1905 ജനുവരി 19 നാണ് വക്കം അബ്ദുൾ ഖാദർ മൗലവി സ്വദേശാഭിമാനി പത്രം ആരംഭിച്ചത്. വായന ശീലമാക്കപ്പെടുകയാണ് വിജ്ഞാനസമ്പാദനത്തിനുള്ള പോംവഴിയെന്ന മൗലവിയുടെ തിരിച്ചറിവാണ് പത്രം ആരംഭിക്കാൻ അദ്ദേഹത്തിന് പ്രേരണയായത്. തിരുവനന്തപുരത്തെ അഞ്ചുതെങ്ങിൽ നിന്നാണ് പ്രതിവാരപത്രം പ്രസിദ്ധീകരണം തുടങ്ങിയത്. വിദേശത്തുനിന്ന് മുന്തിയ അച്ചുകൂടം വിലയ്ക്കുവാങ്ങി കപ്പൽ മുഖേന എത്തിക്കുകയായിരുന്നു. സി. പി. ഗോവിന്ദപ്പിള്ളയായിരുന്നു ആദ്യപത്രാധിപർ. 1906 ൽ പത്രം വക്കത്തേക്കു മാറ്റി. കെ. രാമകൃഷ്ണപിള്ള പത്രാധിപരായി ചുമതലയേറ്റു. 1907 ൽ പ്രസിദ്ധീകരണം തിരുവനന്തപുരത്തേക്കു മാറ്റി. തിരുവിതാംകൂറിലെ ഭരണകൂടത്തിന്റെ നെറികേടുകൾക്കെതിരെ ശബ്ദിച്ച കാരണത്താൽ ദിവാൻ പി. രാജഗോപാലാചാരിയുടെ ഉത്തരവുപ്രകാരം 1910 സെപ്റ്റംബർ 26 ന് പത്രം നിരോധിക്കപ്പെട്ടു. പ്രസ്സ് കണ്ടുകെട്ടുകയും പത്രാധിപരായിരുന്ന കെ. രാമകൃഷ്ണപിള്ളയെ നാടുകടത്തുകയും ചെയ്തു.
മലയാളത്തിലെ ആദ്യ ശബ്ദചലച്ചിത്രമായ ബാലൻ റിലീസ് ചെയ്തത് 1938 ജനുവരി 19 നായിരുന്നു. എസ്. നൊട്ടാണി സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഗാനങ്ങളും രചിച്ചത് മുതുകുളം രാഘവൻ പിള്ളയാണ്. ജർമൻകാരൻ ബാഡോ ഗുഷ്വാക്കർ ആയിരുന്നു ഛായാഗ്രഹകൻ. ‘ഗുഡ് ലക്ക് ടു എവരിബഡി’ എന്നായിരുന്നു സിനിമയിലെ ആദ്യ സംഭാഷണം. ‘വിധിയും മിസിസ് നായരും’ എന്ന കഥയെ അടിസ്ഥാനമാക്കി മോഡേൺ തിയേറ്റേഴ്സിന്റെ ബാനറിൽ ടി. ആർ. സുന്ദരമാണ് ചിത്രം നിർമിച്ചത്. കെ. കെ. അരൂർ, എം.കെ. കമലം, മാസ്റ്റർ മദനഗോപാൽ, ബേബി മാലതി, ആലപ്പി വിൻസന്റ് തുടങ്ങിയവരായിരുന്നു പ്രധാന വേഷങ്ങളിൽ. സേലം മോഡേൺ സ്റ്റുഡിയോയിൽ 1937 ഓഗസ്റ്റ് 17 നാണ് ചിത്രീകരണം ആരംഭിച്ചത്. 23 പാട്ടുകളുള്ള ‘ബാലനി’ലെ സംഗീതം കെ. കെ. അരൂരും ഹാർമോണിസ്റ്റ് ഇബ്രാഹിമും ചേർന്നാണ് നിർവഹിച്ചത്.
1966 ജനുവരിയിൽ ലാൽ ബഹദൂർ ശാസ്ത്രിയുടെ അപ്രതീക്ഷിത മരണത്തെ തുടർന്ന് ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത് ജനുവരി 19 നായിരുന്നു. ശാസ്ത്രി മന്ത്രിസഭയിൽ വാർത്താവിതരണ പ്രക്ഷേപണവകുപ്പ് മന്ത്രിയായിരുന്ന ഇന്ദിര, ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി ആയാണ് അന്ന് ചുമതലയേറ്റത്. 1966 ജനുവരിയിൽ പ്രധാനമന്ത്രിയായ ഇന്ദിരാഗാന്ധി, 1971 ൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും വൻവിജയം സ്വന്തമാക്കി. 1966-77 കാലഘട്ടത്തിലും പിന്നീട് 1980 മുതൽ മരണം വരെയും നാലുതവണ അവർ ഇന്ത്യയുടെ പ്രധാനമന്ത്രിപദം അലങ്കരിച്ചു. 1984 ഒക്ടോബർ 31 ന് തന്റെ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റായിരുന്നു ഇന്ദിരയുടെ ദാരുണാന്ത്യം. തന്റെ പിതാവ് ജവഹർലാൽ നെഹ്രുവിനുശേഷം ഏറ്റവും കൂടുതൽ കാലം രാജ്യം ഭരിച്ച പ്രധാനമന്ത്രിയാണ് ഇന്ദിരാഗാന്ധി.
തയ്യാറാക്കിയത്: സുനിഷ വി. എഫ്.