വചനം
“ദൈവം നമ്മോടുകൂടെ എന്ന് അര്‍ഥമുള്ള എമ്മാനുവേല്‍ എന്ന് അവന്‍ വിളിക്കപ്പെടും” (മത്തായി 1:23).
വിചിന്തനം
കൂട്ടുകൂടി കൂടെ വസിക്കാൻ ഒരു ദൈവം നമുക്കുണ്ട് എന്നതാണ് ആഗമനകാലം നൽകുന്ന ഏറ്റവും വലിയ സന്തോഷം. ലോകത്തിനുള്ള ദൈവത്തിന്റെ സദ്വാർത്തയാണ് കൂടെ വസിക്കുന്ന ദൈവപുത്രനായ യേശുക്രിസ്തു. മനുഷ്യനെ സൃഷ്ടിച്ച ദൈവം അവനെ ഓർത്തു പരിതപിച്ചില്ല എന്നതിന്റെ ഏറ്റവും ഉദാത്ത ഉദാഹരമാണ് ക്രിസ്തുവിന്റെ മനുഷ്യവതാരം. ലോകം മുഴുവനുമുള്ള സദ്വാർത്തയാണ് കൂടെ വസിക്കുന്ന ദൈവം. മനുഷ്യനോടൊപ്പം വസിക്കാൻ ദൈവം ഇറങ്ങിവന്നതിൻ്റെ ആഘോഷമാണല്ലോ ആഗമനകാലം. ദൈവം നമ്മുടെ കൂടെ വസിക്കുന്നു എന്നതാണല്ലോ മനുഷ്യരെന്ന നിലയിലുള്ള നമ്മുടെ മഹത്വം.
പ്രാർഥന
സ്വർഗീയപിതാവേ, നിൻ്റെ പ്രിയപുത്രനെ മനുഷ്യമക്കളോടൊപ്പം വസിക്കാൻ ഭൂമിയിലേക്ക് അയച്ചുവല്ലോ. ആ പുത്രൻ ലോകാവസാനം വരെ ഞങ്ങളുടെ കൂടെ വസിക്കുന്നു എന്നതാണ് ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷം. മനുഷ്യമക്കളുടെ കൂടെ വസിക്കാൻ സ്വർഗം വിട്ട് ഭൂമിയിലേക്കുവന്ന ഈശോയ്ക്ക് ഞങ്ങളുടെ ഹൃദയത്തിൽ വാസസ്ഥലം ഒരുക്കാൻ ഈ ആഗമനകാലത്ത് ഞങ്ങൾക്കു കൃപ തരണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവേശ്വരാ എന്നേക്കും, ആമേൻ.
സുകൃതജപം
ഉണ്ണീശോയേ, നീ എന്റെ ഹൃദയത്തിൽ എന്നും വസിക്കേണമേ.
ഫാ. ജയ്സൺ കുന്നേൽ MCBS