അമ്മത്രേസ്യായുടെ ജന്മനാട്ടിലേക്ക് ഒരു തീർഥാടനം

തീർഥാടനത്തിനു മുമ്പ് എന്റെ ജന്മനാട്ടിലെ ഒരു സംഭവം.

കിഴക്കും പടിഞ്ഞാറുമായി മറ്റു രണ്ടു പള്ളികൾ കൂടിയുള്ള കുട്ടനാട്ടിലെ പുളിങ്കുന്ന്‌ ഇടവകയിലാണ് എന്റെ ജന്മഗൃഹം. പ്രധാന തിരുനാൾ ദിവസങ്ങളിൽ ആ രണ്ടു പള്ളികളിലേയ്ക്കും പ്രദക്ഷിണമുണ്ട്. അതോടൊപ്പം തന്നെ കിഴക്കേപ്പള്ളിയുടെ മദ്ധ്യസ്ഥയായ ആവിലായിലെ വി. അമ്മത്രേസ്യായുടെ തിരുനാനാളും പടിഞ്ഞാറെ പള്ളിയുടെ മദ്ധ്യസ്ഥനായ വി. സെബസ്ത്യാനോസിന്റെ തിരുനാളും രണ്ടുകൂട്ടരും വളരെ വീറും വാശിയോടും കൂടെ വെവ്വേറെ നടത്തുന്നുണ്ട്. ആഘോഷങ്ങളില്‍ തങ്ങളിലാരാണ് കൂടുതല്‍ മെച്ചം എന്നു തെളിയിക്കാനുള്ള അവസരം കൂടിയാണിത്. മിക്കവാറും വര്‍ഷങ്ങളില്‍ വാദം വികാരിയച്ചന്റെ മുമ്പിലെത്തും.

ഇടവകപ്പള്ളിയുടെ കിഴക്കേ കുരിശുപള്ളിയുടെ അടുത്ത് താമസിച്ചിരുന്ന എനിക്ക് ഒരു അള്‍ത്താര ബാലൻ എന്ന നിലയിൽ ആവിലായിലെ അമ്മത്രേസ്യയുടെ തിരുനാള്‍ ആഘോഷിക്കുവാനും ഇടവക ദൈവാലയത്തിലെ തിരുനാൾ പ്രദക്ഷിണം വരുന്ന വഴികൾ അലങ്കരിക്കാനും ചെറുപ്പത്തില്‍ ഏറെ അവസരങ്ങള്‍ കിട്ടിയിട്ടുണ്ട്. അന്ന് അമ്മത്രേസ്യായുടെ പേരുള്ള കുരിശുപള്ളി ഒന്നാമതെത്തിക്കാന്‍ വാശി കാണിച്ചിരുന്ന ഞാൻ ഇന്ന് ആ വിശുദ്ധയുടെ നാട്ടിൽ ആറു വർഷമായി ഉണ്ട്. കാലം കാത്തുവച്ച കാവ്യനീതി.

കേരളത്തിലെ ആവിലയാണ് ഒരർഥത്തിൽ കണ്ണൂരിനടുത്തുള്ള മാഹി. ‘മാഹി മാതാവ്’ അഥവാ ‘മാഹി അമ്മ’ എന്ന പേരിലാണ് ആവിലായിലെ അമ്മത്രേസ്യാ കേരളത്തിലെ വിശ്വാസികളുടെ ഇടയിൽ സ്ഥാനം പിടിച്ചിട്ടുള്ളത്.

കര്‍മ്മലീത്ത സഭാംഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അമ്മത്രേസ്യയോടുള്ള ഭക്തി ജനങ്ങളിൽ വർദ്ധിക്കാന്‍ കാരണമായിട്ടുണ്ട്. ഈ വിശുദ്ധയുടെ മദ്ധ്യസ്ഥതയിൽ അനേകം കുട്ടികൾക്കും യുവാക്കൾക്കും രോഗസൗഖ്യം ലഭിച്ചതിനാല്‍ തന്നെ ധാരാളം വിശ്വാസികള്‍ അമ്മത്രേസ്യയോട് മാദ്ധ്യസ്ഥ്യം തേടി പ്രാർഥിക്കുന്നുണ്ട്. കാരണം, ചെറുപ്പത്തിൽ വലിയ അസുഖങ്ങൾ പുണ്യവതിയെ അലട്ടിയിരുന്നു. കോണ്‍വെന്റില്‍ ചേർന്ന തെരേസയെ, തുടര്‍ച്ചയായ രോഗം കാരണം വീട്ടില്‍ നിർത്തിയാണ് ചികിത്സിച്ചത്. നാലു ദിവസം വരെ അബോധാവസ്ഥയിലും അവള്‍ കിടന്നിട്ടുണ്ട്. അതിനാല്‍, ഈ വിശുദ്ധയോടു പ്രാർഥിച്ചാല്‍ ധാരാളം അനുഗ്രഹങ്ങള്‍ കിട്ടുമെന്ന് യുവാക്കളും കുട്ടികളും വിശ്വസിക്കുന്നു.

