“ആണുങ്ങൾ ആരെങ്കിലും ഉണ്ടെങ്കിൽ വന്നോളിൻ”

അങ്ങനെ ആ ദിവസം വന്നിരിക്കുകയാണ്. കുട്ടിയോക്രസി അതിൻ്റെ മൂർദ്ധന്യത്തിൽ ഭരണം നടത്തുന്ന അവസ്ഥ. ഈ അവസ്ഥയിലേക്ക് നയിച്ചത് മുതിർന്നവർ എന്ന് അവകാശപ്പെടുന്നവർ തന്നെയാണ്. എന്താണീ മുതിർന്നവർ ചെയ്യുന്നത്?

1. അവർ ഫോണിന് അഡിക്റ്റ് ആണ്

കുഞ്ഞുങ്ങളെ നോക്കാൻ മുതിർന്നവർക്ക് സമയമില്ല എന്നത് പണ്ടും ഇപ്പോഴും ശരിയാണ്. ഒരു ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് മുമ്പ് കുട്ടികളും മുതിർന്നവരും ഒരുമിച്ചിരുന്ന് സീരിയൽ കണ്ട് സമയം കളയുമായിരുന്നു. ഇന്ന് ആ സ്ഥിതി മാറി എല്ലാവരും സ്വന്തം ഫോണിലേക്ക് തിരിഞ്ഞിരിക്കുന്നു. അതിൽ ത്തന്നെ കുട്ടികളും മുതിർന്നവരും റീൽസ് അഡിക്റ്റ് ആയി മാറി. ടി.വിയിലേത് പോലെ ഫോണിലും മറ്റാരോ ചെയ്തു വച്ച കാര്യങ്ങൾ യാതൊരു സെൻസറിങ്ങും ഇല്ലാത്ത ഒരു തലമുറയാണ് ഇന്നുള്ളത്. റീൽസിലൂടെ സമർത്ഥമായി തങ്ങൾ ഉദ്ദേശിക്കുന്ന കാര്യങ്ങൾ നടപ്പിലാക്കുന്ന മാഫിയകളും ഇവിടെ സജീവം.

2. അലസത

ഈ അടുത്ത കാലത്ത് മലയാളിക്ക് പൊട്ടിമുളച്ച അസുഖം ഒന്നുമല്ല മടി എന്നത്. പണ്ട് വീട്ടിൽ കിണറു കുത്താൻ വന്ന ‘മടിയൻമാരായ മലയാളികളെ പറഞ്ഞ് വിട് പപ്പാ, നമുക്ക് വല്ല തമിഴൻ മാരെക്കൊണ്ട് പണിയിപ്പിക്കാം’ എന്നു പറഞ്ഞ എന്റെ ബാല്യകാലം ഓർമ്മിക്കുന്നു. അതായത് അപൂർവ്വം ചിലരൊഴിച്ച് നമുക്ക് നല്ല മടിയുണ്ട്. പ്രത്യേകിച്ച് നാടിനുള്ളിൽ. ഇന്ന് ഈ മടി സോഫയിൽ നിന്ന് എഴുന്നേൽക്കാൻ പറ്റാത്ത അവസ്ഥയായി രൂപാന്തരപ്പെടുന്നു. ഒറ്റ വാക്യത്തിൽ പറഞ്ഞാൽ ജീവിച്ചിരിക്കുമ്പോൾ ത്തന്നെ ചത്തിരിക്കുന്നു. ആളുകൾക്ക് പണി കുറവായതിനാൽ ഇവിടെ ബേക്കറികളുടെ എണ്ണം മാത്രം കൂടുന്നു എന്ന നിരീക്ഷണം ഓർക്കുക.

