വി. ഫ്രാൻസീസ് അസീസി – നുറുങ്ങ് അറിവുകൾ

ഒക്ടോബർ നാലിന് വി. ഫ്രാൻസിസ് അസീസിയുടെ തിരുനാൾ ആഘോഷിക്കുന്നു. കത്തോലിക്കാ സഭയിലെതന്നെ വളരെ പ്രിയങ്കരനായ ഒരു വിശുദ്ധനാണ് ഫ്രാൻസിസ്. വിശുദ്ധനെക്കുറിച്ചുള്ള 12 നുറുങ്ങ് അറിവുകൾ.

1. ഏഴ് കുട്ടികളുള്ള കുടുംബത്തിലെ അംഗമായിരുന്നു ഫ്രാൻസിസ്.

2. ജിയോവാനി എന്നായിരുന്നു വി. ഫ്രാന്‍സിസിന്റെ മാമ്മോദീസാ പേര്. പിന്നീട് വസ്ത്രവ്യാപാരിയായിരുന്ന പിതാവ് ബർണാഡിന് ഫ്രാൻസിലെ ജനങ്ങളോടുള്ള ബഹുമാനവും ഉത്സാഹവും നിലനിർത്താനും ഫ്രഞ്ച് സംസ്കാരം ഇഷ്ടമായിരുന്നതിനാലും ഫ്രാഞ്ചസ്കോ എന്ന പേര് അവന് നൽകി.

3. ഒരു വർഷം ഫ്രാൻസിസ് യുദ്ധത്തടവുകാരനായിരുന്നു. ഫ്രാൻസിസിന് പത്തൊൻപതുവയസുള്ളപ്പോൾ, മാനസാന്തരത്തിന് ഒരുവർഷം മുമ്പ് സൈന്യത്തിൽചേരുകയും തൊട്ടടുത്തുള്ള നഗരത്തിനെതിരെ പോരാടുകയുംചെയ്തു. പരാജയത്തെതുടർന്ന് ഒരുവർഷം തടങ്കലിൽ അടയ്ക്കപ്പെട്ടു.

4. സ്വാധീനിച്ച തിരുവചനഭാഗം, മത്തായിയുടെ സുവിശേഷത്തിൽ ഈശോ ശിഷ്യന്മാരെ സുവിശേഷം പ്രസംഗിക്കാൻ അയക്കുമ്പോൾ, “നിങ്ങളുടെ അരപ്പട്ടയില്‍ സ്വര്‍ണമോ, വെള്ളിയോ, ചെമ്പോ കരുതിവയ്‌ക്കരുത്‌” (മത്തായി 10:9) എന്ന് ഉപദേശിക്കുന്നു. ഈ ഉപദേശമാണ് ഫ്രാൻസിസ് അസീസിയെ ഏറ്റവും സ്വാധീനിച്ച തിരുവചനം. അക്ഷരാർഥത്തിൽ ഫ്രാൻസിസ് തന്റെ ജീവിതംകൊണ്ട് ഈ വചനത്തിന് ജീവൻ നൽകി.

5. ഒരുവർഷത്തിനുള്ളിൽ പതിനൊന്ന് അനുയായികളെ ഫ്രാൻസിസിനു ലഭിച്ചു. അങ്ങനെ അവർ യേശുവിന്റെ ശിഷ്യന്മാരെപ്പോലെ 12 പേരായി.