സ്പെയിനില്‍ വന്നതിനുശേഷം ഞാന്‍ ആദ്യമായി ഒരുതീർഥയാത്ര നടത്തിയത് ആവിലയിലേയ്ക്കാണ്. കുഞ്ഞുന്നാളില്‍ കേട്ടു പരിചയമുള്ള വിശുദ്ധയെക്കുറിച്ച് കൂടുതൽ അറിയുവാനുള്ള ഒരു ജിജ്ഞാസ എന്നും മനസ്സിൽ സൂക്ഷിച്ചിരുന്നു. സെമിനാരി കാലഘട്ടത്തില്‍ വായിച്ചറിഞ്ഞ, ഒരു പരിധിവരെ ജീവിക്കാന്‍ ശ്രമിച്ച പുണ്യങ്ങളില്‍ ഏറെയും അമ്മയുടെ ജീവിതത്തില്‍ നിന്നും മാതൃകയായവ ആയിരുന്നു.

സ്പെയിനിലെ ത്രിമൂർത്തികൾ ആണ് ആവിലായിലെ അമ്മത്രേസ്യായും, വി. ഫ്രാൻസിസ് സേവ്യറും, വി. ഇഗ്നേഷ്യസ് ലയോളയും. എന്നെയും ഒരുപാട് ആകര്‍ഷിച്ച വിശുദ്ധരാണ് ഇവര്‍. പ്രത്യേകിച്ച്, സ്പാനിഷ് സഭയുടെ സുവര്‍ണ്ണകാലം എന്നറിയപ്പെടുന്ന പതിനാറാം നൂറ്റാണ്ടിലെ വിശുദ്ധയായ സഭയുടെ ആദ്യത്തെ വേതപാരംഗത അമ്മത്രേസ്യാ.

1515 മാർച്ച് 28-നാണ് ആവില പ്രവിശ്യയില്‍ ആലോണ്‍സോയുടെയും ബെയാത്രിസിന്റെയും മകളായിട്ട് തെരേസ ജനിച്ചത്. തെരേസയുടെ ജീവിതം ബാല്യം മുതലേ ഒരു മിസ്റ്റിക് തലത്തിലായിരുന്നു. തെരേസയുടെ വല്യപ്പൻ ജൂതമതത്തിൽ നിന്നും ക്രിസ്തീയവിശ്വാസം സ്വീകരിച്ച ജോൺ സാഞ്ചസ്, വലിയ പണക്കാരനും വ്യാപാരിയുമായിരുന്നെങ്കിലും അപ്പച്ചന്‍ കൃഷിക്കാരനായിരുന്നു. തെരേസയ്ക്ക് അപ്പച്ചന്റെ ആദ്യവിവാഹത്തിൽ രണ്ടു സഹോദരങ്ങളും രണ്ടാമത്തെ വിവാഹത്തിൽ തെരേസ കൂടാതെ ഒന്‍പതു പേരുമായി പതിനൊന്നു സഹോദരങ്ങളുണ്ടായിരുന്നു. ത്രേസ്യ വളര്‍ന്ന ബാല്യകാല സ്മരണകള്‍ കുടികൊള്ളുന്ന ജന്മഗൃഹത്തില്‍ നിന്നും നമുക്ക് ഈ തീർഥാടനം തുടങ്ങാം.

ജന്മഗൃഹത്തിലേയ്ക്ക്

ജന്മഗൃഹമായ ആവിലയിലേയ്ക്ക് നമ്മൾ പോകുമ്പോൾ വളരെ ദൂരെ നിന്നു തന്നെ കരിങ്കല്‍ കോട്ടയാല്‍ ചുറ്റപ്പെട്ട വലിയൊരു പട്ടണം നമുക്ക് കാണാം. അടുത്തെത്തുമ്പോള്‍ ഉള്ളിലേയ്ക്ക് സ്വീകരിക്കുന്നത് വലിയ കരിങ്കല്‍ കമാനങ്ങളാണ്. പണ്ടുകാലത്ത് ശത്രുക്കളുടെ ആക്രമണങ്ങളിൽ നിന്നും ജനങ്ങളെ സംരക്ഷിച്ചിരുന്നത് ഇത്തരം വലിയ കരിങ്കൽ കോട്ടകളാണ്. കോട്ടയ്ക്കുള്ളില്‍ വിശുദ്ധയുടെ ജന്മസ്ഥലം ‘വിശുദ്ധ’ (ലാ സാന്ത) എന്നാണ് അറിയപ്പെടുന്നത്.

