ഉണ്ണീശോയെ സ്വന്തമാക്കാൻ: 25 പ്രാർഥനകൾ – ഡിസംബർ 5, അഞ്ചാം ദിനം: മറിയത്തിന്റെ വിശ്വാസം

വചനം

ദൂതന്‍ അവളോടു പറഞ്ഞു: “മറിയമേ, നീ ഭയപ്പെടേണ്ടാ; ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു. നീ ഗര്‍ഭം ധരിച്ച്‌ ഒരു പുത്രനെ പ്രസവിക്കും. നീ അവന്‌ യേശു എന്ന്‌ പേരിടണം. അവന്‍ വലിയവനായിരിക്കും; അത്യുന്നതന്റെ പുത്രന്‍ എന്നു വിളിക്കപ്പെടും. അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം ദൈവമായ കര്‍ത്താവ്‌ അവനു കൊടുക്കും” (ലൂക്കാ 1: 30-32).

വിചിന്തനം

രക്ഷാകരചരിത്രത്തിലും സഭയിലും അതുല്യമായ സ്ഥാനം അലങ്കരിക്കുന്ന പരിശുദ്ധ കന്യകാമറിയത്തെ സവിശേഷമായ രീതിയിൽ ഓർക്കുന്ന കാലമാണല്ലോ ആഗമനകാലം. പരിശുദ്ധ കന്യകാമറിയത്തെ പ്രകീർത്തിച്ചുകൊണ്ട് പരിശുദ്ധാത്മാവിന്റെ വീണ എന്നറിയപ്പെടുന്ന പൗരസ്ത്യ സഭാപിതാവ് വി. അപ്രേം ഇപ്രകാരം എഴുതി: “തീർച്ചയായും നീയും നിന്റെ അമ്മയും മാത്രം എല്ലാ തലങ്ങളിലും പൂർണ്ണസൗന്ദര്യം നിറഞ്ഞുനിൽക്കുന്നു. എന്റെ കർത്താവേ, നിന്നിലും നിന്റെ അമ്മയിലും യാതൊരു മാലിന്യവുമില്ലെന്ന് ഞാൻ ഏറ്റുപറയുന്നു.” വി. അപ്രേം വീണ്ടും മറിയത്തിന്റെ മഹത്വത്തെ പ്രകീർത്തിച്ചുകൊണ്ട് എഴുതി: “മറിയത്തെപ്പോലെ ഏതൊരമ്മയ്ക്കാണ് തന്റെ മടിയിലിരിക്കുന്ന കുഞ്ഞിനെ മകനെന്നും സ്രഷ്ടാവിന്റെ സുതനെന്നും വിളിക്കാന്‍ സാധിക്കുക.” മാലാഖ അരുളിയ വചനത്തിൽ വിശ്വസിച്ച മറിയം അത്യുന്നതിന്റെ ഈ ഭൂമിയിലെ ജീവിതത്തിൽ പൂർണ്ണപങ്കാളിയായി. മറിയത്തോടുചേർന്നു മാത്രമേ ആഗമനകാലത്ത് പുണ്യത്തിൽ വളരാനും പുരോഗമിക്കാനും കഴിയൂ.

പ്രാർഥന

സ്വർഗീയപിതാവേ, അത്യുന്നതന്റെ പുത്രന്റെ മാതാവാകാൻ പരിശുദ്ധ കന്യകാമറിയത്തെ നീ തിരഞ്ഞെടുത്തല്ലോ. ആ അമ്മയുടെ ദൈവവിശ്വാസവും വിശുദ്ധിയും ഈശോയുടെ തിരുപ്പിറവിക്കൊരുങ്ങുന്ന ഞങ്ങൾക്ക് വെളിച്ചം പകരട്ടെ. പൂർണ്ണമായ സ്നേഹവും നിലയ്ക്കാത്ത ഉപവിപ്രവർത്തികളും നിതാന്തമായ പ്രത്യാശയും ആഗമനകാലത്തിലെ ദിനങ്ങളിൽ ഞങ്ങൾക്കു സമൃദ്ധമായി നൽകണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവേശ്വരാ എന്നേക്കും, ആമ്മേൻ.

സുകൃതജപം

പുൽക്കൂട്ടിലെ അമ്മേ, ഉണ്ണിശോയിലേക്ക് ഞങ്ങളെ അടുപ്പിക്കണമേ.

ഫാ. ജയ്സൺ കുന്നേൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.