ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ: നവംബർ 26

ലോകത്തിലെ ആദ്യ ടൈഡൽ പവർ സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചത് 1966 നവംബർ 26 നാണ്. ഫ്രാൻസിലെ ബ്രിട്ടനിയിലുള്ള റാൻസ് നദിയിലാണ് ലാ റാൻസ് എന്ന തിരമാലയിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന സ്റ്റേഷൻ പ്രവർത്തിക്കുന്നത്. നിലവിൽ ഏറ്റവും കൂടുതൽ കാലമായി പ്രവർത്തിക്കുന്നതും വലിപ്പത്തിൽ ലോകത്തിൽ രണ്ടാമത്തേതുമായ ടൈഡൽ പവർ സ്റ്റേഷനാണ് ലാ റാൻസ്. 750 മീറ്റർ ദൂരത്തിൽ ഘടിപ്പിച്ചിരിക്കുന്ന 24 ടർബൈനുകളാണ് ലാ റാൻസിലുള്ളത്. 240 മെഗാവാട്ടാണ് ഉൽപാദനശേഷി. ഫ്രാൻസിന് ആകെ ആവശ്യമുള്ളതിന്റെ .012% വൈദ്യുതിയാണ് ഇവിടെ ഉൽപാദിപ്പിക്കുന്നത്. 1961 ജനുവരിയിലാണ് സ്റ്റേഷന്റെ നിർമാണം ആരംഭിച്ചത്. അഞ്ചുവർഷങ്ങളെടുത്ത് നിർമാണം പൂർത്തീകരിച്ച പദ്ധതി 1966 നവംബർ 26 ന് ഫ്രഞ്ച് പ്രസിഡന്റ് രാഷ്ട്രത്തിനു സമർപ്പിച്ചു.

1949 നവംബർ 26 നായിരുന്നു സ്വതന്ത്ര ഇന്ത്യയ്ക്കായി തയ്യാറാക്കിയ ഭരണഘടനയ്ക്ക് ഭരണഘടനാ നിർമാണസഭയുടെ അനുമതി ലഭിച്ചത്. എഴുതപ്പെട്ട ഭരണഘടനകളിൽ ലോകത്തിലെ ഏറ്റവും വലിയതാണ് നമ്മുടെ ഭരണഘടന. 1946 ലാണ് ക്യാബിനറ്റ് മിഷൻ പദ്ധതിപ്രകാരം ഭരണഘടനാ നിർമാണസഭ രൂപീകരിച്ചത്. താൽക്കാലിക പ്രസിഡന്റായിരുന്ന സച്ചിദാനന്ദ സിൻഹയുടെ അധ്യക്ഷതയിൽ അതേവർഷം ഡിസംബർ 9 ന് ആദ്യസമ്മേളനം ചേർന്നു. ഡിസംബർ 11 ന് ഡോ. രാജേന്ദ്രപ്രസാദ് സ്ഥിരം അധ്യക്ഷനായി. 13 പ്രധാന കമ്മിറ്റികൾ രണ്ടു വർഷവും 11 മാസവും 17 ദിവസവും കൊണ്ട് 395 വകുപ്പുകളും 8 പട്ടികകളുമുള്ള ഭരണഘടന തയ്യാറാക്കി. കരട് സമിതി പരിശോധിച്ചശേഷം 1949 നവംബർ 26 ന് ഭരണഘടനാ നിർമാണസഭ അതിന് അനുമതി നൽകി. തയ്യാറാക്കിയ ഘട്ടത്തിൽ 395 വകുപ്പുകളും 22 അധ്യായങ്ങളും 8 പട്ടികകളും ഒരുലക്ഷത്തി നാൽപത്തി അയ്യായിരം വാക്കുകളുമാണ് ഭരണഘടനയിലുണ്ടായിരുന്നത്. 2015 മുതൽ നവംബർ 26 വരെ ഭരണഘടനാദിനമായി ആചരിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.