ജന്മഗൃഹം ഇപ്പോൾ വലിയ ദൈവാലയമായി മാറിയിരിക്കുന്നു. ദൈവാലയത്തിന്റെ പ്രധാന അൾത്താരയുടെ സമീപം തന്നെ വിശുദ്ധയുടെ വലിയ ഒരു രൂപമുണ്ട്. താഴത്തെ നിലയിൽ വിവിധ ഭാഷകളിൽ വിശുദ്ധയെക്കുറിച്ച് എഴുതപ്പെട്ട പുസ്തകങ്ങളും കൃതികളും ഭദ്രമായി വലിയ ചില്ലുകൂടുകളില്‍ സൂക്ഷിച്ചിരിക്കുന്നു. അല്പം ഇടതുവശത്തേയ്ക്ക് മാറി, തെരേസ ജനിച്ച മുറിയും കട്ടിലും ഉപയോഗിച്ചിരുന്ന വസ്തുക്കളും. അല്പം കൂടി മുന്നോട്ടുവരുമ്പോൾ നമ്മെ സ്വാഗതം ചെയ്യുന്നത്, കുട്ടിക്കാലത്ത് മൂത്ത സഹോദരനായ റോഡ്രിഗോയുമായി മണ്ണുകൊണ്ട് പള്ളി ഉണ്ടാക്കി കളിക്കുന്ന നാടകീയരംഗമാണ്. തെരേസയ്ക്ക് വെറും ഏഴ് വയസ്സ് മാത്രം പ്രായമുള്ളപ്പോൾ സഹോദരനൊപ്പം രക്തസാക്ഷിയാവാൻ മുസ്ലിം രാജ്യമായ മൊറോക്കോയിലേയ്ക്ക് പോയതും വഴിയിൽ വച്ച് അവരുടെ അമ്മാവൻ രണ്ടുപേരെയും കയ്യോടെ പിടികൂടി തിരിച്ചു വീട്ടിലെത്തിച്ചതും ചരിത്രത്തിലുള്ളതാണല്ലോ. ഇതിനു പിന്‍ബലമായി നിന്നത് വളരെ ചെറുപ്പത്തിൽ തന്നെ വായിച്ച ജെറോമിന്റെയും വിശുദ്ധരുടേയും രക്തസാക്ഷികളുടെയും പുസ്തകങ്ങളാണത്രേ.

മ്യൂസിയം കണ്ടുകഴിഞ്ഞ് നമ്മൾ നേരെ പോകുന്നത് വിശുദ്ധയുടെ തിരുശേഷിപ്പുകൾ വച്ചിരിക്കുന്ന സ്ഥലത്തേയ്ക്കാണ്. വിശുദ്ധയുടെ മോതിരവിരലും അസ്ഥികളും ഉപയോഗിച്ചിരുന്ന ചെരിപ്പും വസ്ത്രങ്ങളും സംഗീതോപകരണങ്ങളും വണക്കത്തോടെ സൂക്ഷിച്ചിരിക്കുന്നു.വിശുദ്ധയുടെ കുമ്പസാരക്കാരനായ കുരിശിന്റെ വി. യോഹന്നാന്റെ തിരുശേഷിപ്പുകളും അവിടെ കാണാവുന്നതാണ്. സന്ദർശകർക്ക് അവിടെനിന്നും വിശുദ്ധയെക്കുറിച്ചുള്ള പുസ്തകങ്ങളും പെയിന്റിംഗുകളും മെഡലുകളും വാങ്ങാനുള്ള സൗകര്യമുണ്ട്. അവിടെ നിന്നും അഞ്ഞൂറ് മീറ്റർ നടക്കുമ്പോൾ മാമ്മോദീസ സ്വീകരിച്ച ഇടവക ദൈവാലയവും മാമ്മോദീസ തൊട്ടിയും കാണാം. വി. പത്രോസിന്റെ നാമത്തിലുള്ള ഈ ദൈവാലയത്തിന്റെ മുന്നിലുള്ള വലിയ ചത്വരത്തിലാ ആണ് ആളുകൾ ഭക്ഷണം കഴിക്കുന്നതും വിശ്രമിക്കുന്നതും.

