ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിക്കപ്പെട്ടത് 1600 ഡിസംബർ 31 നായിരുന്നു. കമ്പനിയെയും കമ്പനിയുടെ ദൗത്യത്തെയും അംഗീകരിച്ചുകൊണ്ടുളള രാജ്ഞിയുടെ അനുമതിപത്രത്തിന് നിയമസാധുത ലഭിച്ചതോടെയാണ് കമ്പനി നിലവിൽവന്നത്. ഇന്ത്യയിൽ കച്ചവട അവകാശങ്ങൾ നേടിയെടുക്കുന്നതിനായി എലിസബത്ത് രാജ്ഞി കമ്പനിക്കു നൽകിയ ബ്രിട്ടീഷ് രാജകീയ അനുമതിപത്രത്തിന്റെ അടിസ്ഥാനത്തിൽ പുതുതായി രൂപവത്കരിച്ച ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ഇന്ത്യയടക്കമുള്ള കിഴക്കൻ രാജ്യങ്ങളിലെ എല്ലാ കച്ചവടങ്ങളുടെയുംമേൽ 15 വർഷത്തെ കുത്തക ലഭിച്ചു. ഇന്ത്യയിൽ കമ്പനിയുടെ പ്രധാന കച്ചവടം പരുത്തി, പട്ട്, നീലയമരി, വെടിയുപ്പ്, തേയില, കറുപ്പ് എന്നിവയായിരുന്നു. കമ്പനിയുടെ പഴയ രേഖകളനുസരിച്ച്, 1599 സെപ്റ്റംബർ 22 ന് നൂറിലധികപേർ ചേർന്ന് നൂറു മുതൽ ആയിരം പൗണ്ട് വരെ മുതലിറക്കി, മൊത്തം മുപ്പതിനായിരത്തോളം പൗണ്ട് നിക്ഷേപത്തോടെ രൂപീകരിച്ചതാണ് കമ്പനി. ഈ കൂട്ടായ്മയുടെ ഭാരവാഹികളായി തങ്ങളുടെ ഇടയിൽനിന്ന് 15 ഡയറക്ടർമാരെയും അവർ തിരഞ്ഞെടുത്തു. ആദ്യത്തെ ഗവർണറായി നഗരസഭാംഗം തോംസ് സ്മിത്ത് നാമനിർദേശം ചെയ്യപ്പെട്ടു. 215 പേരായിരുന്നു കമ്പനിയിലെ ആദ്യ അംഗങ്ങൾ.
കാനഡയുടെ തലസ്ഥാനമായി ഒട്ടാവ തിരഞ്ഞെടുക്കപ്പെട്ടത് 1857 ഡിസംബർ 31 നാണ്. വിക്ടോറിയ രാജ്ഞിയാണ് ഒട്ടാവയെ തലസ്ഥാനമായി തെരഞ്ഞെടുത്തത്. ക്യൂബക്, ഒന്റാറിയോ എന്നീ രണ്ട് കോളനികൾ ഉൾക്കൊള്ളുന്നതായിരുന്നു അക്കാലത്ത് കാനഡ. രാജ്യത്തിന്റെ മാപ്പിൽ മോൺട്രിയലിനും ക്യൂബക്കിനും ഇടയിലുള്ള സ്ഥലത്തേക്ക് ഒരു ഹാറ്റ് പിൻ എറിഞ്ഞാണ് തലസ്ഥാനം തെരഞ്ഞെടുത്തതെന്നും, ഒട്ടാവയിലെ ലാൻഡ്സ്കേപ്പ് പെയിന്റിങ്ങുകൾ കണ്ട് ഇഷ്ടപ്പെട്ടതിനാലാണ് വിക്ടോറിയ രാജ്ഞി തലസ്ഥാനമായി ഇവിടം തിരഞ്ഞെടുത്തതെന്നും കഥകളുണ്ട്. അമേരിക്കൻ അതിർത്തിയിൽനിന്നുള്ള അകലം നഗരത്തെ ആക്രമണങ്ങളിൽനിന്ന് സംരക്ഷിക്കും എന്നതായിരുന്നു മറ്റൊരു കാരണമെന്നും പറയപ്പെടുന്നു. മറ്റു പ്രധാന കനേഡിയൻ നഗരങ്ങൾ ആക്രമണങ്ങളുണ്ടാകുന്ന സമയത്ത് എത്രത്തോളം ദുർബലമാണെന്ന് 1812 ലെ യുദ്ധത്തിൽനിന്ന് പ്രദേശവാസികളും അധികാരികളും മനസ്സിലാക്കിയിരുന്നു.
2009 ഡിസംബർ 31 നാണ് ചന്ദ്രഗ്രഹണവും ബ്ലൂമൂണും ഒരുമിച്ച അപൂർവ പ്രതിഭാസം ഉണ്ടായത്. നീലനിറത്തിലാണ് അന്ന് ചന്ദ്രൻ ദൃശ്യമായത്. 20 വർഷത്തിനുശേഷം ആദ്യമായായിരുന്നു അന്ന് ബ്ലൂമൂൺ പ്രതിഭാസമുണ്ടായത്. ഡിംസംബറിലെ രണ്ടാമത്തെ പൂർണ്ണചന്ദ്രനായിരുന്നു അത്. മാസത്തിൽ ഒരു പൂർണ്ണചന്ദ്രനാണ് സാധാരണയുണ്ടാകാറുള്ളത്. ഒരു മാസം രണ്ട് പൂർണ്ണചന്ദ്രന്മാരുണ്ടെങ്കിൽ രണ്ടാമത്തേതിനെ, നീലക്കളറിൽ ദൃശ്യമായില്ലെങ്കിൽപോലും സാധാരണയായി വിളിക്കുന്ന പേരും ബ്ലൂമൂൺ എന്നു തന്നെയാണ്. 2028 ഡിസംബർ 31 ന് പുതുവർഷരാവിൽ അടുത്ത ഗ്രഹണവും ബ്ലൂമൂണും സംഭവിക്കുമെന്നാണ് ബഹിരകാശ ഗവേഷകർ പറയുന്നത്.
തയ്യാറാക്കിയത് : സുനീഷ വി. എഫ്.