6. ഇന്നസെന്റ് മൂന്നാമൻ മാർപാപ്പയ്ക്കുണ്ടായ അഭൗമികമായ ഒരു സ്വപ്നത്തെതുടർന്നാണ് ഫ്രാൻസിസിനെ സഹായിക്കാൻ തീരുമാനിക്കുന്നത്. ഫ്രാൻസിസിനെയും അദ്ദേഹത്തിന്റെ കൂട്ടാളികളെയും അംഗീകരിക്കുന്നതിൽ ഇന്നസെന്റ് മൂന്നാമൻ പാപ്പ ആദ്യകാലങ്ങളിൽ അതീവജാഗ്രത പുലർത്തിയിരുന്നു. ഒരിക്കൽ മാർപാപ്പയ്ക്ക് ഒരു സ്വപ്നദർശനമുണ്ടായി. അതിൽ ഫ്രാൻസിസ് അസീസി ജോൺ ലാറ്ററാൻ ബസിലിക്കാ കൈയ്യിൽ എടുത്തുപിടിച്ചിരിക്കുന്നതായി കണ്ടു. റോമാ രൂപതയിലെ ഒരു ബസിലിക്കയായ ലാറ്ററാൻ ബസിലിക്കാ സഭയെ മുഴുവൻ പ്രതിനിധീകരിക്കുന്നതായി പാപ്പ മനസ്സിലാക്കി. ഈ സ്വപ്നം ഫ്രാൻസിസിനെയും അനുയായികളെയും അംഗീകരിക്കാനുള്ള ദൈവിക അടയാളമായി ഇന്നസെന്റ് പാ പ്പ മനസ്സിലാക്കി.

7. നാലാം ലാറ്ററാൻ സൂനഹദോസിൽ ഫ്രാൻസിസ് പങ്കെടുത്തു. സഭയിലെ പന്ത്രണ്ടാമത്തെ കൗൺസിലായ നാലാം ലാറ്ററാൻ കൗൺസിൽ ഫ്രാൻസിസ് അസീസി പങ്കെടുത്തു. വിശുദ്ധ കുർബാനയിലെ സത്താപരമായ മാറ്റം (transubstantiation) പ്രബോധനങ്ങൾ രൂപപ്പെട്ടത് ഈ കൗൺസിലിലാണ്. വി. ഡൊമിനിക്കും ഈ സൂനഹദോസിൽ സന്നിഹിതനായിരുന്നു.

8. മുസ്ലിം സുൽത്താന്റെമുമ്പിൽ സുവിശേഷം പ്രസംഗിച്ച ഫ്രാൻസിസ്. അഞ്ചാമത്തെ കുരിശുയുദ്ധത്തിനിടയിൽ ഫ്രാൻസിസും അനുയായികളും മുസ്ലിം അധിനിവേശ പ്രദേശത്തെത്തി സുൽത്താൻ അൽ കമീലിന്റെ മുമ്പിൽ ക്രിസ്തുവിനെപ്പറ്റി പ്രഘോഷിക്കാൻ ധൈര്യംകാണിച്ചു. ക്രിസ്തുമതത്തിലുള്ള തന്റെ വലിയ വിശ്വാസം പരസ്യമായി പ്രഖ്യപിച്ച് തീയിലൂടെയുള്ള നടത്തത്തിന് സുൽത്താനെ വെല്ലുവിളിച്ചു. തീയിലൂടെ നടക്കുന്ന സത്യമതത്തിലെ അനുയായിയെ അഗ്നിബാധ ഏൽക്കാതെ ദൈവം സംരക്ഷിക്കുമെന്നതായിരുന്നു വെല്ലുവിളി. താൻ തീയിലൂടെ ആദ്യം നടന്നോളാം എന്ന് ഫ്രാൻസിസ് വാഗ്ദാനംചെയ്തു. പക്ഷേ സുൽത്താൻ വെല്ലുവിളി സ്വീകരിക്കാതെ പിൻവാങ്ങി. എന്നിരുന്നാലും ഫ്രാൻസിസിന്റെ വിശ്വാസത്തിന്റെ ബോധ്യം തിരിച്ചറിഞ്ഞ് തന്റെ രാജ്യത്ത് സുവിശേഷം പ്രസംഗിക്കാൻ സുൽത്താൻ അനുവാദം നൽകി.

9. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടാകുമെന്ന് ബോധ്യമായതിനാൽ അത്ഭുതം പ്രവർത്തിക്കുന്നത് നിർത്താൻ തന്റെ സഭയിലെ ഒരു വിശുദ്ധനോട് ഫ്രാൻസിസ് ആവശ്യപ്പെട്ടു. 1220 -ൽ മരണമടഞ്ഞ ഒരു ഫ്രാൻസിസ്കൻ സന്യാസിയുടെ മധ്യസ്ഥതയാൽ നിരവധി അത്ഭുതങ്ങൾ സംഭവിച്ചിരുന്നു. പീറ്റർ കാറ്റാനി എന്നായിരുന്നു അദേഹത്തിന്റെ പേര്. പീറ്ററിന്റെ കബറിടം സന്ദർശിക്കുന്നവരുടെ എണ്ണം അനുദിനം വർധിച്ചിരുന്നതിനാൽ സമീപപ്രദേശങ്ങളിലെ ജനങ്ങൾക്ക് ബുദ്ധിമുട്ടായി. അതിനാൽ അത്ഭുതങ്ങൾ അവസാനിപ്പിക്കാൻ ഫ്രാൻസിസ് പീറ്ററിനോടു പ്രാർഥിച്ചു എന്നാണ് ഐതീഹ്യം.

10. മിഖായേൽ മാലാഖയുടെ തിരുനാളിനൊരുക്കമായി (സെപ്റ്റംബർ 29) നാൽപതുദിവസം ഉപവസിച്ച് പ്രാർഥിച്ചൊരുങ്ങുന്നതിനിടയിലാണ് പഞ്ചക്ഷതം ഫ്രാൻസിസിനു ലഭിച്ചത്. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ഒരു ഫ്രാൻസിസ്കൻ തുണസഹോദരൻ അതിനെപ്പറ്റി സാക്ഷ്യപ്പെടുത്തുന്നത് ഇപ്രകാരമാണ്: “പെട്ടെന്ന് ഒരു സെറാഫിന്റെ ഒരു ദർശനമുണ്ടായി. ക്രൂശിൽ ആറ് ചിറകുള്ള ഒരു മാലാഖയെ ഞാൻ കണ്ടു. ക്രിസ്തുവിന്റെ അഞ്ച് മുറിവുകളുടെ സമ്മാനം ഈ ദൂതൻ ഫ്രാൻസിസിനു നൽകി.”

11അസീസിയിലെ വി. ഫ്രാൻസിസിന്റെ നാമത്തിലുള്ള ബസിലിക്കയുടെ തറക്കല്ലിട്ടത് മാർപാപ്പയാണ്. അതും ഫ്രാൻസിസ് മരിച്ച് രണ്ടുവർഷം തികയുംമുമ്പ്. വിശുദ്ധനായി പ്രഖ്യാപിച്ചതിന്റെ പിറ്റേദിവസം. 1226 ഒക്ടോബർ മൂന്നിനാണ് ഫ്രാൻസിസ് മരിക്കുന്നത്. 1228 ജൂലൈ 16 -ന് ഗ്രിഗറി ഒൻപതാം മാർപാപ്പ ഫ്രാൻസിസിനെ വിശുദ്ധനായി പ്രഖ്യാപിച്ചു. പിറ്റേദിവസം മാർപാപ്പ അസീസിയിലെ വി. ഫ്രാൻസിസിന്റെ ബസിലിക്കായുടെ തറക്കല്ലിട്ടു.

12. ഫ്രാൻസിസിന്റെ കബറിടം, നൂറ്റാണ്ടുകളോളം എവിടെയാണെന്ന് അറിയില്ലായിരുന്നു. 1230 -ൽ ഫ്രാൻസിസിന്റെ ഭൗതീകശരീരം അസീസിയിലെ ബസിലിക്ക നിർമ്മിച്ചപ്പോൾ അവിടേക്കുമാറ്റിയെങ്കിലും സരസെൻ ആക്രമണകാരികളിൽനിന്ന് സംരക്ഷിക്കാനായി ഫ്രാൻസിസ്കൻ സഹോദരന്മാർ മറച്ചുവച്ചു. പിന്നീട് അവർ ഭൗതീശരീരം സൂക്ഷിച്ച സ്ഥാനം മറന്നുപോയി. പിന്നീട് ആറ് നൂറ്റാണ്ടുകൾക്കുശേഷം 1818 -ലാണ് വിശുദ്ധന്റെ കബറിടം വീണ്ടും തിരിച്ചറിഞ്ഞത്.

ഫാ. ജയ്സൺ കുന്നേൽ MCBS

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.