീരും. മേലാൽ ഇങ്ങനെ സംഭവിച്ചാൽ നിന്റെ മുട്ടുകാൽ ഞാൻ തല്ലിയൊടിക്കും.”
അന്ന് മനസ് വിഷമിച്ച ആ ബാലൻ, തന്റെ വളർച്ചയുടെ കാലഘട്ടത്തിലും ഈ അനുഭവം മനസിൽ സൂക്ഷിച്ചു. അദ്ദേഹമാണ് ഭാരതത്തിന്റെ പ്രസിഡന്റായിത്തീർന്ന അബ്ദുൾ കലാം.
“നമ്മൾ സമ്മാനങ്ങൾ സ്വീകരിക്കേണ്ടവരല്ല. കൊടുക്കേണ്ടവരാണ്. അധികാരം മറ്റുള്ളവരിൽ നിന്ന് പണവും വസ്തുക്കളും സ്വീകരിച്ച് അവരെ ചൂഷണം ചെയ്യാനുള്ളതല്ല, മറിച്ച് നിലപാടുകളിൽ ഉറച്ചുനിന്ന് മറ്റുള്ളവർക്ക് നന്മ ചെയ്യാനുള്ളതാണ്.” അബ്ദുൾ കലാമിന്റെ ഈ വാക്കുകളും ജീവിതവുമാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്.
ക്രിസ്തുരാജന്റെ തിരുനാൾ ആഘോഷിക്കുന്ന വേളയിൽ ഈ സംഭവം ഓർത്തെന്നേയുള്ളു. ക്രിസ്തുവും മറ്റുള്ളവരിൽ നിന്ന് സമ്മാനങ്ങൾ സ്വീകരിച്ചവനല്ല, ഏവർക്കും സമ്മാനമായ് തീർന്നവനാണ്. കൊല്ലുമെന്നറിഞ്ഞിട്ടും നിലപാടുകളിൽ വെള്ളം ചേർക്കാൻ തയ്യാറാകാത്തവൻ. തനിക്കുള്ളതെല്ലാം മറ്റുള്ളവർക്ക് ദാനമായ് നൽകി. തന്നെ അനുഗമിക്കാൻ വന്നവരോട് അവൻ പറഞ്ഞു: “കുറുനരികള്‍ക്കു മാളങ്ങളും ആകാശത്തിലെ പക്‌ഷികള്‍ക്കു കൂടുകളും ഉണ്ട്; മനുഷ്യപുത്രനു തലചായ്‌ക്കാന്‍ ഇടമില്ല”(ലൂക്കാ 9 : 58).
ഈ വാക്കുകളും നിലപാടുകളും വ്യക്തതയുമാണ് ക്രിസ്തുവിനെ മറ്റു നേതാക്കളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. പിറന്നത് കാലിത്തൊഴുത്തിൽ, മരിച്ചത് മരക്കുരിശിൽ. അദ്‌ഭുതങ്ങൾ ഏറെ ചെയ്തപ്പോഴും തനിക്കുവേണ്ടി ഒരു അദ്ഭുതവും ചെയ്യാത്തവൻ. മുൻകൂട്ടി പറഞ്ഞതുപോലെ മൂന്നാം നാൾ ഉയിർത്തു. ഇന്നും സജീവ സാനിധ്യമായ് നമുക്കിടയിൽ ജീവിക്കുന്നു. അങ്ങനെയുള്ള ക്രിസ്തുവിനെ അല്പം വേദനയോടെയാണെങ്കിലും അനുഗമിക്കാനുള്ള ശ്രമങ്ങൾ തുടരട്ടെ.
ഏവർക്കും ക്രിസ്തുവിന്റെ രാജത്വ തിരുനാൾ മംഗളങ്ങൾ!
ഫാ. ജെൻസൺ ലാസലെറ്റ്