കോണ്‍വെന്റിലേയ്ക്ക്

വിശുദ്ധയുടെ ജന്മഗൃഹം കണ്ടതിനുശേഷം നമ്മൾ അടുത്തതായി പോകുന്നത് വീട്ടുകാരുടെ എതിർപ്പിനെ മറികടന്ന്, വിശുദ്ധ അംഗമായി വർഷങ്ങളോളം ജീവിച്ച മഠത്തിലേയ്ക്കാണ്. പ്രധാന കവാടത്തിലൂടെ പ്രവേശിക്കുമ്പോൾ തന്നെ ആദ്യം ശ്രദ്ധയിൽപ്പെടുന്നത് മിണ്ടാമഠത്തിലെ മുറ്റത്തിനു നടുവിലുള്ള കല്ലിൽ കൊത്തിയ കുരിശും അതിനു ചുറ്റുമുള്ള ഏഴ് വൃത്തങ്ങളുമാണ്. ഇത് വിശുദ്ധയുടെ ‘ആഭ്യന്തര ഹര്‍മ്മ്യം’ എന്ന പുസ്തകത്തിലെ പ്രാർഥനയുടെ ഏഴ് പടികളെ സൂചിപ്പിക്കുന്നു.

ഇപ്പോൾ ഏകദേശം മുപ്പത്തെട്ടോളം സിസ്റ്റേഴ്സ് താമസിക്കുന്ന ഈ മഠത്തിന്റെ ഒരു ഭാഗമാണ് മ്യൂസിയം. വിശുദ്ധ ഉപയോഗിച്ചിരുന്ന ഒട്ടുമിക്ക വസ്തുക്കളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. മഠത്തിൽ ചേരാൻ വന്നപ്പോൾ കൊണ്ടുവന്ന പെട്ടി മുതല്‍ സന്യാസജീവിതത്തിലെ ഓരോ കാലഘട്ടത്തിലും ഉപയോഗിച്ച വസ്ത്രങ്ങളും ഉപകരണങ്ങളും കൈയ്യെഴുത്തുപ്രതികളും അവിടെ കാണാം.

താരതമ്യേന വലിയ വിദ്യാഭ്യാസമില്ലാത്ത ഒരു സന്യാസിനി ആയിരുന്നെങ്കിലും ധാരാളം കവിതകളും പുസ്തകങ്ങളും (ദൈവശാസ്ത്രത്തിലും തത്വശാസ്തത്തിലും) സ്വന്തം അനുഭവങ്ങളിലൂടെ വി. അമ്മത്രേസ്യ എഴുതിയിരുന്നു. സ്പാനിഷിലെ ക്ലാസിക്‌ എഴുത്തുകാരനായ ‘കിഹോത്തേ’ കഴിഞ്ഞാൽ ഏറ്റവുമധികം വായിക്കപ്പെടുന്നത് വിശുദ്ധയുടെ പുസ്തകങ്ങളാണ്.

കുമ്പസാരക്കാരന്റെ നിർബന്ധത്തിനു വഴങ്ങി 1567-ല്‍ ആദ്യമെഴുതിയത് ‘സ്വയംകൃത ചരിതം’ എന്ന പുസ്തകമാണ്. രണ്ടാമതായി അറിയപ്പെടുന്ന കൃതി ‘സുകൃതസരണി’ ആണ്. മൂന്നാമത്തെയും ഏറ്റവും പ്രധാനപ്പെട്ടതുമായ കൃതി ‘ആഭ്യന്തര ഹര്‍മ്മ്യം.’ എന്നാൽ, ഇവയെക്കാൾ ഉപരിയായി മരണത്തിനു തൊട്ടുമുമ്പ് തന്റെ പ്രാർഥനാപുസ്തകത്തിലെ ഒരു പേപ്പറിൽ കുറിച്ചുവച്ച ഒരു കൊച്ചുകവിതയാണ് വിശുദ്ധയെക്കുറിച്ച് ഓർക്കുമ്പോൾ എല്ലാവരുടെയും മനസ്സിൽ ഓടിയെത്തുന്നത്.

