മാർപാപ്പയുടെ അന്ത്യയാത്രയിലെ അവിസ്മരണീയമായ 11 നിമിഷങ്ങൾ

സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നിന്ന് ഫ്രാൻസിസ് മാർപാപ്പയുടെ ഇഷ്ടപ്പെട്ട ദൈവാലയമായ മരിയ മജോറ ബസിലിക്കയിലേക്ക് മാർപാപ്പയുടെ പൂജ്യശരീരം കൊണ്ടുപോയ ആറു കിലോമീറ്റർ ദൈർഘ്യമുള്ള യാത്രയിലെ ഓരോ ചുവടുവയ്പുകളും മറക്കാനാവാത്ത ഒരുപാട് ഓർമ്മകൾ സമ്മാനിച്ചിരുന്നു. ആ യാത്രയിലെ ചില പ്രധാന നിമിഷങ്ങളിലേക്ക് നമുക്കൊന്നു കണ്ണോടിക്കാം.

വീട്ടിൽ നിന്ന് ഒരു യാത്രാമൊഴി

മാർപാപ്പയുടെ അന്ത്യകർമ്മങ്ങൾക്കുശേഷം ഭൗതികദേഹവുമായി സെന്റ് പീറ്റേഴ്സ് ചത്വരത്തിലൂടെയല്ല പുറത്തേക്ക് പോയത്. പകരം സാന്ത മാർത്തയുടെ പടികൾക്കടുത്തുള്ള പെറുഗിനോ വാതിലിലൂടെയായിരുന്നു ആ അന്ത്യയാത്ര. 12 വർഷത്തെ തന്റെ അധികാര ശുശ്രൂഷയുടെ കാലയളവിൽ മാർപാപ്പ താമസിച്ചിരുന്നത് കാസ സാന്ത മാർത്തയിലായിരുന്നു. റോമിലെ വിവിധ സ്ഥലങ്ങളിൽ സന്ദർശനങ്ങൾക്കായി പോയ അവസരങ്ങളിൽ പലപ്പോഴും അദ്ദേഹം ഈ വാതിലിലൂടെ പുറത്തേക്ക് പോയിരുന്നു.

അവസാന യാത്രയ്ക്ക് മെക്സിക്കോ സമ്മാനിച്ച വാഹനം

2017-ൽ മെക്സിക്കോ വത്തിക്കാന് സമ്മാനിച്ച വെളുത്ത പോപ്പ്മൊബൈലിലാണ് മാർപാപ്പയുടെ പൂജ്യ ശരീരം ഉൾക്കൊള്ളുന്ന പേടകം കൊണ്ടുപോയത്. 2016-ൽ മെക്സിക്കോയിലേക്കുള്ള ചരിത്രപരമായ സന്ദർശനത്തിൽ മാർപാപ്പ ഉപയോഗിച്ച പരിഷ്കരിച്ച ഡോഡ്ജ് റാം ആയിരുന്നു അത്. 2016 ഫെബ്രുവരി 12 മുതൽ 17 വരെ ആറ് ദിവസങ്ങൾ നീണ്ടുനിന്ന മെക്സിക്കോയിലേക്കുള്ള ഫ്രാൻസിസ് മാർപാപ്പയുടെ അപ്പസ്തോലിക യാത്രയിൽ അദ്ദേഹം അഞ്ച് മെക്സിക്കൻ നഗരങ്ങളാണ് സന്ദർശിച്ചത്.

വത്തിക്കാനിൽ നിന്ന് റോമിലേക്ക്: ടൈബർ കടന്നൊരു യാത്ര

ടൈബർനദി കടന്നുകൊണ്ടുള്ള മാർപാപ്പയുടെ അന്ത്യയാത്ര വത്തിക്കാനിൽനിന്ന് റോമിലേക്കുള്ള പ്രതീകാത്മകമായ ഒരു യാത്രയായിരുന്നു.

