ജപമാല പ്രാര്‍ഥന, ഭക്തിപൂര്‍വം അര്‍പ്പിക്കുന്നവര്‍ക്ക് മാതാവ് നല്‍കുന്ന 15 വാഗ്ദാനങ്ങള്‍

ജപമാല പ്രാര്‍ഥന ഭക്തിപൂര്‍വം ചൊല്ലുന്നതുകൊണ്ടുള്ള 15 വാഗ്ദാനങ്ങളെക്കുറിച്ച്, വി. ഡൊമിനിക്കിന് പ്രത്യക്ഷപ്പെട്ട അവസരത്തില്‍ മാതാവ് വെളിപ്പെടുത്തിയിരുന്നു. ജപമാല, പിശാചിന്റെ ശക്തികള്‍ക്കെതിരെ ദൈവം മനുഷ്യനു നല്‍കിയ ഏറ്റവും വലിയ ആത്മീയ ആയുധമാണ്. നമ്മുടെ ജപമാല പ്രാര്‍ഥന എങ്ങനെയാണ്? പലപ്പോഴും പലര്‍ക്കും അതൊരു അധരവ്യായാമം മാത്രമാണ്. എന്നാല്‍, ജപമാല ഭക്തിപൂര്‍വം ചൊല്ലുന്നവരിലേക്ക് മാതാവ് ധാരാളം കൃപകള്‍ വര്‍ഷിക്കുന്നുണ്ട്.

മാതാവ് വെളിപ്പെടുത്തിയ ആ വാഗ്ദാനങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

1. ജപമാല ചൊല്ലുന്നവര്‍ക്ക് എന്റെ പ്രത്യേക സംരക്ഷണവും മഹാകൃപകളും ലഭിക്കും.

2. കൃപയുടെ ചില അടയാളങ്ങള്‍ ഞാന്‍ അവര്‍ക്ക് കാണിച്ചുകൊടുക്കും.

3. ജപമാല, നരകത്തിന് എതിരായ ആയുധമായിരിക്കും. അത് അധര്‍മ്മത്തെ തകര്‍ക്കും. പാപസാഹചര്യങ്ങളെ ഇല്ലാതാക്കും. പാഷണ്ഡതകളെ പരാജയപ്പെടുത്തും.

4. നന്മയും സത്പ്രവര്‍ത്തികളും തഴച്ചുവളരും.

5. ജപമാല ചൊല്ലുമ്പോള്‍ മനുഷ്യന്റെ അഹങ്കാരം ശമിപ്പിക്കുകയും നിത്യസമ്മാനത്തിനായി ആഗ്രഹിക്കുകയും ചെയ്യും.

6. ജപമാല ചൊല്ലി മാതാവിനെ ആശ്രയിക്കുന്നവര്‍ക്ക് ദൗര്‍ഭാഗ്യങ്ങള്‍ ഉണ്ടാവുകയോ, നശിച്ചുപോവുകയോ ഇല്ല.

7. കൂദാശകള്‍ സ്വീകരിക്കാതെ അവര്‍ മരിക്കുകയില്ല. അപ്രതീക്ഷിതമായ മരണം അവരില്‍ നിന്ന് അകന്നിരിക്കും.

8. ജപമാല ഭക്തിപൂര്‍വം ചൊല്ലുന്നവര്‍ക്ക് ജീവിതത്തിലും മരണത്തിലും ദൈവകൃപകള്‍ ലഭിക്കും. മരണനേരത്ത് സ്വര്‍ഗത്തിലെ വിശുദ്ധരുടെ സുകൃതങ്ങളുടെ പങ്കും ലഭിക്കും.

9. ശുദ്ധീകരണസ്ഥലത്തുനിന്ന് അതിവേഗം മോചിപ്പിക്കപ്പെടും.

10. സ്വര്‍ഗത്തില്‍ വലിയ മഹത്വം നല്‍കും.

11. ജപമാല ചൊല്ലി ആവശ്യപ്പെടുന്നവയെല്ലാം നല്‍കപ്പെടും.

12. ജപമാലഭക്തി പ്രചരിപ്പിക്കുന്നവരുടെ ആവശ്യനേരങ്ങളിലെല്ലാം ഞാന്‍ അവരുടെ സഹായത്തിനെത്തും.

13. മരണവേളയില്‍ സ്വര്‍ഗത്തിലെ മധ്യസ്ഥര്‍ അവര്‍ക്കായി ഇടപെടും.

14. ജപമാല ഭക്തിപൂര്‍വം ചൊല്ലുന്ന എന്റെ എല്ലാ മക്കളും എന്റെ പുത്രനായ ഈശോയുടെ സഹോദരങ്ങളും ആയിരിക്കും.

15. ജപമാല ഭക്തിപൂര്‍വം ചൊല്ലുന്നവര്‍ക്ക് അന്ത്യവിധിനാളില്‍ പ്രത്യേക പരിഗണന നല്‍കുമെന്ന് എന്റെ പുത്രന്‍ എനിക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്.

ജപമാല പ്രാര്‍ഥനയുടെ പ്രാധാന്യം മനസ്സിലാക്കാന്‍ മാതാവിന്റെ ഈ വാഗ്ദാനങ്ങള്‍ തന്നെ ധാരാളം. അതിനാല്‍ ഇനിമുതല്‍ കൂടുതല്‍ ഭക്തിയോടെ ജപമാല പ്രാര്‍ഥന ചൊല്ലാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.