മാർപാപ്പയുടെ രേഖകളും കത്തിടപാടുകളും നടത്തുന്ന വകുപ്പായ പേപ്പൽ ചാൻസറി, വർഷത്തിന്റെ ആരംഭം ജനുവരി മാസമായി കണക്കാക്കാൻ ആരംഭിച്ചത് 1621 നവംബർ 16 നാണ്. അതിനു മുൻപുവരെ മാർച്ച് ആയിരുന്നു അവരുടെ വർഷത്തിന്റെ ആരംഭമാസം.
1945 നവംബർ 16 നാണ് യുനെസ്കോ സ്ഥാപിതമായത്. യുണൈറ്റഡ് നേഷൻസ് എജ്യുക്കേഷണൽ, സയന്റിഫിക്, ആന്റ് കൾച്ചറൽ ഓർഗനൈസേഷൻ എന്നാണ് യുനെസ്കോയുടെ പൂർണ്ണരൂപം. പാരിസ് ഹെഡ് ക്വാർട്ടേഴ്‌സ് ആയിട്ടുള്ള യുനെസ്കോയിൽ 195 അംഗങ്ങളും 8 അസോസിയേറ്റ് അംഗങ്ങളുമാണ് ഉള്ളത്. ലോകത്തിന്റെ പല ഭാഗങ്ങളിലായി 50 ഫീൽഡ് ഓഫീസുകളുള്ള ഈ സംഘടനയുടെ ലക്‌ഷ്യം വിദ്യാഭ്യാസ-ശാസ്ത്ര-സാംസ്കാരിക മേഖലകളെ ലോകസമാധാനത്തിന് ഉതകുംവിധം വളർത്തുക എന്നതാണ്. വിവിധ ആളുകളും സംസ്കാരങ്ങളും തമ്മിൽ ആരോഗ്യകരമായ സംവാദങ്ങൾക്കും യുനെസ്കോ വേദിയൊരുക്കുന്നു.
ബേനസീർ ഭൂട്ടോ പാക്കിസ്ഥാന്റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് 1988 നവംബർ 16 നാണ്. ഒരു മുസ്ലീം രാഷ്ട്രത്തിന്റെ ഭരണനേതൃത്വത്തിലെത്തുന്ന ആദ്യ വനിതയായിരുന്നു അവർ. 1985 ൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാർ, കാലാവധി പൂർത്തിയാക്കുന്നതിനുമുമ്പ് പിരിച്ചുവിട്ടതിനാലാണ് 1988 ൽ പാക്കിസ്ഥാൻ വീണ്ടും ഒരു പൊതു തിരഞ്ഞെടുപ്പിലേക്കു പോകുകയും 92 സീറ്റുകളോടെ ബേനസീറിന്റെ പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി ഡിസംബർ രണ്ടിന് അധികാരമേൽക്കുകയും ചെയ്തത്. പാക്കിസ്ഥാന്റെ പതിനൊന്നാമത്തെ പ്രധാനമന്ത്രിയായിരുന്നു അവർ. അന്ന് അവർക്ക് 35 വയസ്സ് മാത്രമായിരുന്നു പ്രായം.
2013 നവംബർ 16 നാണ് സച്ചിൻ ടെണ്ടുൽക്കറിന് ഭാരതരത്ന അവാർഡ് നൽകാൻ സർക്കാർ തീരുമാനിക്കുന്നത്. 40-ാമത്തെ വയസ്സിൽ ഭാരതരത്ന ലഭിച്ച സച്ചിനാണ് ഈ അവാർഡ് ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി. 47-ാം വയസ്സിൽ ഭാരതരത്ന ലഭിച്ച രാജീവ് ഗാന്ധിയായിരുന്നു അതുവരെ ഈ പുരസ്കാരം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞയാൾ. ഭാരതരത്ന നേടിയ ആദ്യ കായികതാരവും സച്ചിൻ തന്നെയാണ്. തന്റെ കരിയറിലെ അവസാന ഗെയിം കളിക്കാൻ സച്ചിൻ വാങ്കഡെ സ്റ്റേഡിയത്തിൽ ഇറങ്ങിയതും ഈ ദിനം തന്നെയാണ്. ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച 24 വർഷത്തെ കരിയർ അവസാനിപ്പിക്കുന്ന അന്നുതന്നെയാണ് സച്ചിന് ഭാരതരത്ന സമ്മാനിക്കാനുള്ള തീരുമാനം പ്രധാനമന്ത്രിയുടെ ഓഫീസ് പ്രഖ്യാപിച്ചത്.