നഷ്ടങ്ങളുടെ വർഷമായിരുന്നു 2024. അതിലൊന്നായിരുന്നു 2024 ഒക്ടോബർ ഒൻപതിന് വ്യവസായരംഗത്തെ ജീവകാരുണ്യ മുഖമായിരുന്ന രത്തൻ ടാറ്റയുടെ വിയോഗം. ആറു ഭൂഖണ്ഡങ്ങളിലായി നൂറിലധികം വ്യവസായസംരംഭങ്ങൾ ഉണ്ടായിരുന്ന രത്തൻ ടാറ്റ പക്ഷേ, ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയിൽ മുൻനിരയിലില്ലായിരുന്നു. അതിന് ഒറ്റക്കാരണമേയുള്ളൂ, കിട്ടുന്നതിലേറെയും രാജ്യത്തിനു കൊടുത്തിരുന്ന സമ്പന്നനായിരുന്നു മൂല്യങ്ങളിൽ വിശ്വസിച്ചിരുന്ന ഈ 86 കാരൻ. പുതുവത്സരത്തിന്റെ ആരംഭദിനങ്ങളിൽ അദ്ദേഹത്തിന്റെ ചില ജീവിതപാഠങ്ങൾ നമുക്ക് മാതൃകയാണ്. അവ നമുക്കൊന്ന് പരിശോധിക്കാം.
1. റിസ്ക് എടുക്കുകയും പരാജയത്തെ ആശ്ലേഷിക്കുകയും ചെയ്യുക
“ശരിയായ തീരുമാനങ്ങൾ കൈക്കൊള്ളുക എന്നതിൽ ഞാൻ വിശ്വസിക്കുന്നില്ല. തീരുമാനങ്ങളെടുത്തശേഷം അവയെ ശരിയാക്കി മാറ്റുകയാണ് ഞാൻ ചെയ്യുന്നത്.” രത്തൻ ടാറ്റയുടെ അഭിപ്രായത്തിൽ, കണക്ക് കൂട്ടിയെടുക്കുന്ന റിസ്കുകളും പരാജയത്തെ അഭിമുഖീകരിക്കാനുള്ള ധൈര്യവും വളർച്ചയ്ക്കും പുതിയ സംരംഭങ്ങൾക്കും വളരെ അത്യന്താപേക്ഷിതമാണ്.
2. എളിമയുള്ളവൻ ആയിരിക്കുക
“വേഗത്തിൽ നടക്കണമെങ്കിൽ ഒറ്റയ്ക്കു നടക്കുക. ദീർഘദൂരം താണ്ടണമെങ്കിൽ ഒരുമിച്ചു നടക്കുക.” ഒരുമിച്ചു നടക്കാൻ ഇഷ്ടപ്പെട്ട വ്യക്തിയായിരുന്നു രത്തൻ ടാറ്റ. തന്റെ സമ്പത്ത് മറ്റുള്ളവർക്ക് ദാനം ചെയ്യുമ്പോൾ സഹപൗരന്മാരും തന്നെപ്പോലെ വളരണമെന്നും ഒരുമിച്ചുള്ള സഞ്ചാരങ്ങൾക്കേ ജീവിതത്തിൽ മാറ്റം വരുത്താൻ സാധിക്കൂ എന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. വിജയകരമായ തന്റെ വ്യവസായസംരംഭങ്ങൾക്കിടയിലും രത്തൻ ടാറ്റ എളിമ, ടീം വർക്ക്, മറ്റുള്ളവരുടെ സംഭാവനകളെ വിലമതിക്കൽ തുടങ്ങിയ ആദർശങ്ങളിൽ വിശ്വസിക്കുകയും അവ സ്വജീവിതത്തിൽ പകർത്താൻ നിരന്തരം ശ്രമിക്കുകയും ചെയ്തിരുന്നു
3. വിമർശനങ്ങളെ വളർച്ചയ്ക്കുള്ള പടവുകളാക്കുക
“മറ്റുള്ളവർ നിങ്ങളെ എറിയുന്ന കല്ലുകൾ ശേഖരിച്ച് ഒരു സ്മൃതിമണ്ഡപം പണിയുക.” ജീവിതത്തിൽ നാം നേരിടുന്ന വിമർശനങ്ങളെ വളർച്ചയ്ക്കുള്ള മാധ്യമങ്ങളായി കാണണം. നമ്മൾ വിമർശിക്കപ്പെടുമ്പോൾ അത് ആത്മവിമർശനത്തിനുള്ള അവസരങ്ങളാക്കിമാറ്റാം. എതിർപ്പുകളും തടസ്സങ്ങളും നമ്മുടെ മാറ്റുരച്ചുനോക്കാൻ നമ്മെ സഹായിക്കുന്ന ഉരകല്ലുകളാണ്. അതുകൊണ്ട് ജീവിതവിജയത്തിന് ആവശ്യമായ സൗധങ്ങൾ നമുക്ക് പണിയാം.
