കുട്ടികളിലെ മരിയഭക്തിയുടെ പ്രാധാന്യത്തെ എടുത്തുകാട്ടി ഒരു ചിത്രം

പരിശുദ്ധ അമ്മയുടെ രൂപത്തിനുമുന്നിൽ കൈകൾ കൂപ്പി പ്രാർഥനാനിമഗ്നരായി നിൽക്കുന്ന അഞ്ചു പെൺകുട്ടികൾ! ജോസ് കുര്യൻ എന്ന വ്യക്തി തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ട ഈ ചിത്രം ഇന്ന് ക്രൈസ്തവലോകത്ത് വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. പരിശുദ്ധ അമ്മയെക്കുറിച്ചുള്ള ഓർമ്മകൾ മനസ്സിൽ സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ ഓർമ്മിപ്പിച്ചുകൊണ്ട് അനേകം ആളുകളാണ്  ഈ കുഞ്ഞുകുട്ടികളുടെ ചിത്രം പങ്കുവയ്ക്കുന്നത്.

ചിത്രത്തിൽ, കൈകൾ കൂപ്പി മാതാവിന്റെ രൂപത്തെ നോക്കി പ്രാർഥനയിലാണ് പെൺകുട്ടികൾ. അവരുടെ മുഖത്ത് സ്വർഗീയമായ ഒരു ആനന്ദം പ്രതിഫലിക്കുന്നതായി കാണാം. കാഴ്ചയിൽ, ഏതാണ്ട് അഞ്ചുവയസ്സിനു താഴെയുള്ള കുട്ടികളാണെന്നു തോന്നിക്കുന്ന ഇവരിൽ ഏറ്റവും ചെറിയ കുട്ടി വളരെ പ്രാർഥനയോടെ മാതാവിന്റെ രൂപത്തെ നോക്കിനിൽക്കുന്നു. ഇത്രയും ചെറുപ്രായത്തിലേ, ആഴമായ ഒരു പ്രാർഥനയുടെ ഭാവം ആ മുഖത്ത് വിരിയുന്നതിനെ ഏറെ അത്ഭുതത്തോടെയാണ് ക്രൈസ്തവലോകം വീക്ഷിക്കുന്നത്.

ചിത്രത്തിലെ പരിശുദ്ധ അമ്മയുടെ രൂപത്തിന് പെൺകുട്ടികളേക്കാൾ ഉയരം കുറവാണ്. പെൺകുട്ടികൾക്ക് രൂപത്തിന്റെ പൊക്കത്തേക്കാൾ ഉയരത്തിലെത്താൻ കഴിയുന്നതോടെ പരിശുദ്ധ ‘അമ്മ ഏതു നിമിഷവും നമുക്ക് സമീപിക്കാവുന്ന വ്യക്തിയാണെന്ന സന്ദേശം ഈ ചിത്രം പകരുന്നു. കുടുംബങ്ങളിൽ ക്രിസ്തീയരൂപങ്ങൾ സ്ഥാപിക്കുമ്പോൾ ഭീമാകാരമായ രൂപങ്ങൾ ഒഴിവാക്കി കുട്ടികൾക്കു കൂടി എത്തിപ്പിടിക്കാൻ കഴിയുന്ന രൂപങ്ങൾ സ്ഥാപിക്കണമെന്ന ഓർമ്മപ്പെടുത്തലും ഈ ചിത്രം പങ്കുവയ്ക്കുന്നു. അങ്ങനെ ചെയ്യുമ്പോൾ അത് കുഞ്ഞുങ്ങളെ ഏറെ സ്വാധീനിക്കുന്ന ഒന്നായി മാറുമെന്ന സന്ദേശമാണ് ഈ ചിത്രത്തിലൂടെ ലഭിക്കുന്നത്.

ചെറുപ്പം മുതലേ പരിശുദ്ധ അമ്മയെക്കുറിച്ച് കുട്ടികളോട് പറഞ്ഞുകൊടുക്കുന്നതും  അമ്മയോട് പ്രാർഥിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുന്നതും എത്ര പ്രധാനമാണെന്ന് ഈ ചിത്രം വെളിപ്പെടുത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.