“ഒന്നും നിന്റെ സമാധാനം കെടുത്താതിരിക്കട്ടെ,
ഒന്നും നിന്നെ ഭയപ്പെടുത്താതിരിക്കട്ടെ.
എല്ലാം കടന്നുപോകുന്നു;
ദൈവത്തിനു മാത്രം മാറ്റമില്ല.
ക്ഷമിക്കുന്നവന്‍ എല്ലാം നേടുന്നു.
ദൈവം സ്വന്തമായുള്ളവന് ഒന്നിനും കുറവില്ല:
ദൈവം മാത്രം മതി.”

വിശുദ്ധയുടെ ജീവിതത്തിലെ പ്രധാന വസ്തുക്കളോടൊപ്പം കുരിശിന്റെ വി. യോഹന്നാൻ ഉപയോഗിച്ചിരുന്ന വസ്തുക്കളും അദ്ദേഹം വരച്ച, കുരിശിൽ കിടക്കുന്ന ഈശോയുടെ ചിത്രവും (ഒറിജിനൽ) അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ഏറ്റവും അവസാനമായി കാണുന്നത് വിശുദ്ധയോട് സംസാരിച്ചപ്പോൾ ആ വിശുദ്ധൻ കസേരയോടുകുടി വായുവില്‍ ഉയർന്നുപൊങ്ങിയ സ്ഥലമാണ്. പ്രതീകാത്മകമായി അത് അവിടെ ചിത്രീകരിച്ചിട്ടുണ്ട്.

മഠത്തിൽ നിന്ന് പുറത്തേയ്ക്കിറങ്ങുമ്പോൾ നമ്മൾ കാണുന്നത് ഒരു ദൈവാലയമാണ്. അവിടെ കുരിശിന്റെ വി. യോഹന്നാൻ വിശുദ്ധയെ കുബസാരിപ്പിച്ച സ്ഥലവും മാലാഖ കുന്തം കൊണ്ട് കുത്തിയപ്പോള്‍ ഹൃദയത്തില്‍ നിന്നു രക്തം വന്ന സ്ഥലവും  കാണാം. അള്‍ത്താരയോട് ചേർന്നു തന്നെ സഭയുടെ നവീകരണവുമായി ബന്ധപ്പെട്ട് സഭാധികാരികൾ വിശുദ്ധയെ പൂട്ടിയിട്ട മുറിയും-ഏതാണ്ട് ജയിൽവാസം പോലെ തന്നെ-നമുക്ക് കാണാൻ കഴിയും (രാജാവിന്റെ സ്വാധീനം മൂലം ഈ inquisition-ല്‍ നിന്നും രക്ഷപെട്ടു എന്നതും  ചരിത്രമാണ്).

അവിടെ നിന്നും നമ്മൾ മുമ്പോട്ട്‌ പത്ത് മിനിറ്റ് നടക്കുമ്പോൾ, കൂടുതൽ പ്രാർത്ഥനയ്ക്കും ദാരിദ്ര്യജീവിതത്തിനുമായി വിശുദ്ധ സ്ഥാപിച്ച യൌസേപ്പ് പിതാവിന്റെ നാമത്തിലുള്ള ആദ്യത്തെ നവീകരിച്ച നിഷ്പാദുക കർമ്മലീത്താ മഠം കാണാൻ കഴിയും. വി. യൗസേപ്പിതാവിന്റെ വലിയ ഭക്തയായ തെരേസ, വിശുദ്ധന്റെ മദ്ധ്യസ്ഥതയിലാണ് മിക്ക  മഠങ്ങളും സ്ഥാപിച്ചത്. ആദ്യത്തെ കോൺവെന്റില്‍ വിശുദ്ധ അഞ്ചുവർഷം ഉപയോഗിച്ച വസ്തുക്കളും ഉപകരണങ്ങളും മുറികളും തീർത്ഥാടകർക്ക് കാണുവാനുള്ള പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്.

തീര്‍ച്ചയായും ഈതീർഥയാത്രയില്‍ വിശുദ്ധയുടെ ഭൗതികശരീരം അടക്കിയ ഇടമെവിടെ എന്ന സംശയമുയരാം. അതിന് വേറൊരു യാത്ര വേണം. ഏകദേശം അറുപത്തിയഞ്ചു വയസ്സായപ്പോൾ വീണ്ടും വിശുദ്ധയെ രോഗങ്ങള്‍ അലട്ടാൻ തുടങ്ങി. തന്റെ രോഗാവസ്ഥയിലും വിശുദ്ധ, രണ്ടു മഠങ്ങൾ കൂടി സ്ഥാപിച്ചുകൊണ്ട് പതിനേഴ് ആശ്രമങ്ങള്‍ നവീകൃത കർമ്മലീത്താ സഭയ്ക്ക് സമർപ്പിച്ചു. മറ്റൊരു  ആശ്രമം കൂടി സ്ഥാപിക്കാനുള്ള യാത്രയിൽ 1582 ഒക്ടോബർ നാലിന് രാത്രി ‘ആൽബ ദ തോര്‍മസ്’ എന്ന സ്ഥലത്തു വച്ച് ഇഹലോകവാസം വെടിഞ്ഞു.

