ജീവിതത്തിലെ അവ്യക്തതകളുടെ നിമിഷങ്ങളിൽ നമ്മെ സഹായിക്കുന്ന ഒൻപതു തിരുവചനങ്ങൾ

ജീവിതത്തിൽ നിർണായക നിമിഷങ്ങളിലും പ്രതിസന്ധിയുടെ സമയങ്ങളിലും നിങ്ങളുടെ മനസ്സിൽ അവ്യക്തതകൾ നിറഞ്ഞിരിക്കുമ്പോഴും നിങ്ങളെ ശക്തിപ്പെടുത്താൻ തിരുവചനങ്ങൾക്ക് സാധിക്കും. നിങ്ങളുടെ ആശയക്കുഴപ്പങ്ങളിൽ ദൈവത്തിനു കീഴ്പ്പെടുവാനും ദൈവവുമായുള്ള നിങ്ങളുടെ ബന്ധം കൂടുതൽ ആഴപ്പെടുത്തുവാനും ഈ തിരുവചനങ്ങൾ നിങ്ങളെ സഹായിക്കും.

1. “മനുഷ്യന്റെ പാദങ്ങളെ നയിക്കുന്നതു കര്‍ത്താവാണ്‌; തനിക്കു പ്രീതികരമായി ചരിക്കുന്നവനെ അവിടുന്നു സുസ്‌ഥിരനാക്കും. അവന്‍ വീണേക്കാം, എന്നാല്‍, അതു മാരകമായിരിക്കുകയില്ല; കര്‍ത്താവ്‌ അവന്റെ കൈയില്‍ പിടിച്ചിട്ടുണ്ട്‌.” (സങ്കീ. 37 : 23-24)

2. “അങ്ങയുടെ വാഗ്‌ദാനമനുസരിച്ച്‌ എന്റെ പാദങ്ങള്‍ പതറാതെ കാക്കണമേ! അകൃത്യങ്ങള്‍ എന്നെ കീഴടക്കാന്‍ അനുവദിക്കരുതേ!” (സങ്കീ 119 : 133)

3. “നിന്റെ വിമോചകനും ഇസ്രായേലിന്റെ പരിശുദ്‌ധനുമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: നിനക്ക്‌ നന്‍മയായുള്ളത്‌ പഠിപ്പിക്കുകയും നീ പോകേണ്ട വഴിയിലൂടെ നിന്നെ നയിക്കുകയും ചെയ്യുന്ന നിന്റെ ദൈവമായ കര്‍ത്താവ്‌ ഞാനാണ്‌.” (ഏശ 48 : 17)

4. “മുന്‍പിലും പിന്‍പിലും അവിടുന്ന്‌എനിക്കു കാവല്‍നില്‍ക്കുന്നു; അവിടുത്തെ കരം എന്റെ മേലുണ്ട്‌.”
(സങ്കീ 139 : 5)

5. “ഞാന്‍ നിന്നെ ഉപദേശിക്കാം, നീ നടക്കേണ്ട വഴി കാണിച്ചുതരാം; ഞാന്‍ നിന്റെ മേല്‍ ദൃഷ്‌ടിയുറപ്പിച്ചു നിന്നെ ഉപദേശിക്കാം.” (സങ്കീ 32 : 8)

6. “മനുഷ്യന്‍ തന്റെ മാര്‍ഗംആലോചിച്ചുവയ്‌ക്കുന്നു; അവന്റെ കാലടികളെ നിയന്ത്രിക്കുന്നത്‌ കര്‍ത്താവാണ്‌.” (സുഭാ 16 : 9)

7. “ചോദിക്കുവിന്‍, നിങ്ങള്‍ക്കു ലഭിക്കും; അന്വേഷിക്കുവിന്‍, നിങ്ങള്‍ കണ്ടെത്തും; മുട്ടുവിന്‍, നിങ്ങള്‍ക്കു തുറന്നുകിട്ടും. ചോദിക്കുന്ന ഏവനും ലഭിക്കുന്നു; അന്വേഷിക്കുന്നവന്‍ കണ്ടെത്തുന്നു; മുട്ടുന്നവനു തുറന്നുകിട്ടുകയും ചെയ്യുന്നു.” (മത്താ 7 : 7-8)

8. “നീ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോള്‍ നിന്റെ കാതുകള്‍ പിന്നില്‍ നിന്ന്‌, ഒരു സ്വരം ശ്രവിക്കും; ഇതാണു വഴി, ഇതിലേ പോവുക.” (ഏശ 30: 21)

9. “നിങ്ങള്‍ ഈലോകത്തിന്‌ അനുരൂപരാകരുത്‌; പ്രത്യുത, നിങ്ങളുടെ മനസ്‌സിന്റെ നവീകരണംവഴി രൂപാന്തരപ്പെടുവിന്‍. ദൈവഹിതം എന്തെന്നും, നല്ലതും പ്രീതിജനകവും പരിപൂര്‍ണവുമായത്‌ എന്തെന്നും വിവേചിച്ചറിയാന്‍ അപ്പോള്‍ നിങ്ങള്‍ക്കു സാധിക്കും.” (റോമാ 12: 2)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.