ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ: നവംബർ 28

1912 നവംബർ 28 നാണ് അൽബേനിയ ഓട്ടോമാൻ സാമ്രാജ്യത്തിൽനിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്. പതിനഞ്ചാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലാണ് രാജ്യം ഓട്ടോമാൻ സാമ്രാജ്യത്തിന്റെ കീഴിലാകുന്നത്. ബാൽക്കൺ യുദ്ധത്തിൽ ഒട്ടോമാൻ സൈന്യം പരാജയപ്പെട്ടതോടെയാണ് അവർ അൽബേനിയയ്ക്ക് സ്വാതന്ത്ര്യം നൽകാൻ തീരുമാനിക്കുന്നത്. അതുപ്രകാരം 1912 നവംബർ 28 ന് അൽബേനിയക്കാരനായ ഇസ്മായിൽ ഖെമാലി രാഷ്ട്രത്തിന്റെ പതാക ഉയർത്തി രാജ്യത്തിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതോടെ 500 വർഷങ്ങൾ നീണ്ട ഒട്ടോമാൻ ഭരണത്തിന് അവസാനമായി.

രണ്ടാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ സംഘടിപ്പിച്ച ടെഹ്റാൻ കോൺഫറൻസ് ആരംഭിച്ചത് 1943 നവംബർ 28 നായിരുന്നു. അമേരിക്കൻ പ്രസിഡന്റ് ഫ്രാങ്ക്ളിൻ ഡി റൂസ്വെൽറ്റ്, ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ, സോവിയറ്റ് പ്രീമിയർ ജോസഫ് സ്റ്റാലിൻ എന്നിവരൊക്കെ പങ്കെടുത്ത കോൺഫറൻസ് നടന്നത് ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലുള്ള സോവിയറ്റ് യൂണിയൻ എംബസിയിൽ വച്ചായിരുന്നു. പശ്ചിമ യൂറോപ്പിൽ, നാസി ജർമനിക്കെതിരെ ഒരു രണ്ടാം മുന്നണി രൂപീകരിക്കുക എന്നതായിരുന്നു പ്രധാന ചർച്ചാവിഷയം. ലോകമഹായുദ്ധാനന്തരമുള്ള കാലഘട്ടത്തെ സംബന്ധിച്ച നിരവധി സുപ്രധാന തീരുമാനങ്ങളും അവർ കൈക്കൊണ്ടു. ഡിസംബർ ഒന്നു വരെ സമ്മേളനം നീണ്ടുനിന്നു.

1967 നവംബർ 28 നായിരുന്നു പൾസർ നക്ഷത്രങ്ങളെ ആദ്യമായി കണ്ടെത്തിയത്. കേംബ്രിഡ്ജ് സർവകലാശാലയിലെ ഗവേഷണ വിദ്യാർഥിനിയായിരുന്ന ജോസ്ലിൻ ബെൽ ആണ് ഇത് കണ്ടെത്തിയത്. മുള്ളാർ റേഡിയോ അസ്ട്രോണമി ഒബ്സർവേറ്ററിക്കായുള്ള ആന്റിനയുടെ നിർമാണത്തിനിടെയാണ്, അതുവരെ മനുഷ്യർക്ക് അജ്ഞാതമായിരുന്ന എന്തോ ഒന്ന് അവളുടെ കാഴ്ചയിൽപെടുന്നത്. പൾസർ നക്ഷത്രമായിരുന്നു അത്. ഒരു നഗരത്തിന്റെ മാത്രം വലുപ്പമുള്ള ഒതുങ്ങിയ നക്ഷത്രങ്ങളാണ് പൾസറുകൾ. എന്നാൽ സൂര്യന്റെ പതിൻമടങ്ങ്‌ പിണ്ഡം ഇയ്ക്ക് ഉണ്ടാകാറുണ്ട്. പൾസറുകൾ വിപരീതദിശയിൽ രണ്ടു നിരകളായി വികിരണങ്ങൾ പുറപ്പെടുവിക്കും. ഇവ സ്വന്തം അച്ചുതണ്ടിൽ വേഗത്തിൽ കറങ്ങുന്നതിനാൽ ലൈറ്റ് ഹൗസുകളിൽനിന്നുള്ള പ്രകാശം പോലെ മിന്നിമറയുന്ന പ്രതീതി സൃഷ്ടിക്കും. നക്ഷത്രങ്ങളുടെ ജീവിതകാലഘട്ടത്തിന് അവസാനമുള്ള സൂപ്പർനോവ വിസ്ഫോടനത്തിനുശേഷം ഉണ്ടാകുന്ന ന്യൂട്രോൺ സ്റ്റാറുകളിൽ സവിശേഷമായ കാന്തികമണ്ഡലവും കറങ്ങൽശേഷിയുമുള്ളവയാണ് സാധാരണഗതിയിൽ പൾസറുകളായി മാറുന്നത്.

തയ്യാറാക്കിയത്: സുനിഷ വി. എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.