3. മറയുന്ന കളിക്കളങ്ങൾ

യുവത്വം മറുകര തേടിയപ്പോൾ നാമവശേഷമായത് നാട്ടിലെ കളിക്കളങ്ങൾക്കാണ്. പേരിന് ടൂർണമെന്റുകളും ടർഫുകളും ഉണ്ട്. എന്നാൽ നേരത്തെ ഒരു കിലോമീറ്റർ ചുറ്റളവിൽ കളിക്കുന്ന എത്രയോ കുട്ടി സംഘങ്ങളെ കാണാമായിരുന്നു. ഇന്ന് മുറിയിൽ നിന്ന് പുറത്തിറങ്ങാൻ ആർക്കും താല്പര്യം ഇല്ല. കലുങ്കുകളും കടത്തിണ്ണകളും പരസ്പരമുള്ള സംസാരവും ഇല്ലാതായി. മുഖത്തെ പുഞ്ചിരി ഇല്ലാതായി. ഇന്നത്തെ സിനിമകൾ പോലെ നമ്മൾ വളരെയധികം സീരിയസ് ആയി. സമയം ഇല്ല എന്ന കാരണം പറഞ്ഞ് നടപ്പ് ഉപേക്ഷിച്ചു. കൃഷിക്ക് ലാഭം ഇല്ല എന്നു പറഞ്ഞ് അത് ഉപേക്ഷിച്ചു. വായന ബോറിങ്ങ് ആണെന്ന് പറഞ്ഞ് അത് ഉപേക്ഷിച്ചു. ഗേറ്റ് തുറന്നാൽ പേപ്പട്ടി കടിക്കും എന്നു പറഞ്ഞു വീടിൻ്റെ മതിലിന്റെ ഉയരം മാത്രം കൂട്ടിക്കൊണ്ടിരിക്കുന്നു.

4. മരണവ്യാപാരികൾ

മതിലിന്റെ ഉയരം കൂട്ടിയെങ്കിലും കുഞ്ഞുങ്ങൾ ഏതു വഴിയാണ് ഇറങ്ങി പോന്നത് എന്ന് മാതാപിതാക്കൾക്കും അദ്ധ്യാപകർക്കും അറിയില്ല. കുട്ടിക്ക് സ്കൂളിൽ വിഷമം തോന്നിയാൽ അദ്ധ്യാപകരെ ഇല്ലായ്മ ചെയ്യാനാണ് സമൂഹം കൊതിക്കുക. അതുപോലെ വടി തരൂ അച്ചടക്കമുള്ള തലമുറയെ സൃഷ്ടിക്കാം എന്നും പറഞ്ഞ് വേറെ കുറെയെണ്ണം നിരന്തരം പോസ്റ്റ് ഇട്ടോണ്ട് ഇരിക്കുന്നു. പ്രശ്നം എന്താണ്? ഒരു കുട്ടി ഒരു തെറ്റ് ചെയ്താൽ രണ്ടടി കൊടുത്ത് കാര്യം തീർക്കാൻ ഏത് മണ്ടനും നിഷ്പ്രയാസം സാധിക്കും. എന്നാൽ കാര്യം അവിടെ തീരുന്നുണ്ടോ? ഇങ്ങനെ കാര്യങ്ങൾ തീർക്കുന്നതിന്റെ പിന്നിലുള്ള ചേതോവികാരം അക്ഷമ മാത്രമാണ്. കുഞ്ഞുങ്ങളുമായി ഇടപെടുമ്പോൾ നമ്മൾക്ക് ക്ഷമ കൂടിയേ തീരൂ. ഏതൊരു പ്രശ്നവും സാധ്യതയായി കാണുക. നമ്മൾക്ക് ക്ഷമ നഷ്ടപ്പെടുമ്പോൾ ‘മോള് കഴിച്ചോ’ എന്ന കെയറിങ്ങുമായി മരണ വ്യാപാരികൾ കടന്നു വരുന്നു. എന്തിലും പുതുമ പരീക്ഷിക്കാൻ താല്പര്യപ്പെടുന്ന കുട്ടികൾ പഴയ കുഴലൂത്തുകാരന്റെ പുറകേ പോയതു പോലെ അവരുടെ പുറകേ പോകുന്നു. നശിക്കുന്നു. അവർക്ക് ഇന്ന് ആഘോഷിക്കാൻ മാർക്കോയും രംഗണ്ണനും കേട്ടാൽ ചെവി പൊത്തുന്ന പാട്ടുകളും മാത്രമേ ഉള്ളൂ. പെൺകുട്ടികളിൽ ഭൂരിഭാഗവും കൊറിയയിൽ താമസിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായിരിക്കുന്നു.

