കത്തോലിക്ക സഭയിലെ ഏറ്റവും പഴക്കമുള്ള പാരമ്പര്യങ്ങളിലൊന്നാണ്, മരിച്ചുപോയ പ്രിയപ്പെട്ട ഒരാൾക്കുവേണ്ടി മെഴുകുതിരി കത്തിക്കുന്ന സമ്പ്രദായം. ലോകമെമ്പാടുമുള്ള എല്ലാ ദൈവാലയങ്ങളുടെ ഉള്ളിലും സെമിത്തേരികളിലും മെഴുകുതിരി കത്തിക്കാൻ പ്രത്യേകമായി സ്ഥലങ്ങളുണ്ട്.
ആദിമക്രൈസ്തവർ പ്രകാശത്തിനായി ദൈവാലയങ്ങളിൽ മെഴുകുതിരി തെളിയിക്കുന്നതിനുപുറമെ, രക്തസാക്ഷികളുടെ ശവകുടീരങ്ങളിലും മെഴുകുതിരികൾ കത്തിച്ചു. ഇരുനൂറുകളിൽ വിശുദ്ധരുടെ, പ്രത്യേകിച്ച് രക്തസാക്ഷികളുടെ ശവകുടീരങ്ങളിൽ കത്തിച്ച മെഴുകുതിരികളോ, എണ്ണവിളക്കുകളോ മുന്നൂറുകളോടെ വിശുദ്ധചിത്രങ്ങൾക്കും തിരുശേഷിപ്പുകൾക്കും മുമ്പായി കത്തിച്ചതിന് തെളിവുകളുണ്ടെന്ന് ചരിത്രകാരന്മാർ എഴുതിയിട്ടുണ്ട്. മിന്നുന്ന തീജ്വാല ഒരു വ്യക്തിയുടെ ജീവിതത്തിലെ ഇരുണ്ട നിമിഷത്തിൽ ഇരുട്ടിനെ തുടച്ചുനീക്കുന്ന ക്രിസ്‌തുവിന്റെ വെളിച്ചമായി ഉപമിക്കുന്നു. അത് എല്ലാവർക്കുമുള്ള ഒരു ഓർമപ്പെടുത്തൽ കൂടിയാണ്.
മരണപ്പെട്ട പ്രിയപ്പെട്ട ഒരാൾക്കുവേണ്ടിയുള്ള നമ്മുടെ പ്രാർഥനകളെയും മെഴുകുതിരികൾ പ്രതിനിധീകരിക്കുന്നു. അവ പ്രാർഥനയുടെ ആവശ്യമായ ഘടകമല്ലെങ്കിലും, മെഴുകുതിരികൾക്ക് വളരെയധികം പ്രതീകാത്മകതയുണ്ട്. മാത്രമല്ല, നമ്മുടെ സങ്കടത്തിന്റെ നിമിഷത്തിൽ നമ്മെ ആശ്വസിപ്പിക്കാനും കഴിയും.
മരിച്ചവർക്കായി മെഴുകുതിരികൾ കത്തിക്കുന്നതിന് കത്തോലിക്ക സഭയിൽ ദീർഘവും സമ്പന്നവുമായ ചരിത്രമുണ്ട്. അത് ഏതെങ്കിലും തരത്തിലുള്ള അന്ധവിശ്വാസമോ, പൂർവീക ആരാധനയോ അല്ല. മറിച്ച് ഇഹത്തിലും പരത്തിലും ക്രിസ്തുവിന്റെ പ്രകാശത്തിന്റെ ഓർമപ്പെടുത്തലാണത്.