വാഴ്ത്തപ്പെട്ട മിഗുവൽ പ്രോ: ഒരു യുവവൈദികന്റെ രക്തസാക്ഷിത്വത്തിന്റെ ഓർമദിനം

നവംബർ 23 ഒരു യുവവൈദികന്റെ രക്തസാക്ഷിത്വത്തിന്റെ 97-ാം ഓർമദിനമാണ്. 1927 നവംബർ 23-ാം തീയതി മുപ്പത്തിയാറാം വയസ്സിൽ ക്രിസ്തുവിനുവേണ്ടി ധീരരക്തസാക്ഷിത്വം വരിച്ച ഒരു യുവവൈദികന്റെ അതിശയിപ്പിക്കുന്ന ജീവിതത്തെക്കുറിച്ചാണ് ഈ ചെറിയ കുറിപ്പ്.

1891 ജനുവരി 13 ന്, മിഗുവൽ പ്രോ, മെക്സിക്കോയിലെ ഗ്വാഡലൂപ്പയിൽ ഒരു ഖനിമുതലാളിയുടെ മകനായി ജനിച്ചു. ഹോസേ റാമോൺ മിഗുവൽ അഗസ്റ്റിൻ (José Ramón Miguel Agustín) എന്നായിരുന്നു പൂർണ്ണനാമം. 11 മക്കളുള്ള കുടുബത്തിലെ മൂന്നാമനായിരുന്നു മിഗുവൽ. പിതാവിന്റെ സുഖസമൃദ്ധമായ ബിസിനസ് തുടരുന്നതിനോ, തന്റെ ആരാധികമാരിൽ ഒരാളെ വിവാഹം കഴിക്കുന്നതിനോ മിഗുവൽ തുനിഞ്ഞില്ല. മൂത്തസഹോദരി മിണ്ടാമഠത്തിൽ ചേർന്നയുടനെ മിഗുവേലും തന്റെ ദൈവവിളി തിരിച്ചറിഞ്ഞു. 1909 ൽ ഈശോസഭയിൽ ചേർന്ന മിഗുവേലിന് വൈദികപരിശീലനം പൂർത്തിയാക്കാൻ വിവിധ രാജ്യങ്ങളിൽ പോകേണ്ടിവന്നു. മെക്സിക്കൻ വിപ്ലവാനാന്തരം ഈശോസഭയ്ക്ക് അവിട നിന്നു പാലായനം ചെയ്യേണ്ട അവസ്ഥ വന്നു.

1925 ൽ ബെൽജിയത്ത് വച്ചാണ് മിഗുവേൽ പൗരോഹിത്യം സ്വീകരിച്ചത്. തൊട്ടടുത്ത വർഷം സ്വദേശമായ മെക്സിക്കോയിലേക്ക് തിരിച്ചുപോയെങ്കിലും, മിഗുവേൽ എത്തി ഇരുപത്തിമൂന്നാം ദിനം പ്രസിഡന്റ് കായസ് പൊതുവായ ദൈവശുശ്രൂഷകൾ നിരോധിക്കാനും വൈദികരെ അറസ്റ്റ് ചെയ്യാനും ഉത്തരവിറക്കി.

ഒരു വൈദികനടുത്ത ഉത്തരവാദിത്വങ്ങൾ ഒരു ബിസനസുകാരൻ, ടാക്സി ഡ്രൈവർ, യാചകൻ, പൊലീസ് ഉദ്യോഗസ്ഥൻ തുടങ്ങി നിരവധി വേഷങ്ങളിൽ അദ്ദേഹം നിർവഹിച്ചു. മറ്റുള്ളവർക്ക് ചെയ്തുകൊടുക്കാൻ സാധിക്കുമായിരുന്ന എല്ലാ സഹായങ്ങളും മിഗുവേൽ ചെയ്തിരുന്നു. സാഹസികമായ മിഗുവേൽ അച്ചന്റെ കഥകൾ കുറഞ്ഞ കാലയളവിനുള്ളിൽ നാടെങ്ങും പരക്കാൻ തുടങ്ങി.

1927 ൽ പ്രസിഡന്റ് കയാസിനെതിരെ ഒരു ബോംബാക്രമണമുണ്ടായപ്പോൾ മിഗുവേൽ അച്ചനെ അന്യായമായി അറസ്റ്റ് ചെയ്യുകയും മരണശിക്ഷയ്ക്കു വിധിക്കുകയും ചെയ്തു. അങ്ങനെ മുപ്പത്തിയാറാമത്തെ വയസ്സിൽ മിഗുവേൽ പ്രോ അച്ചൻ രക്തസാക്ഷിയായി. കത്തോലിക്കരുടെ ആത്മധൈര്യം തകർക്കാൻ പ്രോ അച്ചന്റെ മരണത്തിലൂടെ കഴിയുമെന്ന് പ്രസിഡന്റ് വിചാരിച്ചു.

