സംഗീതത്തിലൂടെ വിശ്വാസം പുൽകിയ ചൈനയിൽ നിന്നുള്ള യുവതി

ചൈനയിലെ ഒരു കമ്മ്യൂണിസ്റ്റ് നിരീശ്വര കുടുംബത്തിലാണ് 31 കാരിയായ വെങ് യിരുയി ജനിച്ചതും വളർന്നതും. ഇന്ന് പിയാനോയിൽ പ്രാവീണ്യം നേടിയ അവൾക്ക്  പിയാനോ പഠിക്കാൻ തുടങ്ങിയപ്പോൾ, അതിലൂടെ ദൈവത്തെ കണ്ടുമുട്ടാൻ കഴിയുമെന്ന് അറിയില്ലായിരുന്നു. സംഗീതത്തിലൂടെ ദൈവത്തെ സ്വന്തമാക്കി കത്തോലിക്കാ വിശ്വാസത്തിലേക്ക് കടന്നുവന്ന വെങ് യിരുയിയെ കൂടുതൽ അറിയാം.

അസ്വാതന്ത്ര്യത്തോടെ ജീവിച്ച ബാല്യ, കൗമാരകാലം

ചൈനയിൽ ജനിച്ചു വളർന്ന യിരുയി അവളുടെ മാതാപിതാക്കളോടുപോലും സ്വാതന്ത്ര്യത്തോടെ ഇടപെടാതെയാണ് വളർന്നുവന്നത്. അതുകൊണ്ട് അവൾ സംഗീതത്തോട് സംവദിക്കാൻ ആരംഭിച്ചു. ചെറുപ്പകാലത്തേ അഭ്യസിച്ചു തുടങ്ങിയ സംഗീതമാണ് അവളെ കൂടുതൽ സ്വതന്ത്രയാക്കിയത്. ഹൈസ്കൂൾ ഭൗതികശാസ്ത്ര അധ്യാപികയായിരുന്ന അവളുടെ അമ്മ സാങ്കേതികവിദ്യയിൽ മാത്രമാണ് ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്. മനശാസ്ത്ര പ്രൊഫസർ ആയിരുന്ന അവളുടെ പിതാവിന് പ്രയോജനവാദം എന്ന തത്വചിന്ത മാത്രമേ ജീവിതത്തിൽ ഉണ്ടായിരുന്നുള്ളൂ. അവർ ഇരുവർക്കും ദൈവത്തിൽ വിശ്വാസം ഉണ്ടായിരുന്നില്ല.

എന്നാൽ, സംഗീതത്തിൽ കൂടുതൽ ശ്രദ്ധിച്ച യിരുയിക്ക് സംഗീതത്തിനപ്പുറം മറ്റെന്തോ ഉണ്ടെന്ന് ഉറപ്പുണ്ടായിരുന്നു. “ദൈവമില്ലായിരുന്നെങ്കിൽ ഇവയൊന്നും ഒരിക്കലും നിലനിൽക്കുമായിരുന്നില്ല എന്ന് എനിക്കറിയാം. പക്ഷേ ചൈനയിൽ, ഈ വിഷയത്തെക്കുറിച്ച് പരാമർശിക്കുക പോലും ചെയ്യാൻ കഴിയില്ലായിരുന്നു.”- 30 കാരിയായ അവൾ വിശദീകരിക്കുന്നു.

സംഗീതത്തിലൂടെ ദൈവത്തിലേക്ക്

ബിരുദം നേടിയ യിരുയി, അധ്യാപനം, പിയാനോ, ആലാപനം എന്നിവയിൽ വൈദഗ്ധ്യം നേടി. സംഗീതത്തോടുള്ള പ്രണയംകൊണ്ട് പഠനം തുടരാനും ഒരു കോറൽ അക്കോമ്പനിസ്റ്റാകാനും 2016 ൽ ഇറ്റലിയിലേക്ക് താമസം മാറി. അവിടെ വച്ചാണ് 22 വയസ്സുള്ള യിരുയി ആദ്യമായി കത്തോലിക്കാ പള്ളി കണ്ടത്.

“ഞങ്ങളുടെ ഇറ്റാലിയൻ അധ്യാപിക ഞങ്ങളുമായി ആദ്യം സന്ദർശിച്ച സ്ഥലങ്ങളിൽ ഒന്ന് മിലാനിലെ കത്തീഡ്രലായിരുന്നു. ഇത്രയും മനോഹരമായ ഒന്ന്, അന്നുവരെയും ഞാൻ കണ്ടിട്ടില്ലായിരുന്നു. എന്തുകൊണ്ടാണ് ഈ കെട്ടിടം ഇത്രയും മനോഹരമായിരിക്കുന്നതെന്ന് ഞാൻ ചിന്തിച്ചു. ഒഴിവുസമയങ്ങളിൽ ഞാൻ അവിടെ സമയം ചെലവഴിക്കുമായിരുന്നു. അവിടുത്തെ നിശബ്ദത എന്നെ അദ്ഭുതപ്പെടുത്തി. എല്ലാവരും ക്രൂശിത രൂപത്തിലേക്ക് നോക്കുന്നത് ഞാൻ ശ്രദ്ധിച്ചെങ്കിലും അത് എന്താണെന്ന് എനിക്ക് മനസ്സിലായില്ല.” കത്തോലിക്കാ ദേവാലയത്തിൽ ചെന്ന അനുഭവത്തെക്കുറിച്ച് യിരുയി പങ്കുവയ്ക്കുന്നു.

