ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ: ഒക്ടോബർ 25

രണ്ടാം കുരിശുയുദ്ധത്തിലെ പോരാളികൾ തുർക്കിയിലെ ഇസ്ലാമിക വിശ്വാസികളാൽ കൊല്ലപ്പെട്ടത് 1147 ഒക്ടോബർ 25 നായിരുന്നു.

ഇറ്റലിയുടെ വിദേശകാര്യ മന്ത്രിയായിരുന്ന ഗലേസോ സിയാനോ മുൻകൈയെടുത്ത് നടപ്പാക്കിയ റോം – ബെർലിൻ കൂട്ടുകെട്ട് രൂപപ്പെട്ടത് 1936 ഒക്ടോബർ 25 നായിരുന്നു. ഈ ഉടമ്പടിയിലൂടെ ഇറ്റലിയും ജർമനിയും തമ്മിലുള്ള സഖ്യമാണ് രൂപപ്പെട്ടത്. മുസോളിനിയും ഹിറ്റ്ലറും നേതൃത്വം നൽകിയിരുന്ന രണ്ട് ഫാസിസ്റ്റ് രാജ്യങ്ങൾ തമ്മിലുണ്ടാക്കിയ കൂട്ടുകെട്ടായിരുന്നു അത്. സ്പാനിഷ് ആഭ്യന്തരയുദ്ധമാണ് ഈ സഖ്യത്തിന്റെ ജനനത്തിന് ആധാരം. സ്പെയിനിലെ സർക്കാരിനെതിരെ ഫാസിസ്റ്റ് വിമതർ ആരംഭിച്ച ആക്രമണത്തിൽ ഹിറ്റ്ലറും മുസോളിനിയും വിമതപക്ഷം ചേർന്നതോടെയാണ് സഖ്യത്തിനു കളമൊരുങ്ങിയത്. ജപ്പാനും കൂടി സഖ്യത്തിന്റെ ഭാഗമായതോടെയാണ് ‘അച്ചുതണ്ട് ശക്തികൾ’ എന്ന് ഇത് അറിയപ്പെട്ടുതുടങ്ങിയത്.

1951 ഒക്ടോബർ 25 നായിരുന്നു സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പൊതുതെരഞ്ഞെടുപ്പ് ആരംഭിച്ചത്. തൊട്ടടുത്ത വർഷം ഫെബ്രുവരി 21 വരെ നീണ്ടുനിന്ന ഈ തെരഞ്ഞെടുപ്പിലൂടെ ഇന്ത്യയുടെ ആദ്യ ലോക്സഭ രൂപീകരിക്കപ്പെട്ടു. ഇന്ത്യൻ കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി എന്ന താത്കാലിക നിയമനിർമാണസഭ ആയിരുന്നു അതുവരെ രാജ്യത്തിന്റെ ഭരണപരമായ കാര്യങ്ങൾ നിറവേറ്റിയിരുന്നത്. 21 വയസ്സിനു മുകളിലുള്ള എല്ലാവർക്കും വോട്ടവകാശം അനുവദിച്ചുകൊണ്ടായിരുന്നു തെരഞ്ഞെടുപ്പ്. 17.32 കോടി ആയിരുന്നു വോട്ടർമാരുടെ എണ്ണം. 53 രാഷ്ട്രീയപാർട്ടികൾ 489 സീറ്റുകളിലേക്കാണ് മത്സരിച്ചത്. 364 സീറ്റുകൾ നേടിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ജവഹർലാൽ നെഹ്രുവിന്റെ നേതൃത്വത്തിൽ ആദ്യ സർക്കാർ രൂപീകരിച്ചു.

മൈക്രോസോഫ്റ്റ്, വിൻഡോസ് എക്സ്. പി. എന്ന ഓപ്പറേറ്റിംഗ് സിസ്റ്റം ആരംഭിച്ചത് 2001 ഒക്ടോബർ 25 നാണ്. ഏറ്റവുമധികം ആളുകൾ തങ്ങളുടെ ആദ്യ സ്വകാര്യ കമ്പ്യൂട്ടർ വാങ്ങുന്ന സമയത്തായിരുന്നു മൈക്രോസോഫ്റ്റ്, വിൻഡോസ് എക്സ്. പി. പുറത്തിറക്കിയത്. മുൻപുണ്ടായിരുന്ന വേർഷനുകളിൽനിന്ന് എക്സ്. പി. കാഴ്ചയിൽത്തന്നെ വ്യത്യസ്തത പുലർത്തിയിരുന്നു. എൽ. സി. ഡി. സ്ക്രീനുകളിൽ എഴുത്തുകൾ കൂടുതൽ വ്യക്തമായി കാണാൻ സഹായിക്കുന്ന ക്ലിയർ ടൈപ്പ്, ഇൻബിൽറ്റ് സി. ഡി. ബേ(ർ)ണിംഗ്, സി. ഡി. യിൽ നിന്നുള്ള ഓട്ടോ പ്ലേ തുടങ്ങിയവയും ഈ വേർഷൻ അവതരിപ്പിച്ച പുതിയ സംവിധാനങ്ങളായിരുന്നു. ഏറ്റവും കൂടുതൽ കാലം നിലവിലിരുന്ന ഓപ്പറേറ്റിംഗ് സിസ്റ്റവും വിൻഡോസ് എക്സ്. പി. ആണ്. 2014 ഏപ്രിൽ വരെ 13 വർഷക്കാലമാണ് ഇത് ഉപയോഗത്തിലുണ്ടായിരുന്നത്.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.