വധശിക്ഷ നടപ്പാക്കിയ ദിവസം മിഗുവേൽ അച്ചൻ തന്റെ സെല്ലിൽനിന്ന് മുറ്റത്തേക്കും ഫയറിംഗ് സ്ക്വാഡിലേക്കും നടന്ന് സൈനികരെ അനുഗ്രഹിച്ചു. മുട്ടുകുത്തി അൽപനേരം നിശ്ശബ്ദമായി പ്രാർഥിച്ചു. കണ്ണടച്ച്, ഒരു കൈയിൽ കുരിശും മറുകൈയിൽ ജപമാലയുമായി തന്റെ ആരാച്ചാന്മാരുടെ സമീപമെത്തി. തനിക്കുനേരേ വെടി ഉയർത്താൻ നിയോഗിക്കപ്പെട്ടവരോടു ക്ഷമിച്ച അച്ചന്റെ അന്ത്യവചസ്സുകൾ ഇപ്രകാരമായിരുന്നു: “ദൈവം നിന്നോടു കരുണ കാണിക്കുകയും നിന്നെ അനുഗ്രഹിക്കയും ചെയ്യട്ടെ! ദൈവമേ, ഞാൻ നിരപരാധിയാണെന്നു നീ അറിയുന്നുവല്ലോ. പൂർണ്ണഹൃദയത്തോടെ എന്റെ ശത്രുക്കളോടു ഞാൻ ക്ഷമിക്കുന്നു.”

കരങ്ങൾ ക്രിസ്തുവിനെ കുരിശിൽ തറച്ചപോലെ ബന്ധിച്ചു. വെടിയുണ്ടകൾ നെഞ്ചിൽ തറയ്ക്കുമ്പോൾ ‘ക്രിസ്തു ജയിക്കട്ടെ’ എന്ന ആർത്തനാദത്തോടെ ആ പാവനാത്മാവ് സ്വർഗത്തിലേക്കു പറന്നു. സ്വർഗത്തിലെത്തി മറ്റു വിശുദ്ധന്മാരെ കാണുമ്പോൾ മെക്സിക്കൻ തൊപ്പി ധരിച്ച് നൃത്തം ചെയ്യുമെന്ന് ജീവിച്ചിരിക്കുമ്പോൾ അച്ചൻ വാഗ്ദാനം ചെയ്തിരുന്നു. തിരുഹൃദയ ഭക്തനായിരുന്ന മിഗുവേൽ അച്ചൻ, നിരന്തരം ചൊല്ലിയിരുന്ന ഒരു പ്രാർഥന ഇപ്രകാരമായിരുന്നു: “കർത്താവേ, ഞാൻ വിശ്വസിക്കുന്നു. എന്നാലും എന്റെ വിശ്വാസം ശക്തിപ്പെടുത്തുക. ഈശോയുടെ തിരുഹൃദയമേ, ഞാൻ നിന്നെ സ്നേഹിക്കുന്നു; എങ്കിലും എന്റെ സ്നേഹം വർധിപ്പിക്കേണമേ. ഈശോയുടെ തിരുഹൃദയമേ, ഞാൻ നിന്നിൽ ആശ്രയിക്കുന്നു; എങ്കിലും എന്റെ ആത്മവിശ്വാസത്തിന് ശക്തി പകരേണമേ. ഈശോയുടെ തിരുഹൃദയമേ, ഞാൻ എന്റെ ഹൃദയം നിനക്കു സമർപ്പിക്കുന്നു; അതിനെ പൊതിയുക, നിന്നിൽനിന്ന് അത് ഒരിക്കലും വേർപെടാതിരിക്കട്ടെ.”

മിഗുവേൽ അച്ചന്റെ രക്തസാക്ഷിത്വം മെക്സിക്കൻ കത്തോലിക്കരുടെ ആത്മധൈര്യം വർധിപ്പിക്കുകയാണ് ചെയ്തത്. പ്രോ മിഗുവേലച്ചന്റെ മരണം ഒരു ദുരന്തമായിരുന്നില്ല, മറിച്ചൊരു ദൈവീകദാനമായിരുന്നു.

ഫാ. ജയ്സൺ കുന്നേൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.