മിഷനറി സിസ്റ്റേഴ്‌സ് ഓഫ് സേക്രഡ് ഹാർട്ടിന്റെ സ്ഥാപകയായ ഫ്രാൻസിസ് സേവ്യർ കാബ്രിനിയെ (1850-1917) വിശുദ്ധയായി പ്രഖ്യാപിച്ചത് 1938 നവംബർ 13 നാണ്. റോമൻ കത്തോലിക്കാ സഭയിലെ ആദ്യത്തെ അമേരിക്കൻ വിശുദ്ധയാണ് ഇവർ.
1985 നവംബർ 13 നാണ് ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ അഗ്നിപർവത സ്ഫോടനമുണ്ടായത്. കൊളംബിയയിലെ നെവാദോ ദെൽ റൂയിസ് അഗ്നിപർവതമാണ് അന്ന് പൊട്ടിത്തെറിച്ചത്. അഗ്നിപർവതത്തിന്റെ താഴ്വാരത്ത് സ്ഥിതിചെയ്തിരുന്ന അർമേരോ എന്ന നഗരത്തിലെ 25,000 ഓളം ആളുകളാണ് ആ അപകടത്തിൽ കൊല്ലപ്പെട്ടത്. കൊളംബിയയുടെ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ പ്രകൃതിദുരന്തമായിരുന്നു അത്. കൊളംബിയൻ ജിയോളജിക്കൽ സർവീസ് ടെക്നിക്കൽ ഡയറക്ടറായിരുന്ന മാർത്താ ലൂസിയ, സ്ഫോടനത്തിന് ഒരുമാസം മുമ്പ് അപകടമുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ജനങ്ങൾ അത് അവഗണിക്കുകയായിരുന്നു.
സ്വീഡനിൽ അഭിപ്രായ വോട്ടെടുപ്പ് നടന്നത് 1994 നവംബർ 13 നാണ്. യൂറോപ്യൻ യൂണിയനിൽ ചേരണോ, വേണ്ടയോ എന്നു തീരുമാനിക്കാനുള്ളതായിരുന്നു വോട്ടെടുപ്പ്. നാലുവർഷം നീണ്ട ചർച്ചകൾക്കൊടുവിലാണ് വോട്ടെടുപ്പ് നടത്താൻ തീരുമാനമായത്. 83% പോളിംഗ് ഉണ്ടായിരുന്നതിൽ 52.3% ആളുകൾ യൂറോപ്യൻ യൂണിയനിൽ ചേരുന്നതിന് അനുകൂലമായി വോട്ട് ചെയ്തു. ഒരുമാസത്തിനു ശേഷം പാർലമെന്റ് ആ തീരുമാനം അംഗീകരിക്കുകയും 1995 ജനുവരിയിൽ സ്വീഡൻ യൂറോപ്യൻ യൂണിയന്റെ ഭാഗമാകുകയും ചെയ്തു.
2015 നവംബർ 13 നാണ് പാരീസ് ഭീകരാക്രമണം നടന്നത്. ആക്രമണത്തിന്റെ ഭാഗമായുണ്ടായ വെടിവയ്പ്പിലും ബോംബ് സ്ഫോടനത്തിലും 130 ആളുകൾ മരണപ്പെടുകയും നൂറുകണക്കിനാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. മൂന്ന് സ്ഫോടനങ്ങളിൽ ആദ്യത്തേത് ഫ്രാൻസ്-ജർമനി സൗഹൃദമത്സരം നടന്നുകൊണ്ടിരുന്ന സ്റ്റേഡിയത്തിലാണ് നടന്നത്; ആ സമയത്ത് പ്രസിഡണ്ട് ഉൾപ്പെടെയുള്ളവർ സ്റ്റേഡിയത്തിലുണ്ടായിരുന്നു. രണ്ടാമത്തെ ഔട്ട്ലെറ്റിലാണ് മൂന്നാമത്തെ സ്ഫോടനം നടന്നത്. തുടർന്ന് നിരവധി ഇടങ്ങളിൽ വെടിവയ്പ്പുകളുണ്ടായി. ഇതേ തുടർന്ന് പ്രസിഡണ്ട് ഫ്രാങ്കോയിസ് ഹോളണ്ട്, ഫ്രാൻസിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും അതിർത്തികളിൽ നിയന്ത്രണം കർശനമാക്കുകയും ചെയ്തു.