റോമൻ ബിഷപ്പിന്റെ അവസാന യാത്ര

ആളുകളുടെ കരഘോഷങ്ങൾക്കിടയിലൂടെ റോമിലെ പ്രധാന പാതകളിലൊന്നായ കോർസോ വിറ്റോറിയോ ഇമ്മാനുവേലിലൂടെ മുന്നോട്ട് നീങ്ങി. അർജന്റീനക്കാരനായ മാർപാപ്പയ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ ആയിരക്കണക്കിന് വിശ്വാസികളാണ് അവിടെ തടിച്ചുകൂടിയിരുന്നത്. റോമിന്റെ ഹൃദയഭാഗമായ പിയാസ വെനെസിയയും ആ യാത്രയിൽ ഉൾപ്പെട്ടിരുന്നു. പിന്നീട്, ഫ്രാൻസിസ് മാർപാപ്പയുടെ ഭരണകാലത്തെ സഹസ്രാബ്ദങ്ങളുടെ ചരിത്രവുമായി ബന്ധിപ്പിച്ചുകൊണ്ട് ഇംപീരിയൽ ഫോറങ്ങളിലേക്ക് യാത്ര തിരിഞ്ഞു.

ജസ്യൂട്ട് ദൈവാലയം കടന്ന്

ചരിത്രത്തിലെ ആദ്യത്തെ ഈശോസഭാ മാർപാപ്പയായ ഫ്രാൻസിസ് മാർപാപ്പയ്ക്ക് റോമിലെ ജസ്യൂട്ട് ദൈവാലയവുമായി ഒരു ആത്മബന്ധമുണ്ടായിരുന്നു. ഈശോസഭയുടെ പ്രധാന ആസ്ഥാനമാണ് ഈ ദൈവാലയം. 2013 ജൂലൈ 31-ന് വിശുദ്ധ ഇഗ്നേഷ്യസ് ലൊയോളയുടെ തിരുനാളിൽ, അദ്ദേഹം ഈ ദൈവാലയത്തിൽ പരിശുദ്ധ കുർബാന അർപ്പിച്ചിരുന്നു. ഇറ്റലിക്ക് പുറത്തുള്ള ഓരോ അപ്പസ്തോലിക യാത്രയിലും, പ്രാദേശിക ഈശോസഭാംഗങ്ങളെ കാണാൻ പാപ്പ പ്രത്യേകം ശ്രമിച്ചിരുന്നു.

കൊളോസിയവും ഓർമ്മകളിലെ കുരിശിന്റെ വഴിയും

റോമൻ കൊളോസിയത്തിന്റെ നിഴലിലൂടെ മാർപാപ്പയുടെ പൂജ്യശരീരം വഹിച്ചുകൊണ്ടുള്ള പേടകവുമായി കടന്നുപോയപ്പോൾ, അവിടെ തടിച്ചുകൂടിയ ആയിരങ്ങളുടെ ഹൃദയങ്ങൾ ഒരു നിമിഷം നിശ്ചലമായി. ഓരോ ദുഃഖവെള്ളിയാഴ്ചയും, വേദനിക്കുന്ന ലോകത്തിന്റെ സമാധാനത്തിനായി പ്രാർഥിച്ചും, ക്രിസ്തീയ രക്തസാക്ഷികളുടെ ഓർമ്മകൾ പങ്കുവച്ചും, ഫ്രാൻസിസ് മാർപാപ്പ കൊളോസിയത്തിൽ കുരിശിന്റെ വഴിക്ക് നേതൃത്വം നൽകിയിരുന്നു. ആ വേദനയുടെയും പ്രത്യാശയുടെയും മുഹൂർത്തങ്ങൾ ഇപ്പോഴും അവിടെ തങ്ങിനിൽക്കുന്നു. എന്നാൽ, ആരോഗ്യപരമായ കാരണങ്ങളാൽ 2023 മുതൽ ആ ചരിത്രപരമായ സ്ഥലത്ത് ആ പ്രാർഥനയ്ക്ക് നേതൃത്വം നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. അതിനാൽ, അന്ത്യയാത്രയിൽ കൊളോസിയത്തിനരികിലൂടെ കടന്നുപോകുമ്പോൾ, ആ ഓർമ്മകൾ കൂടുതൽ തീവ്രമായി അനുഭവപ്പെട്ടു.

