ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ: ഒക്ടോബർ 31

ഈ ദിനം ചരിത്രത്തോടു ചേർന്നുനിൽക്കുന്നത് നിരവധി സംഭവങ്ങളിലൂടെയാണ്.

ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടത് 1984 ഒക്ടോബർ 31 നായിരുന്നു. പ്രധാനമന്ത്രിസ്ഥാനത്തിരിക്കെയായിരുന്നു അവരുടെ കൊലപാതകം. സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥരായിരുന്ന ബിയാന്ത് സിംഗ്, സത്വന്ത് സിംഗ് എന്നിവരാണ് ഇന്ദിരയ്ക്കുനേരെ നിറയൊഴിച്ചത്. താമസസ്ഥലത്തിനു സമീപത്തുതന്നെ സ്ഥിതിചെയ്തിരുന്ന പ്രധാനമന്ത്രിയുടെ ഓഫീസിലേക്കു നടന്നുപോകുന്ന സമയത്തായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥർ ഇന്ദിരാ ഗാന്ധിക്കുനേരെ നിറയൊഴിച്ചത്. 25 ലേറെ ബുള്ളറ്റുകൾ ഇന്ദിരയുടെ ശരീരത്തിൽ തുളച്ചുകയറി. ഉടൻതന്നെ എയിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉച്ചയ്ക്ക് 2.23 ഓടു കൂടിയാണ് പ്രധാനമന്ത്രി മരിച്ചതായി ഓദ്യോഗിക സ്ഥിരീകരണമുണ്ടായത്.

അൽ ഖ്വയ്ദ ഭീകരർ ബാഗ്ദാദിലെ ഔർ ലേഡി ഓഫ് പെർപെച്വൽ ഹെൽപ്പ് ചർച്ച് ആക്രമിക്കുകയും അവിടെയുണ്ടായിരുന്ന 120 വിശ്വാസികളെ കൊലപ്പെടുത്തുകയും ചെയ്തത് 2010 ഒക്ടോബർ 31 നായിരുന്നു. ആക്രമണം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട മൂന്നുവയസ്സുകാരൻ ആൺകുട്ടി ഉൾപ്പെടെയാണ് കൂട്ടക്കൊലയ്ക്ക് ഇരയായത്.

2011 ഒക്ടോബർ 31 നായിരുന്നു ലോകജനസംഖ്യ ഏഴു ബില്യൺ കടന്നത്. ഇന്ത്യയിലെ ഉത്തർപ്രദേശിൽ നർഗിസ് എന്ന കുട്ടിയുടെ ജനനത്തോടെയാണ് ലോകജനസംഖ്യ ഏഴു ബില്യൺ കടന്നത്. ഈ ചരിത്രനിമിഷത്തെ സൂചിപ്പിക്കാൻ ബാലാവകാശ സംഘടനയായ പ്ലാൻ ഇന്റർനാഷണൽ പ്രതീകാത്മകമായി തെരഞ്ഞെടുത്ത ശിശുവായിരുന്നു നർഗീസ്. എന്നാൽ ഐക്യരാഷ്ട്രസഭ ഏതെങ്കിലുമൊരു കുഞ്ഞിനെ ഇത്തരത്തിൽ ഔദ്യോഗികമായി തെരഞ്ഞെടുത്തിട്ടില്ല. 2011 ഒക്ടോബർ 31 ന് ലോകജനസംഖ്യ ഏഴു ബില്യൺ കടക്കുമെന്നത്, ജനനനിരക്ക് കണക്കാക്കിയുള്ള ഐരാഷ്ട്രസഭയുടെ അനുമാനമായിരുന്നു. നിർണ്ണായകമായ ഈ നിമിഷം പ്രഖ്യാപിച്ചശേഷം യു. എൻ. സെക്രട്ടറി ജനറൽ ബാൻ കി മൂൺ, ജനസംഖ്യാവർധനവ് മൂലമുണ്ടാകുന്ന വെല്ലുവിളികളെ നേരിടാൻ ലോകനേതാക്കളോട് ആഹ്വാനം ചെയ്തു.

2018 ഒക്ടോബർ 31 നാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ സ്റ്റാച്യു ഓഫ് യൂണിറ്റി രാഷ്ട്രത്തിനു സമർപ്പിച്ചത്. ഗുജറാത്തിലെ നർമദ ജില്ലയിൽ കേവാദിയ എന്ന സ്ഥലത്തു നിർമിച്ചിരിക്കുന്ന സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ആഭ്യന്തരമന്ത്രിയായിരുന്ന സർദാർ വല്ലഭായി പട്ടേലിന്റെ പ്രതിമയാണിത്. 182 മീറ്ററാണ് പ്രതിമയുടെ ഉയരം. വല്ലഭായി പട്ടേലിന്റെ 143-ാമത്തെ ജന്മദിനത്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്റ്റാച്യു ഓഫ് യൂണിറ്റി ഉദ്ഘാടനം ചെയ്തത്. ഏകീകരണത്തിന്റെ ഭാഗമായി നാട്ടുരാജ്യങ്ങളെ ഇന്ത്യയോടു ചേർക്കുന്നതിൽ അദ്ദേഹം നൽകിയ സംഭാവനകളെ അനുസ്മരിച്ചാണ് പട്ടേലിന്റെ പേരിൽ ഈ സ്മാരകം നിർമിച്ചത്. 2300 കോടിയോളം രൂപയാണ് ഇതിന്റെ നിർമാണച്ചെലവ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.