ആദ്യ കത്തോലിക്കാ സംഗീതം

ചാരത്തിനടിയിലെ കനലുകൾ പോലെ ദൈവത്തെക്കുറിച്ചുള്ള നിരവധി ചോദ്യങ്ങൾ ആരുമറിയാതെ അവൾ തന്റെ ഉള്ളിൽ അവൾ കൊണ്ടുനടന്നിരുന്നു. 2018 ൽ മിലാനിലെ സംഗീതപഠനത്തിന്റെ രണ്ടാം വർഷത്തിൽ വിശുദ്ധ സംഗീതത്തിന്റെ ഒരു കോഴ്സിൽ സംബന്ധിക്കുമ്പോഴാണ് അന്റോണിയോ വിവാൾഡിയുടെ ‘ഗ്ലോറിയ…’ എന്ന പാട്ട് പഠിക്കുന്നത്. അതിൽ പരാമർശിക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്, ദൈവപുത്രൻ എന്നീ വാക്കുകളുടെ തലങ്ങളെക്കുറിച്ച് അവൾ അന്നുമുതൽ ചിന്തിക്കാൻ തുടങ്ങി. അത് ദൈവത്തെക്കുറിച്ച് അറിയാനും ക്രിസ്തുവിന്റെ മരണത്തെ കുറിച്ച് അറിയാനും അവളുടെ ഉള്ളിലുള്ള നിരവധി അസ്ഥിത്വപരമായ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനും കാരണമായി. “ദൈവത്തെ കണ്ടുമുട്ടിയത് എന്റെ ജീവിതത്തെ ശരിക്കും മാറ്റിമറിച്ചു. ഇപ്പോൾ എനിക്ക് ഒന്നിനെയും ഭയമില്ല.” അവൾ പങ്കുവച്ചു.

ക്രിസ്തുവിനെ കണ്ടെത്തിയതു മുതൽ

ക്രിസ്തുവിനെ കണ്ടെത്തിയതു മുതൽ അവിടുത്തെ കൂടുതൽ അറിയാൻ അവൾ മതപഠന ക്ലാസുകളിൽ പോകാൻ തുടങ്ങി. “യേശു ക്ഷമയെക്കുറിച്ച് പഠിപ്പിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാൻ എനിക്ക് എളുപ്പമായിരുന്നില്ല. കാരണം ചൈനയിൽ ഞാൻ പഠിച്ചത് അങ്ങനെയല്ല. ആരെങ്കിലും എന്നെ വേദനിപ്പിച്ചാൽ എന്തിനാണ് ഞാൻ അവരോട് ക്ഷമിക്കുന്നതെന്ന് ഞാൻ ചിന്തിച്ചു. എന്നോട് തന്നെയും മറ്റുള്ളവരോടും എന്റെ മാതാപിതാക്കളോടും എനിക്ക് ക്ഷമിക്കാൻ കഴിയും എന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ക്ഷമിക്കുന്നവർ ശക്തരും ധൈര്യശാലികളും ആണെന്ന സഭയുടെ പഠനം എന്നെ ക്ഷമിക്കാൻ ശക്തിപ്പെടുത്തി.” തന്റെ മതബോധന പഠനത്തെക്കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവച്ചുകൊണ്ട് അവൾ പറഞ്ഞു.

ക്രിസ്തുവിനെ കണ്ടെത്തിയതു മുതൽ ഞാൻ പാട്ടുകൾ പാടുമ്പോൾ പ്രാർഥിക്കാനും ആരംഭിച്ചുവെന്നാണ് അവൾ പിന്നീട് വിശദീകരിച്ചത്. ഒടുവിൽ 2023 ഏപ്രിൽ എട്ടിന് മിലാനിൽ എലീനർ എന്ന പേരിൽ അവൾ ജ്ഞാനസ്നാനം സ്വീകരിച്ചു. “ക്രിസ്തീയ വിശ്വാസം അടിച്ചമർത്തപ്പെടുന്ന ചൈനയിൽ യുവജനങ്ങൾക്ക് സത്യം കണ്ടെത്താനും അതിനെ പിന്തുടരാനും കഴിയട്ടെ എന്ന് ഞാൻ പ്രാർഥിക്കുന്നു” അവൾ പറയുന്നു.

വിവർത്തനം: സി. നിമിഷറോസ് CSN

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.