കോർപ്പസ് ക്രിസ്റ്റിയും വിയ മെറൂലാനയും: ഒരോർമ്മ യാത്ര

റോമിന്റെ ഹൃദയത്തിലൂടെ, ചരിത്രമുറങ്ങുന്ന വിയ മെറുലാനയിലൂടെയുള്ള യാത്ര, ഫ്രാൻസിസ് മാർപാപ്പയുടെ അന്ത്യയാത്രയുടെ മറ്റൊരു അവിസ്മരണീയ നിമിഷമായി മാറി. റോം രൂപതയുടെ കത്തീഡ്രലായ സെന്റ് ജോൺ ലാറ്ററൻ ബസിലിക്കയുടെ പശ്ചാത്തലത്തിൽ, റോമിലെ ബിഷപ്പ് എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രത്യേക ബന്ധം കൂടുതൽ വ്യക്തമാക്കുന്നതായിരുന്നു ഇത്.

പോപ്പ് ഗ്രിഗറി XIII-ന്റെ കാലം മുതൽ, 1575-ലെ ജൂബിലി വർഷത്തിൽ രണ്ട് ബസിലിക്കകൾക്കിടയിലുള്ള പ്രദക്ഷിണങ്ങൾക്കായി അദ്ദേഹം സ്ഥാപിച്ച ഈ പാത, റോമിലെ കോർപ്പസ് ക്രിസ്റ്റി പ്രദക്ഷിണങ്ങളുടെ പരമ്പരാഗത പാതയാണ്. ഈ യാത്ര, മാർപാപ്പയുടെ ആഴമായ വിശ്വാസത്തിന്റെ ബന്ധത്തെ ഓർമ്മിപ്പിക്കുന്നു, കൂടാതെ ചരിത്രപ്രാധാന്യമുള്ള ഈ പാതയിലൂടെയുള്ള യാത്ര, ദിവ്യകാരുണ്യത്തിന്റെ ഓർമ്മകളെയും വിശ്വാസത്തിന്റെ ആഴങ്ങളെയും കൂടുതൽ ശക്തമായി അവതരിപ്പിക്കുന്നു.

അവസാന യാത്ര അമ്മയുടെ അരികിലേക്ക്

മാർപാപ്പയുടെ അന്ത്യയാത്ര സാന്താ മരിയ മജോറ ബസിലിക്കയിലേക്കായിരുന്നു. സാലസ് പോപ്പുലി റോമാനി എന്ന ബൈസന്റൈൻ ഐക്കൺ തിരുസ്വരൂപത്തോടുള്ള അദ്ദേഹത്തിന്റെ ആഴമേറിയ ഭക്തിയാൽ, ഫ്രാൻസിസ് മാർപാപ്പ അന്ത്യവിശ്രമത്തിനായി തിരഞ്ഞെടുത്തത് ഈ പുണ്യസ്ഥലമാണ്. ഓരോ അപ്പസ്തോലിക യാത്രയ്ക്ക് മുൻപും പിൻപും മാതാവിന്റെ സംരക്ഷണം തേടി അദ്ദേഹം ഈ ദൈവാലയത്തിൽ എത്തിയിരുന്നു. തന്റെ ദൗത്യങ്ങളെല്ലാം കന്യാമറിയത്തിന് സമർപ്പിക്കുന്ന ഒരു ശീലമുണ്ടായിരുന്നു അദ്ദേഹത്തിന്. അതിനാൽ, ആ മാതാവിന്റെ സന്നിധിയിൽ അന്ത്യവിശ്രമം കൊള്ളുന്നത് അദ്ദേഹത്തിന്റെ ജീവിതത്തിന്റെയും വിശ്വാസത്തിന്റെയും പൂർത്തീകരണമായി.

വി. ജെറോമിനും ബെർണിനിക്കുമൊപ്പം അന്ത്യവിശ്രമം

സാന്താ മരിയ മജോറെ ബസിലിക്ക, ഫ്രാൻസിസ് മാർപാപ്പയുടെ അന്ത്യവിശ്രമത്തിന് സാക്ഷ്യം വഹിക്കുമ്പോൾ, ചരിത്രത്തിലെ നിരവധി വിശുദ്ധന്മാരുടെയും മാർപാപ്പമാരുടെയും കലാകാരന്മാരുടെയും സാന്നിധ്യം ആ സ്ഥലത്തിന് കൂടുതൽ പവിത്രത നൽകുന്നു. ഏഴ് മാർപാപ്പമാരും, അനേകം വിശുദ്ധന്മാരും, കൂടാതെ ബെർണിനി പോലുള്ള പ്രശസ്ത കലാകാരന്മാരും ഇവിടെ നിത്യവിശ്രമം കൊള്ളുന്നു.

