
നമ്മുടെ ആത്മീയ യാത്രയിൽ വിശുദ്ധിയുടെ ഫലങ്ങൾ ലഭിക്കുന്നതിനു നമ്മെ സഹായിക്കുന്ന പ്രാർഥനയാണ് ജപമാല. ദൈവവുമായി നമ്മെ കൂട്ടിയിണക്കാൻ മാതാവ് തന്ന അമൂല്യമായ സമ്മാനമാണ് ജപമാല അർപ്പണം. വി. ഡൊമിനിക്കിലൂടെയും വാഴ്ത്തപ്പെട്ട അലൻ ഡി റൂപ്പിലൂടെയും പരിശുദ്ധ കന്യകാമറിയം, ജപമാല ചൊല്ലി പ്രാർഥിക്കുന്ന മക്കൾക്ക് 15 പ്രത്യേക വാഗ്ദാനങ്ങൾ നൽകിയിരുന്നു. ഈ 15 വാഗ്ദാനങ്ങളെ ‘സ്വകാര്യ വെളിപാട്’ എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ആ വാഗ്ദാനങ്ങളിലൂടെ നമുക്കൊന്ന് കണ്ണോടിക്കാം.
1. ജപമാല ചൊല്ലി മാതാവിനെ വിശ്വസ്തതയോടെ വണങ്ങുന്നവർക്ക് വരപ്രസാദങ്ങൾ ലഭിക്കും.
2. ജപമാല ചൊല്ലുന്ന എല്ലാവർക്കും അമ്മയുടെ പ്രത്യേക സംരക്ഷണവും വലിയ കൃപയും വാഗ്ദാനം ചെയ്യുന്നു.
3. നരകത്തിനെതിരായ ശക്തമായ കവചമാണ് ജപമാല. അത് ദുരാചാരങ്ങളെ നശിപ്പിക്കുകയും പാപം കുറയ്ക്കുകയും പാഷണ്ഡതകളെ പരാജയപ്പെടുത്തുകയും ചെയ്യുന്നു.
4. ജപമാല പുണ്യത്തിനും സൽപ്രവൃത്തികൾക്കും കാരണമാകും. ആത്മാക്കൾക്ക് ദൈവത്തിന്റെ സമൃദ്ധമായ കരുണ ലഭിക്കും. ജപമാല പ്രാർഥന മനുഷ്യഹൃദയത്തെ ലോകമോഹങ്ങളിൽ നിന്നും അതിന്റെ മായകളിൽ നിന്നും അകറ്റുകയും നിത്യവസ്തുക്കളുടെ ആഗ്രഹത്തിൽനിന്ന് പിന്മാറാൻ അവരെ സഹായിക്കുകയും ചെയ്യും. ആത്മാക്കളെ വിശുദ്ധീകരിക്കുന്ന പ്രാർഥനയാണ് ഇത്.
5. ജപമാല ചൊല്ലി മാതാവിനു സ്വയം സമർപ്പിക്കുന്ന ആത്മാവ് നശിക്കുകയില്ല.
6. ജപമാല ഭക്തിപൂർവം ചൊല്ലുന്ന വ്യക്തി വിശുദ്ധരഹസ്യങ്ങളെ ധ്യാനിക്കുകയും തന്മൂലം തിന്മയ്ക്ക് കീഴ്‌പ്പെടാതെ മാറിനിൽക്കുകയും ചെയ്യും. ദൈവം തന്റെ നീതികൊണ്ട് അവരെ ഒരിക്കലും ശിക്ഷിക്കുകയില്ല.
7. ജപമാലയോട് ഭക്തിയുള്ള ആരും സഭയുടെ കൂദാശകൾ ലഭിക്കാതെ മരിക്കുകയില്ല.
8. ജപമാല പിന്തുടരുന്ന ഒരു വ്യക്തിക്ക് ജീവിതത്തിലും മരണസമയത്തും ദൈവത്തിന്റെ പ്രകാശവും കൃപകളുടെ സമൃദ്ധിയും ഉണ്ടായിരിക്കും. മരണസമയത്ത് അവർ പറുദീസയിലെ വിശുദ്ധരുടെ ഗണങ്ങളിൽ പങ്കുചേരും.
9. ജപമാല അർപ്പിതരായവരെ ശുദ്ധീകരണസ്ഥലത്തു നിന്ന് വിടുവിക്കും.
10. ജപമാല പ്രാർഥന വിശ്വസ്തയോടെ ചൊല്ലുന്നവർ സ്വർഗത്തിൽ അനന്തമായ സന്തോഷം അനുഭവിക്കും.
11. ജപമാല ചൊല്ലുന്നതിലൂടെ മാതാവിനോട് ആവശ്യപ്പെടുന്നതെല്ലാം ലഭിക്കും.
12. ജപമാല പ്രചരിപ്പിക്കുന്ന എല്ലാവരെയും അവരുടെ ആവശ്യങ്ങളിൽ മാതാവ് സഹായിക്കും.
13. ജപമാലയുടെ എല്ലാ വക്താക്കൾക്കും അവരുടെ ജീവിതകാലത്തും മരണസമയത്തും സ്വർഗീയവിശുദ്ധരുടെ മാധ്യസ്ഥ്യം ഉണ്ടായിരിക്കുമെന്ന് ദിവ്യപുത്രനിൽ നിന്ന് മാതാവ് വാഗ്ദാനം നേടിയിട്ടുണ്ട്.
14. ജപമാല ചൊല്ലുന്നവരെല്ലാം ഏകപുത്രനായ യേശുക്രിസ്തുവിന്റെ സഹോദരമാരാണ്.
15. ജപമാലഭക്തി നിത്യരക്ഷയുടെ അച്ചാരമായിരിക്കും.
ഈ വിശുദ്ധ ജീവിതങ്ങളിലൂടെ പരിശുദ്ധ അമ്മ നൽകിയ വാഗ്ദാനങ്ങളെ നമുക്ക് ശ്രദ്ധിക്കാം. ജപമാല പ്രാർഥനയിലൂടെ പരിശുദ്ധ അമ്മ നൽകിയ ഈ വാഗ്ദാനങ്ങൾ നമുക്ക് സ്വായത്തമാക്കാം.
റ്റിൻറു തോമസ്