ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ: ജനുവരി 02

1954 ജനുവരി രണ്ടിനാണ് ഭാരതത്തിലെ ഉയർന്ന സിവിലിയൻ ബഹുമതികളായ ഭാരതരത്ന, പദ്മഭൂഷൺ എന്നിവ സ്ഥാപിക്കപ്പെട്ടത്. കല, സാഹിത്യം, ശാസ്ത്രം, പൊതുജനസേവനം, കായികം എന്നീ മേഖലകളിലെ സ്തുത്യർഹമായ സംഭാവനകൾക്കാണ് ഭാരതരത്ന നൽകുന്നത്. മരണാനന്തര ബഹുമതിയായി ഭാരതരത്ന നൽകാവുന്ന രീതിയിൽ ഇതുസംബന്ധിച്ച ഓർഡിനൻസ് ഭേദഗതി ചെയ്തത് 1955 ലാണ്. എസ്. രാധാകൃഷ്ണൻ, സി. വി. രാമൻ, സി. രാജഗോപാലാചാരി എന്നിവർക്കാണ് ആദ്യമായി ഭാരതരത്ന നൽകപ്പെട്ടത്. ആലിലയുടെ ആകൃതിയിലുള്ളതാണ് പുരസ്കാരം. 1954 ൽ ഡോ. സത്യേന്ദ്രനാഥ് ബോസ്, ഡോ. സാക്കിർ ഹുസൈൻ, ബാലസാഹബ് ഗംഗാദർ ഖേർ, ദിഗ്മെ ദോറി വാങ്ചക്, നന്ദലാൽ ബോസ്, വി. കെ. കൃഷ്ണമേനോൻ എന്നിവർക്കാണ് പദ്മഭൂഷൺ ആദ്യമായി നൽകപ്പെട്ടത്. പ്രശസ്തിപത്രവും പതക്കവുമടങ്ങുന്നതാണ് ഈ പുരസ്കാരം. രാഷ്ട്രപതിയാണ് ജേതാക്കൾക്ക് ഇവ സമ്മാനിക്കുന്നത്.

1959 ജനുവരി രണ്ടിനാണ് ലൂണ ബഹിരാകാശ ദൗത്യങ്ങളിൽ ആദ്യത്തേത് വിക്ഷേപിച്ചത്. ഭൂമിയുടെ ഗുരുത്വാകർഷണബലം ഭേദിച്ച് പുറത്തുകടന്ന ആദ്യ പേടകമായിരുന്നു ലൂണ 1. ചന്ദ്രനെക്കുറിച്ചു പഠിക്കാനാണ് ലൂണ അയച്ചതെങ്കിലും ആ ദൗത്യത്തിൽ അത് പരാജയപ്പെടുകയും സൂര്യനുചുറ്റുമുള്ള ഭ്രമണപഥത്തിൽ പ്രവേശിക്കുകയും ചെയ്തു. അങ്ങനെ സൂര്യനെ വലംവയ്ക്കുന്ന ആദ്യ മനുഷ്യനിർമിത വസ്തുവായി ലൂണ 1 മാറി. ‘കോസ്മിക് റോക്കറ്റ്’ എന്നായിരുന്നു വിക്ഷേപണസമയത്ത് അതിന്റെ പേര്. പിന്നീട് 1963 ലാണ് ലൂണ 1 എന്ന് പേരുമാറ്റിയത്.

നാസയുടെ ബഹിരാകശ ദൗത്യങ്ങളിലൊന്നായ സ്റ്റാർഡസ്റ്റ്, വൈൽഡ് ടൂ (Wild 2) എന്ന ധൂമകേതുവിൽനിന്ന് പൊടിപടലങ്ങൾ ശേഖരിച്ചത് 2004 ജനുവരി രണ്ടിനായിരുന്നു. 1999 ഫെബ്രുവരി ഏഴിന് വിക്ഷേപിച്ച ഈ പേടകം 2003 ഡിസംബർ 31 നാണ് വൈൽഡ് ടൂവിനെ സമീപിക്കുന്നത്. ജനുവരി രണ്ടിന് അതിനോട് ഏറ്റവും അടുത്തെത്തിയപ്പോഴാണ് അതിൽനിന്നുള്ള പൊടിപടലങ്ങൾ ശേഖരിച്ചത്. അതോടൊപ്പം ധൂമകേതുവിന്റെ 72 ചിത്രങ്ങളുമെടുത്തു. 2006 ജനുവരിയിലാണ് സ്റ്റാർഡസ്റ്റ് ശേഖരിച്ച പൊടിപടലങ്ങൾ ഭൂമിയിലെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ ധൂമകേതുവിൽനിന്നു ലഭിച്ച പദാർഥത്തിൽ ജീവന്റെ അവശ്യഘടകമായ അമിനോ ആസിഡ് അടങ്ങിയതായി കണ്ടെത്തി. ചന്ദ്രന്റെ ഭ്രമണപഥത്തിനു പുറത്തുനിന്ന് ഒരു ധൂമകേതുവിന്റെ സാമ്പിളും അന്യഗ്രഹവസ്തുക്കളും ശേഖരിച്ച് ഭൂമിയിലേക്ക് തിരിച്ചയച്ച ആദ്യത്തെ ബഹിരകാശ പേടകമാണ് സ്റ്റാർഡസ്റ്റ്.

തയ്യാറാക്കിയത്: സുനിഷ വി. എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.