ഭൗതികശരീരം ആവിലായിലേയ്ക്ക് കൊണ്ടുവരണമെന്ന് കൂടെയുണ്ടായിരുന്നവർ ആഗ്രഹിച്ചെങ്കിലും രാഷ്ട്രിയ അധികാരികളുടെ നിർബന്ധത്തിനു വഴങ്ങി വിശുദ്ധയുടെ മൃതദേഹം അവിടെത്തന്നെ സംസ്കരിക്കാന്‍ സഭാംഗങ്ങള്‍ നിർബന്ധിതരായി. വിശുദ്ധയുടെ കബറിടവും അഴുകാത്ത ഹൃദയവും ഇന്നും അവിടെ സൂക്ഷിക്കുന്നു. വിശുദ്ധയുടെ ഒരു കൈ സൂക്ഷിക്കുന്നത് ‘മാലഗ’ എന്ന സംസ്ഥാനത്തിലെ ‘റോണ്ട’ എന്ന ഒരു പട്ടണത്തിലാണ്. അനേകം തവണ ആവിലയില്‍ പോയ എനിക്ക് അവിടെയും പോയി പ്രാർഥിക്കുവാനും വിശുദ്ധയുടെ തിരുശേഷിപ്പുകൾ വണങ്ങുവാനുമുള്ള  ഭാഗ്യവും ലഭിച്ചിട്ടുണ്ട്.

വിശ്വാസികളുടെ ആവശ്യമനുസരിച്ച് എല്ലാ വർഷവും തിരുനാളിനോടനുബന്ധിച്ച് വിശുദ്ധ ഉപയോഗിച്ചിരുന്ന വടി എല്ലാ സ്ഥലങ്ങളിലും എത്തിക്കുവാൻ സഭ പ്രത്യേകം  നേതൃത്വം കൊടുക്കുന്നു.

ഇനി നമുക്ക് തുടരാം, യാത്ര

സ്പെയിൻ ഇന്നും ഒരു കത്തോലിക്കാ രാജ്യമായി അറിയപ്പെടാൻ കാരണം അമ്മത്രേസ്യയുടെ ആത്മീയതയും പ്രാർഥനയും സഭയില്‍ വരുത്തിയ നവീകരണ പ്രസ്ഥാനങ്ങളുമാണ്. മറ്റു പല രാജ്യങ്ങളും പ്രോട്ടസ്റ്റന്റ് സമൂഹങ്ങളുടെ കരാളഹസ്തങ്ങളില്‍ പെട്ടപ്പോള്‍ ഇന്നും 70 % കത്തോലിക്കരുമായി സ്പെയിൻ മുൻപന്തിയിലാണ്. അനേകം വിശുദ്ധരേയും രക്തസാക്ഷികളെയും വാഴ്ത്തപ്പെട്ടവരെയും ലോകത്തിനു നൽകിയ സ്പാനിഷ് കത്തോലിക്കാ സഭ ലോകത്തിനു മുമ്പിൽ അഭിമാനമായി ഇന്നും നിലകൊള്ളുന്നു. വി. അമ്മത്രേസ്യ, കർമ്മലീത്താ സഭയെ നവീകരിച്ചതുപോലെ ലോകം മുഴുവനുമുള്ള സഭകളുടെ നവീകരണത്തിനായി ഈ തിരുനാൾ ദിവസം വിശുദ്ധയുടെ മാദ്ധ്യസ്ഥ്യം തേടി പ്രാർഥിക്കാം.

ജീവിതത്തില്‍ എന്നെങ്കിലും അവസരം കിട്ടുകയാണെങ്കില്‍ ഒരിക്കലെങ്കിലും ഈ വിശുദ്ധകുടാരം സന്ദര്‍ശിക്കണം. കാരണം, ആവില ഒരു അത്ഭുതമാണ്‌; കാഴ്ച്ചയിലും വിശ്വാസത്തിലും.

ഫാ. തോമസ്‌ കുഴിയടിച്ചിറ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.