ഹേറോദേസിന്റെ കല്പപനയാൽ മരണമടഞ്ഞ കുഞ്ഞിപ്പൈതങ്ങൾക്ക് ഭൂമിയിൽ ഹ്രസ്വമായ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും നമ്മുടെ ജീവിതം ദൈവത്തിന് ബലിയായി അർപ്പിക്കാൻ അവരുടെ മാതൃക നമ്മെ പ്രചോദിപ്പിക്കുന്നു. കുഞ്ഞിപ്പൈതങ്ങൾ ഇപ്പോൾ സ്വർഗത്തിൽ ക്രിസ്തുവിനോട് ഐക്യപ്പെട്ടിരിക്കുകയാണ്. കൂടാതെ, ദൈവത്തിന്റെ അനേകം കൃപകൾ നമ്മുടെമേൽ വർഷിക്കാൻ കഴിയുന്ന ശക്തരായ മധ്യസ്ഥരുമാണ് കുഞ്ഞിപ്പൈതങ്ങൾ.
ദൈവവുമായി ഐക്യപ്പെടാൻ ആവശ്യമായതെല്ലാം, പ്രത്യേകിച്ച് സദ്ഗുണമുള്ള രീതിയിൽ നമ്മുടെ ക്രിസ്തീയജീവിതം നയിക്കാനുള്ള ധൈര്യവും ശക്തിയുമാണ് നാം പ്രാർഥിക്കേണ്ട ഏറ്റവും വലിയ കൃപ. കുഞ്ഞിപ്പൈതങ്ങളോടുള്ള ഒരു ചെറിയ പ്രാർഥനയാണ് ചുവടെ ചേർത്തിരിക്കുന്നത്…
“വിശുദ്ധരായ കുഞ്ഞിപ്പൈതങ്ങളേ, രക്തസാക്ഷികളുടെ രാജാവായ യേശുക്രിസ്തുവിന്റെ ആദ്യകാല രക്തസാക്ഷികളേ, നിങ്ങളുടെ മാധ്യസ്ഥം ഞങ്ങൾ യാചിക്കുന്നു. നിഷ്കളങ്കമായി ഉണ്ണീശോയെ സ്നേഹിച്ചവരാണ് നിങ്ങൾ. ഈ ലോകത്തിലെ അപകടങ്ങളിൽനിന്ന് എല്ലാ കുഞ്ഞുങ്ങളെയും സംരക്ഷിക്കണമേ. നിങ്ങൾക്കുവേണ്ടി ജീവൻ നൽകാൻ വന്ന ക്രിസ്തുവിനുവേണ്ടി എത്ര മധുരതരമായ മരണമാണ് നിങ്ങൾ വരിച്ചത്. കുറവുകളേറെയുള്ള ഞങ്ങളുടെ ജീവിതത്തിലും അങ്ങയെ അനുഗമിക്കാൻ അനുഗ്രഹിക്കണമേ. ജീവിതത്തിലും ഏതു ക്ലേശങ്ങളിലും അങ്ങയോട് ചേർന്നുനിൽക്കാൻ അനുഗ്രഹിക്കണമേ. ആമ്മേൻ.”