ഡിസംബർ ഒന്ന് ലോക എയ്ഡ്സ് ദിനമായി ആചരിക്കുകയാണ്. എയ്ഡ്‌സ് പകരുന്ന വഴികൾ, പ്രതിരോധമാർഗങ്ങൾ, ചികിത്സ, എന്നിവയെക്കുറിച്ച് രാജ്യാന്തരതലത്തിൽ അവബോധമുണ്ടാക്കുക, രോഗത്തെക്കുറിച്ചുള്ള തെറ്റിധാരണകൾ നീക്കുക, എയ്ഡ്‌സ് പോരാട്ടത്തിൽ രാജ്യാന്തര സഹകരണം ഉറപ്പുവരുത്തുക എന്നിവയാണ് ഈ ദിനാചരണം കൊണ്ടുള്ള ലക്ഷ്യങ്ങൾ.
1987 ലാണ് ലോക എയ്ഡ്സ് ദിനം എന്ന ആശയം രൂപപ്പെടുന്നത്. ലോകാരോഗ്യ സംഘടനയിലെ ജെയിംസ് ഡബ്ലിയു. ബന്നും തോമസ് നെട്ടരും ചേർന്നാണ് ഇത്തരത്തിലൊരു ആശയം മുന്നോട്ടുവച്ചത്. ഐക്യരാഷ്ട്ര സഭയുടെ എയ്ഡ്‌സ് വിഭാഗം മേധാവിയായിരുന്ന ജോനാഥൻ മാൻ ഇത് അംഗീകരിക്കുകയും 1988 ഡിസംബർ ഒന്ന് ആദ്യത്തെ ലോക എയ്ഡ്സ് ദിനമായി ആചരിക്കുകയും ചെയ്തു. 1996 ൽ ആരംഭിച്ച യു. എൻ. എയ്ഡ്സ് ആണ് ലോക എയ്ഡ്സ് ദിന പ്രചാരണപ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള എയ്ഡ്‌സ് നിയന്ത്രണപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്.
ഈ വർഷം ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ പ്രമേയം ‘ഈക്വലൈസ്’ എന്നതാണ്. യു. എൻ. എയ്ഡ്സ് അനുസരിച്ച്, എയ്ഡ്‌സ് അവസാനിപ്പിക്കുന്നതിനുള്ള പോരാട്ടത്തെ തടസ്സപ്പെടുത്തുന്ന അനീതികൾ ഇല്ലാതാക്കാൻ എല്ലാവരും പ്രവർത്തിക്കണമെന്നാണ് ഇതിനർഥം.
ഈ രോഗത്തെ ‘ഒരുമിച്ച് തടുത്തുനിർത്താം’ എന്നാണ് ഈ പ്രമേയം നൽകിക്കൊണ്ട് ലോകാരോഗ്യ സംഘടന ഉദ്ദേശിക്കുന്നത്. ഒപ്പം കൂട്ടായിനിൽക്കാം, അസമത്വങ്ങൾക്കെതിരെ പോരാടാം എന്നൊരു സന്ദേശവുംകൂടി നൽകുന്നു. ഭൂമിയിൽനിന്നും എയ്ഡ്‌സിനെ തുരത്തുന്നതിന് തടസ്സം നിൽക്കുന്ന അസമത്വങ്ങളെ തിരിച്ചറിയാനും നേരിടാനും ലോകമെമ്പാടുമുള്ള പൗരന്മാരോട് ലോകാരോഗ്യ സംഘടന ആഹ്വനം ചെയ്യുന്നു.
“അവകാശങ്ങളുടെ പാത സ്വീകരിക്കുക: എന്റെ ആരോഗ്യം, എന്റെ അവകാശം!” എന്ന പ്രമേയത്തിനുകീഴിൽ, എയ്ഡ്സ് അവസാനിപ്പിക്കുന്നതിലെ പുരോഗതിയെ തടസ്സപ്പെടുത്തുന്ന അസമത്വങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ആരോഗ്യത്തിനുള്ള അവകാശം നേടിയെടുക്കാൻ പ്രേരിപ്പിക്കുകയാണ് ഈ വർഷം ഈ ദിനാചരണത്തിലൂടെ ചെയ്യുന്നത്.