5. വെറുപ്പ്

ഈ കാലഘട്ടം വെറുപ്പിൻ്റെ കാലഘട്ടം ആണ്. കൂട്ടുകാരനെ കൊന്നതിന് 14 വർഷം ശിക്ഷ കിട്ടി. എന്നാൽ എന്താ, അത് കഴിഞ്ഞ് ഞാൻ പുറത്തിറങ്ങി സുഖമായി ജീവിക്കും എന്നു പറഞ്ഞ കുട്ടിയുടെ യുക്തി ഇന്ന് അനേകരിൽ ഉണ്ട്. ഇഷ്ടം ഇല്ലാത്ത വ്യക്തിയെ, ആശയത്തെ കൊന്ന് കുഴിച്ച് മൂടുക എന്ന തീക്ഷ്ണതയോടെ എല്ലാവരും മത്സരിക്കുന്നു. സ്വന്തം പാർട്ടി ജയിക്കണം. സ്വന്തം മതം ജയിക്കണം. സ്വന്തം ആശുപത്രിയും സ്കൂളും തട്ടുകടയും മാത്രം ഇവിടെ മതി എന്നു ചിന്ത സൈബർത്തീയായി പടരുന്നു. അവിടെ ചർച്ചകൾ ഇല്ല, അഭിപ്രായങ്ങൾ ഇല്ല, പകരം അടിച്ച് ഏല്പിക്കലുകളും സംഘട്ടനങ്ങളും മാത്രമേ ഇല്ല. പശ്ചാത്താപം, കണ്ണീര് , പാപബോധം എന്നിവ 2018-ലെ വെള്ളപ്പൊക്കത്തിൽ ഒലിച്ചു പോയി എന്നു തോന്നുന്നു. ഫ്രഞ്ച് വിപ്ളവത്തിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട ചാൾസ് ഡിക്കൻസിന്റെ നോവലായ രണ്ടു നഗരങ്ങളിലെ നായികയെപ്പോലെ എല്ലാത്തിനെയും ചുറ്റികയ്ക്ക് അടിച്ച് കൊല്ലാനുള്ള അരിശം മാത്രം ഇവിടെ അവശേഷിക്കുന്നു.

ഇനി എന്ത്?

ഫോൺ മാറ്റിവച്ച് അധ്യാപകരും മാതാപിതാക്കളും കുട്ടികളുടെ കൂടെ അഞ്ച് വയസ് വരെ മാത്രം കളിച്ചാൽ പോരാ, അവരുടെ പഠന കാലയളവ് തീരും വരെ കളിക്കുക. ഓരോ ക്ലാസ്സിലും ധ്യാനത്തിന് പ്രാധാന്യം കൊടുക്കുക. പ്രാർത്ഥിക്കാൻ പഠിപ്പിക്കുക. കഥകൾ പറയുക. ഒരുമിച്ച് പൂന്തോട്ടം നിർമ്മിക്കുക. സ്വയം ഫോൺ മാറ്റി വച്ച് മാതൃകയാകുക. ടാഗോർ പറഞ്ഞതു പോലെ കുട്ടികൾ നിർമ്മലരായി വന്നവരാണ്. അവരെ വഴി തെറ്റിച്ചതാണ്. ഈ വിഷയം ഇപ്പോൾ ചർച്ച ചെയ്യുന്ന മാധ്യമ പണ്ഡിറ്റുകൾ ഇപ്പോൾ ഏതോ സ്ക്രീനിലിരുന്ന് വഴക്ക് ഉണ്ടാക്കുന്നത് ഒരു കുട്ടിയും കാണുന്നില്ല. പക്ഷേ ആ അന്തരീക്ഷത്തിൻ്റെ വൈബ് കുട്ടിയിലേക്ക് എത്തുന്നുണ്ട്. വൃത്തിഹീനമായ ഒരു സ് സ്റ്റാൻഡിൻ്റെ വൈബ് അവരിൽ എത്തുന്നു. കലഹിക്കുന്ന മാതാപിതാക്കളുടെ വൈബ് എത്തുന്നു. തെരുവു യുദ്ധം നടത്തുന്ന രാഷ്ട്രീയ മത പ്രമാണിമാരുടെ വൈബ് എത്തുന്നു. കള്ളു കുടി മോശമാണ് എന്ന് കള്ളു ഷാപ്പിലിരുന്ന് ആരോ പറഞ്ഞു കൊണ്ടിരിക്കുന്നു. മറ്റ് കുടിയൻമാർ തലയാട്ടുന്നു.

ജിൻസൺ ജോസഫ് മുകളേൽ CMF

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.