500 ലധികം ക്രിസ്തീയ ഭക്തിഗാനങ്ങൾ രചിച്ച ജർമൻ പുരോഹിതനായ ഫാ. ജോഹാൻ ക്രിസ്റ്റോഫ് ഷ്വെഡ്ലർ ജനിച്ചത് 1672 ഡിസംബർ 21 നാണ്.
1898 ഡിസംബർ 21 നായിരുന്നു പിയറി ക്യൂറിയും മേരി ക്യൂറിയും ചേർന്ന് റേഡിയം കണ്ടെത്തിയത്. ചെക്ക് റിപ്പബ്ലിക്കിലെ വടക്കൻ ബൊഹീമിയിൽ വച്ചായിരുന്നു അത്. പിച്ച്ബ്ലെന്ഡിൽനിന്ന് യുറേനിയം നീക്കം ചെയ്തശേഷം ബാക്കിവരുന്ന പദാർഥം റേഡിയോ ആക്ടീവ് ആണെന്ന് അവർ കണ്ടെത്തി. അതിൽനിന്ന് ബേരിയം നീക്കം ചെയ്തപ്പോൾ റേഡിയം ലഭിച്ചു. 1898 ഡിസംബർ 26 ന് ഫ്രെഞ്ച് അക്കാദമി ഓഫ് സയൻസിൽ ക്യൂറി ദമ്പതികൾ തങ്ങളുടെ കണ്ടുപിടിത്തം പ്രഖ്യാപിച്ചു. ശുദ്ധമായ റേഡിയം വേർതിരിച്ചെടുത്തത് ക്യൂറിയും ആന്ദ്രെ ലൂയിസ് ഡെബ്രെയിനും ചേർന്നാണ്. 1902 ലായിരുന്നു അത്. ഈ കണ്ടെത്തലിന് ഇവർക്ക് നൊബേൽ സമ്മാനം ലഭിച്ചു.
1913 ഡിസംബർ 21 നായിരുന്നു ആദ്യത്തെ പദപ്രശ്നം പ്രസിദ്ധീകരിക്കപ്പെട്ടത്. ഞായറാഴ്ച പത്രമായിരുന്ന ന്യൂയോർക്ക് വേൾഡിലാണ് പത്രാധിപരായിരുന്ന ആർതർ വിൻ പദപ്രശ്നം ആരംഭിച്ചത്. എന്തെങ്കിലും തമാശപ്പരിപാടി തുടങ്ങാനുള്ള ചിന്തയാണ് പദപ്രശ്നത്തിന്റെ പിറവിക്ക് വഴിതെളിച്ചത്. ഇന്ന് കാണുന്ന രീതിയിലായിരുന്നില്ല ആദ്യ പദപ്രശ്നം. ഡയമണ്ട് ആകൃതിയിലായിരുന്നു കോളങ്ങൾ ക്രമീകരിച്ചിരുന്നത്. ഇടയിൽ കറുത്ത കോളങ്ങളൊന്നും ഉണ്ടായിരുന്നുമില്ല. ഏകദേശം പത്തു വർഷത്തോളം ന്യൂയോർക്ക് വേൾഡിൽ മാത്രമായിരുന്നു പദപ്രശ്നം ഉണ്ടായിരുന്നത്. 1920 കളുടെ ആരംഭത്തിലാണ് മറ്റ് പത്രങ്ങൾ ഇത് പ്രസിദ്ധീകരിച്ചുതുടങ്ങിയത്. ഒരു ദശകത്തിനുള്ളിൽ എല്ലാ അമേരിക്കൻ പത്രങ്ങളും പദപ്രശ്നം ആരംഭിച്ചു. ആദ്യമായി പദപ്രശ്നം പ്രസിദ്ധീകരിച്ച ബ്രിട്ടീഷ് പ്രസിദ്ധീകരണം പിയേഴ്സൺസ് മാഗസിനായിരുന്നു; 1922 ൽ. ടൈം മാഗസിൻ, ആദ്യ ക്രോസ് വേഡ് പ്രസിദ്ധീകരിച്ചതാകട്ടെ 1930 ഫെബ്രുവരി ഒന്നിനും.
ആദ്യത്തെ മുഴുനീള ആനിമേറ്റഡ് ഫീച്ചർ ഫിലിമായ സ്നോ വൈറ്റ് ആന്റ് ദി സെവൻ ഡ്വാർഫ്സ് റിലീസ് ചെയ്തത് 1937 ഡിസംബർ 21 നായിരുന്നു. 1812ൽ ബ്രദേഴ്സ് ഗ്രിം രചിച്ച ജർമൻ നാടോടിക്കഥയെ അടിസ്ഥാനമാക്കിയായിരുന്നു വാൾട്ട് ഡിസ്‌നി സിനിമ നിർമിച്ചത്. ലോസ് ആഞ്ചലസിലെ കാർത്തെ സർക്കിൾ തിയേറ്ററിലായിരുന്നു ആദ്യ പ്രദർശനം. ആദ്യ റിലീസിൽ തന്നെ എട്ട് മില്യൺ ഡോളറാണ് ചിത്രം നേടിയത്. 1938 ലെ അക്കാദമി അവാർഡിൽ മികച്ച പശ്ചാത്തല സംഗീതത്തിനായി ചിത്രം നാമനിർദേശം ചെയ്യപ്പെട്ടിരുന്നു. തൊട്ടടുത്ത വർഷം വാൾട്ട് ഡിസ്നിക്ക് ഈ ചിത്രം നിർമിച്ചതിന്റെപേരിൽ ഓണററി ഓസ്കാർ അവാർഡ് നൽകപ്പെട്ടു. 1989 ൽ അമേരിക്കൻ ലൈബ്രറി ഓഫ് കോൺഗ്രസ്, നാഷണൽ ഫിലിം രജിസ്ട്രിയിൽ സൂക്ഷിക്കാനായി തെരഞ്ഞെടുത്ത 25 ചിത്രങ്ങളിൽ ഒന്ന് ഈ ആനിമേഷൻ ചിത്രമായിരുന്നു.
തയ്യാറാക്കിയത്: സുനിഷ വി. എഫ്.