4. സമൂഹത്തിന് തിരികെ നൽകുക
“വ്യവസായസംരംഭങ്ങൾ കമ്പനികളുടെ താൽപര്യങ്ങൾക്കപ്പുറം അവർ ആരെ സേവിക്കാൻ നിയോഗിക്കപ്പെട്ടിരിക്കുന്നോ അവരുടെ താൽപര്യങ്ങൾക്ക് പ്രാധാന്യം നൽകണം.” താൻ ജീവിക്കുന്ന സമൂഹത്തിന് തന്റെ സമ്പത്ത് തിരികെ നൽകുക എന്നത് രത്തൻ ടാറ്റായുടെ ജീവിതാദർശമായിരുന്നു.
ഒരിക്കൽ ഒരു പത്രപ്രവർത്തകൻ രത്തൻ ടാറ്റായോടു ചോദിച്ചു: ജീവിതത്തിൽ താങ്കൾക്ക് ഏറ്റവും കൂടുതൽ സന്തോഷം തോന്നിയ സന്ദർഭമേതാണ്? അതിന് അദ്ദേഹം നൽകിയ മറുപടി ഇപ്രകാരമായിരുന്നു: “ഭിന്നശേഷിക്കാരായ 200 കുട്ടികൾക്ക് വീൽചെയറുകൾ വാങ്ങിനൽകണമെന്ന് ഒരിക്കൽ എന്റെ ഒരു സുഹൃത്ത് എന്നോടു പറഞ്ഞു. ഞാൻ ഉടനെ അത് ചെയ്തുകൊടുത്തു. അപ്പോൾ അത് വിതരണം ചെയ്യുന്ന ചടങ്ങിലേക്ക് ഞാൻ തന്നെ എത്തണമെന്ന് അദ്ദേഹം നിർബന്ധം പിടിച്ചു. അതിനും ഞാൻ സന്നദ്ധനായി. അങ്ങനെ ആ 200 കുട്ടികൾക്കും ഞാൻ തന്നെ വീൽചെയറുകൾ വിതരണം ചെയ്തു. അത് സ്വീകരിക്കുമ്പോൾ അവരുടെ മുഖത്ത് സന്തോഷത്തിന്റെ ഏതോ വന്യമായ വെളിച്ചം പ്രകാശിക്കുന്നത് ഞാൻ കണ്ടു. ഏതോ ഒരു വിനോദസഞ്ചാരകേന്ദ്രത്തിലേക്ക് എത്തിയതുപോലെ ആയിരുന്നു അപ്പോൾ അവരുടെ എല്ലാവരുടെയും അവസ്ഥ. എന്റെയുള്ളിലെ യഥാർഥ സന്തോഷം എന്താണെന്ന് അന്നത്തെ ആ ദിവസം ഞാൻ തിരിച്ചറിഞ്ഞു.” (ദീപിക, ഒക്ടോ. 11, 2024)
5. നിരന്തരം പരിശ്രമിക്കുക
“പരിശ്രമിക്കാതിരിക്കലാണ് ഏറ്റവും വലിയ പരാജയം.” തോൽവിയെ ഭയപ്പെടാതെ വിജയത്തിലേക്കു നീങ്ങണമെങ്കിൽ പരിശ്രമം നമ്മുടെ ജീവിതത്തിന്റെ വ്രതമാക്കണം. കയറ്റവും ഇറക്കും ജീവിതത്തിൽ സർവസാധാരണമാണ്. അതിനാൽ എത്ര കഷ്ടതകൾ സഹിച്ചാണെങ്കിലും സ്വന്തം മൂല്യബോധത്തിൽ ഉറച്ചുനിന്നുകൊണ്ട് വളരുക. സ്വയ നവീകരണവും സ്ഥിരതയും ശ്രേഷ്ഠമാകാനുള്ള അഭിനിവേശവും സമൂഹനന്മയും നമ്മുടെ എല്ലാ പരിശ്രമങ്ങളിലും പ്രകാശം തെളിയിക്കട്ടെ.
ഫാ. ജയ്സൺ കുന്നേൽ MCBS