ആഘോഷവേളകളിലെ മാനസികസംഘർഷങ്ങൾ കുറയ്ക്കാനുള്ള മൂന്ന് നുറുങ്ങുകൾ

ആഘോഷങ്ങളും ഒത്തുചേരലുകളും കൂട്ടായ്മ വളർത്താൻ സഹായിക്കുന്ന ഉപാധികളാണ്. തിരക്കുകളും ഉത്തരവാദിത്വങ്ങളുമേറിയ ഈ ലോകത്തിൽ ഇത്തരം ഒത്തുചേരലുകളാണ് പരസ്പരമുള്ള ബന്ധവും സൗഹൃദങ്ങളും ആഴപ്പെടുത്തുന്നതിന് സഹായിക്കുന്നത്. എന്നാൽ, ഇത്തരം ഒത്തുചേരലുകൾ സംഘടിപ്പിക്കുന്നതിന്  മുൻകൈയെടുക്കുന്നവർ പല സംഘർഷങ്ങളിലൂടെയും കടന്നുപോകുന്നുണ്ട്. അതിഥികളെ സ്വീകരിക്കുന്നതിലും അവർക്കുവേണ്ട ഭക്ഷണം തയ്യാറാക്കുന്നതിലും തുടങ്ങി നിരവധി കാര്യങ്ങളിൽ ശ്രദ്ധചെലുത്തിയാൽ മാത്രമേ ഇത്തരം കൂട്ടായ്മകൾ മനോഹരമായി അവസാനിപ്പിക്കാൻ സാധിക്കുകയുള്ളൂ. ഇത്തരം സാഹചര്യങ്ങളിൽ ഒത്തുചേരലുകൾ സംഘടിപ്പിക്കുന്നതിലെ സമ്മർദങ്ങൾ കുറയ്ക്കാൻ സഹായിക്കുന്ന ചില നുറുങ്ങുകൾ പരിചയപ്പെടാം.

1. ലാളിത്യം നൽകുന്ന സമാധാനം ലക്ഷ്യംവയ്ക്കുക

ഒത്തുചേരലുകളെല്ലാംതന്നെ കൂട്ടായ്മയാണ് പ്രധാനമായും ലക്ഷ്യംവയ്‌ക്കേണ്ടത്. അതിനാൽ, ഭക്ഷണക്രമീകരണങ്ങളുടെ കാര്യത്തിൽ സങ്കീർണ്ണത ഒഴിവാക്കി ലാളിത്യം പുലർത്തുന്നതിലൂടെ സമ്മർദങ്ങൾ ഒഴിവാക്കാനും സമാധാനം കൈവരിക്കാനും സാധിക്കും. ഏതൊരു ആഘോഷം സംഘടിപ്പിക്കുമ്പോഴും ഭക്ഷണം പ്രധാനഘടകമാണ്. രണ്ടും മൂന്നും അംഗങ്ങൾ മാത്രമുള്ള കുടുംബങ്ങളിൽ ഇത്തരം ഒത്തുചേരലുകൾ രൂപീകരിക്കാൻ ഒരുപാട് കാര്യങ്ങൾ സംഘടിപ്പിക്കേണ്ടിവരാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ഒരുപാട് വിഭവങ്ങൾ ക്രമീകരിക്കുന്നതിനേക്കാൾ, ലളിതവും രുചികരവുമായ ഒന്നോ രണ്ടോ വിഭവങ്ങൾ ഉണ്ടാക്കുന്നതിലൂടെ അനാവശ്യസമ്മർദങ്ങളും ചെലവുകളും ഒഴിവാക്കാം. അധികസമയം പാചകത്തിനായി മാറ്റിവയ്ക്കുന്നതിനേക്കാൾ അതിഥികളോടൊത്ത് സമയം പങ്കിടാനും ഒത്തുചേരൽ ലക്ഷ്യമിടുന്ന സന്തോഷവും കൂട്ടായ്മയും സമാധാനവും ആസ്വദിക്കാനും നിങ്ങൾക്കു സാധിക്കും.

2. സഹകരണത്തോടെ സമ്മർദം ലഘൂകരിക്കാം

ആഘോഷചടങ്ങുകൾ സംഘടിപ്പിക്കുമ്പോൾ മറ്റുള്ളവരുടെ സഹകരണംകൂടി ഉൾപ്പെടുത്തുന്നതിലൂടെ സമ്മർദം ലഘൂകരിക്കാം. ഭക്ഷണത്തിനുള്ള വിവിധ വിഭവങ്ങൾ ഓരോരുത്തരും തയ്യാറാക്കിക്കൊണ്ടുവരുന്നതിലൂടെ ഇത്  പരിഹരിക്കാവുന്നതാണ്. ഇത്തരത്തിൽ സംഘടിപ്പിക്കുന്ന ഒത്തുചേരലുകൾ സ്വന്തമെന്ന അനുഭവം പ്രദാനംചെയ്യാൻ പര്യാപ്തമാണ്.

3. വ്യത്യസ്തമായി ചിന്തിക്കുക

പരമ്പരാഗതമായ രീതികളേക്കാൾ സാഹചര്യങ്ങൾ മനസ്സിലാക്കി വ്യത്യസ്തമായ രീതികൾ അവലംബിക്കുന്നതിലൂടെ സമ്മർദം കുറയ്ക്കാം. കുട്ടികൾകൂടി പങ്കെടുക്കുന്ന ഒത്തുചേരലാണെങ്കിൽ ഒരു വീടിന്റെ പരിമിതമായ സാഹചര്യത്തിൽ ക്രമീകരിക്കുന്നതിനേക്കാൾ കുറേക്കൂടി സ്ഥലം ലഭിക്കാവുന്ന തരത്തിൽ കളിസ്ഥലത്തോ, വീടിന്റെ പുറത്തോ ക്രമീകരിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.