ഭക്ഷണവും റോസാപ്പൂവും ഇഷ്ടപ്പെടുന്നവർക്കായി ഒരു വിശുദ്ധ

ജനുവരി 17-ന് ഫ്രഞ്ച് സന്യാസിനിയായ വി. റോസലിന്റെ തിരുനാൾ ദിനമാണ്. ഭക്ഷണവും റോസാപ്പൂവും ഇഷ്ടപ്പെടുന്നവർക്കായിട്ടുള്ള ഒരു വിശുദ്ധയാണ് വി. റോസലിൻ. 1263-ൽ ജനിച്ച വി. റോസലിൻ ഡി വില്ലെന്യൂവ്, ഫ്രാൻസിലെ പ്രോവൻസിൽ താമസിച്ചിരുന്ന സമ്പന്നരായ കത്തോലിക്കാ മാതാപിതാക്കളുടെ മകളായിരുന്നു. സുഖകരമായി ജീവിക്കാമായിരുന്നിട്ടും റോസലിൻ ദരിദ്രരോട് അനുകമ്പയും ദയയും ഉള്ളവളായിരുന്നു. ഈ വിശുദ്ധയുടെ ജീവിതം ക്രിസ്ത്യൻ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉജ്വല ഉദാഹരണമാണ്.

ക്ഷാമകാലത്ത് കർഷകർക്ക് ഭക്ഷണത്തിന്റെ ലഭ്യത കുറവായിരുന്നു. സ്വന്തം വീടിന്റെ സ്റ്റോർ റൂമിൽ നിന്ന് റോസ്‌ലിൻ അവർക്ക് ഭക്ഷണം നൽകുമായിരുന്നു. ഒരു ദിവസം, ഭക്ഷണം കുറവുള്ള പ്രദേശവാസികൾക്കായി അവൾ തയ്യാറാക്കിയ റൊട്ടി ഒരു കുട്ടയിൽ നിറച്ച്‌ ധരിച്ചിരുന്ന ഏപ്രൺകൊണ്ട് മറച്ചാണ് വന്നത്. ഇതുകണ്ട പിതാവ് ഏപ്രണിൽ എന്താണെന്ന് നോക്കാൻ തുറന്നു കാണിക്കാൻ ആവശ്യപ്പെട്ടു. റോസ്‌ലിനു വേറെ വഴിയില്ലായിരുന്നു. അവൾ പിതാവിനെ അനുസരിച്ചു. പക്ഷേ ഏപ്രണിൽ നിന്ന് അപ്പമൊന്നും വീണില്ല; പകരം മനോഹരമായ റോസാപ്പൂക്കൾ മാത്രം.

റോസ്‌ലിൻ നല്ല പ്രവൃത്തികൾ തുടർന്നുകൊണ്ടിരുന്നപ്പോൾ ദൈവം അവൾക്കായി മറ്റ് അടയാളങ്ങളും തുടർന്നു. അവൾ ഒരു സന്യാസിനിയായിത്തീർന്നു. റോസലിൻ തന്റെ സഹസന്യാസിനിമാർക്ക് ഭക്ഷണം തയ്യാറാക്കുന്നതിനിടയിൽ മറ്റൊരു സംഭവം ഉണ്ടായി. മഠത്തിൽ ഭക്ഷണസമയത്ത് മണി മുഴങ്ങിയപ്പോൾ ഭക്ഷണം തയ്യാറായില്ല. എന്നാൽ എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് സഹോദരിമാർ റെഫെക്റ്ററിയിൽ പ്രവേശിക്കുമ്പോൾ ഭക്ഷണം മേശപ്പുറത്ത് ഉണ്ടായിരുന്നു.

1329 ജനുവരി 17-ന് റോസ്‌ലിൻ മരിച്ചു. അഞ്ച് വർഷത്തിനുശേഷം അവളുടെ ശരീരം പുറത്തെടുത്തപ്പോൾ കണ്ണുകൾ തുറന്നിരുന്നു, ശരീരവും കേടുകൂടാതെയിരുന്നു. 1894-ൽ വി.റോസ്‌ലിന്റെ മൃതദേഹം എംബാം ചെയ്തു. ഇപ്പോൾ ‘വി. റോസ്‌ലിന്റെ ചാപ്പൽ’ എന്ന് വിളിക്കപ്പെടുന്ന സെല്ലെ-റൂബോഡിന്റെ പഴയ ചാപ്പലിൽ സൂക്ഷിച്ചിരിക്കുന്നു.

വി. റോസ്‌ലിന്റെ തിരുനാൾ ദിനത്തിന്റെ പ്രധാന ആഘോഷം വിശുദ്ധയുടെ ജന്മദേശമായ പ്രൊവിൻസിൽ ഭക്ഷണം തയ്യാറാക്കുക എന്നതാണ്. പച്ചക്കറികളും ഔഷധസസ്യങ്ങളും വിഭവത്തിൽ ഉൾപ്പെടുത്തിയ പരമ്പരാഗത ഭക്ഷണമാണ് ഉണ്ടാക്കുന്നത്.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.