നിരവധി സംഭവങ്ങളിലൂടെയാണ് ചരിത്രത്തിൽ ഈ ദിനം കടന്നുപോകുന്നത്.
1945 ഒക്ടോബർ 29 നാണ് ആദ്യമായി ബോൾപോയിന്റ് പേന വിപണിയിലെത്തുന്നത്. ഗിംബെൽസ് ഡിപ്പാർട്ട്മെന്റിന്റെ ന്യൂയോർക്ക് സിറ്റി ബ്രാഞ്ചാണ് പേന പുറത്തിറക്കിയത്. റൈനോൾഡ്സ് ഇന്റർനാഷണൽ പെൻ കമ്പനിയായിരുന്നു പേന നിർമിച്ചത്. അതിനു മുമ്പുവരെ പ്രചാരത്തിലുണ്ടായിരുന്ന ഫൗണ്ടൻ പേനയുടെ, മഷി ലീക്കാവുക, മഷി പരക്കുക തുടങ്ങിയ പോരായ്മകളെ പരിഹരിക്കുന്നതായിരുന്നു പുതിയ പേന. വളരെ പെട്ടെന്നുതന്നെ ഉണങ്ങുന്ന പ്രത്യേകതരം മഷിയാണ് ഇതിൽ ഉപയോഗിച്ചിരുന്നത്. നിബ്ബിലുള്ള ചെറിയ ഒരു ബോളും, ഗുരുത്വാകർഷണവുമാണ് മഷിയുടെ തുടർച്ചയായ ഒഴുക്കിനെ സഹായിക്കുന്നത്. പന്ത്രണ്ടര ഡോളറായിരുന്നു ആദ്യത്തെ ബോൾ പേനയുടെ വില.
1979 ൽ ചൈന ആരംഭിച്ച ഒറ്റക്കുട്ടി നയം തിരുത്തുന്നതായി രാജ്യം ആദ്യം പ്രഖ്യാപിച്ചത് 2015 ഒക്ടോബർ 29 നായിരുന്നു. ഒരു കുടുംബത്തിൽ രണ്ടു കുട്ടികൾ വരെയാകാം എന്നതായിരുന്നു തിരുത്ത്. 2016 ജനുവരി മുതൽ ഇത് പ്രാബല്യത്തിൽ വന്നു. ജനപ്പെരുപ്പം രൂക്ഷമായ സാഹചര്യത്തിലാണ് അതിന് പ്രതിവിധിയായി ഒറ്റക്കുട്ടി സമ്പ്രദായം ചൈന നിയമമാക്കിയത്. എന്നാൽ, അത് ജനസംഖ്യയിൽ വൻതോതിലുള്ള ഇടിവുണ്ടാക്കുന്നു എന്ന് തിരിച്ചറിഞ്ഞാണ് രാജ്യം നയം തിരുത്തിയത്. ജനസംഖ്യയിലുണ്ടാകുന്ന കുറവ് ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയെ തകിടം മറിക്കുമെന്ന ആശങ്കയും ഈ തീരുമാനത്തിനു പിന്നിലുണ്ടായിരുന്നു. രണ്ടു കുട്ടികളാകാം എന്ന നയം ജനസംഖ്യയിൽ കാര്യമായ വ്യത്യാസങ്ങളുണ്ടാക്കുന്നില്ല എന്നു കണ്ട് മൂന്നു കുട്ടികൾ വരെയാകാം എന്ന നയത്തെയാണ് രാജ്യം ഇപ്പോൾ മുറുകെപ്പിടിച്ചിരിക്കുന്നത്.