ഫ്രാൻസിസ് മാർപാപ്പയ്ക്ക് വ്യക്തിപരമായ അടുപ്പമുള്ള വി. ജെറോം അവരിൽ ഒരാളാണ്. വി. ജെറോമിന്റെ തിരുനാളിൽ ദൈവവചനത്തിന്റെ ഞായറാഴ്ച സ്ഥാപിച്ചുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ ആദരിച്ചു. ഈ സാന്നിധ്യം, ഫ്രാൻസിസ് മാർപാപ്പയുടെ ജീവിതവും വിശ്വാസവും ചരിത്രത്തിന്റെ ആഴങ്ങളുമായി എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നു എന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു.

അർജന്റീനയുടെ ഓർമ്മകൾക്ക് സമീപം റോമിലെ അന്ത്യവിശ്രമം

സാന്താ മരിയ മജോറെ ബസിലിക്ക, ഇറ്റലിയിലെ അർജന്റീന എംബസി സ്ഥിതിചെയ്യുന്ന സ്ഥലത്തിന് തൊട്ടടുത്താണ്. റോമിലെ ഈ ഭാഗം, അർജന്റീനയുടെ ഓർമ്മകളെ പ്രതിനിധാനം ചെയ്യുന്നുണ്ട്. ഫ്രാൻസിസ് മാർപാപ്പ, മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഒരിക്കൽ പോലും തന്റെ ജന്മനാട്ടിലേക്ക് മടങ്ങിയിരുന്നില്ല. അദ്ദേഹത്തിന്റെ അന്ത്യവിശ്രമം ബ്യൂണസ് അയേഴ്സിൽ വേണമെന്ന് വർഷങ്ങളായി പലരും ആഗ്രഹിച്ചിരുന്നു. എന്നാൽ, റോമിലെ ഈ സ്ഥലം, അദ്ദേഹത്തിന്റെ ജന്മനാടിന്റെ ഓർമ്മകളെയും, അദ്ദേഹത്തിന്റെ യാത്രകളെയും ഒരുമിപ്പിക്കുന്നു.

ഫ്രാൻസിസ് പപ്പായുടെ കബറിടത്തിനലങ്കാരമായി വി. കൊച്ചുത്രേസ്യയുടെ വെളുത്ത റോസാപ്പൂക്കൾ

ഫ്രാൻസിസ് മാർപാപ്പയ്ക്ക് കർമ്മലീത്ത സന്യാസിനിയായ ലിസ്യൂവിലെ വി. കൊച്ചുത്രേസ്യായോട് ആത്മീയമായ അടുപ്പമുണ്ടായിരുന്നു. വി. ത്രേസ്യായുടെ പ്രതീകമായ വെളുത്ത റോസാപ്പൂക്കൾ, അദ്ദേഹത്തിന്റെ ജീവിതത്തിൽ ഒരു സാന്ത്വനമായി നിലകൊണ്ടു. 2015 ജനുവരിയിൽ ഫിലിപ്പീൻസ് സന്ദർശനത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, അദ്ദേഹം ഈ പുഷ്പങ്ങളുമായുള്ള തന്റെ ബന്ധം ഹൃദയസ്പർശിയായി വിവരിച്ചു: ‘എന്റെ ജീവിതത്തിലെ അനിശ്ചിതത്വങ്ങളിൽ, പ്രശ്നങ്ങളിൽ ഉഴലുമ്പോൾ, ഞാൻ ഉണ്ണിയേശുവിന്റെ കൊച്ചുത്രേസ്യായോട് പ്രാർഥിക്കാറുണ്ട്. ആ പ്രശ്നം ഏറ്റെടുത്ത് എനിക്കൊരു റോസാപ്പൂവ് അയച്ചു തരാൻ. അത് വെറുമൊരു റോസാപ്പൂവല്ല, അവളുടെ സാന്നിധ്യത്തിന്റെയും സ്നേഹത്തിന്റെയും അടയാളമാണ്. ഈ വാക്കുകൾ, അദ്ദേഹത്തിന്റെ വിശ്വാസത്തിന്റെ ആഴവും, വിശുദ്ധ തെരേസയോടുള്ള അചഞ്ചലമായ ഭക്തിയും വെളിപ്പെടുത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.