ദിവ്യകാരുണ്യ വിചാരങ്ങൾ 41: തുറവിയോടും ലാളിത്യത്തോടുംകൂടി ദിവ്യകാരുണ്യത്തെ സമീപിക്കാം

“നിന്റെ ദൈവമായ കര്‍ത്താവിനെ സ്നേഹിച്ച്, അവിടുത്തെ വാക്ക് കേട്ട്, അവിടുത്തോട് ചേര്‍ന്നുനില്‍ക്കുക; നിനക്ക് ജീവനും ദീര്‍ഘായുസ്സും ലഭിക്കും” (നിയമാ. 30:20).

“ഞാൻ ചാപ്പലിൽ പോകുമ്പോഴെല്ലാം നമ്മുടെ നല്ല ദൈവത്തിന്റെ സാന്നിധ്യത്തിൽ എന്നെത്തന്നെ സമർപ്പിച്ച് ഞാൻ അവനോടു പറയും: കർത്താവേ, ഇതാ ഞാൻ. ഞാൻ എന്തുചെയ്യണമെന്ന് എന്നോടു പറഞ്ഞാലും. പിന്നീട് എന്റെ ദൈവത്തോട് ഹൃദയത്തിലുള്ളതെല്ലാം ഞാൻ പറയും. എന്റെ വേദനകളും സന്തോഷങ്ങളും ഞാൻ പറയും. പിന്നീട് ഞാനവനെ ശ്രവിക്കും. നീ അവനെ ശ്രവിക്കുകയാണങ്കിൽ ദൈവം നിന്നോടു സംസാരിക്കും. നല്ല ദൈവത്തോടു നീ സംസാരിക്കുകയും ശ്രവിക്കുകയും വേണം. തുറവിയോടും ലാളിത്യത്തോടുംകൂടി ദൈവത്തെ സമീപിക്കുമ്പോൾ അവൻ എപ്പോഴും നമ്മോടു സംസാരിക്കും.” ഫ്രാൻസിലെ പാരീസിൽ ഡോട്ടേഴ്സ് ഓഫ് ചാരിറ്റി എന്ന സന്യാസ സമൂഹത്തിലെ വി. കാതറിൻ ലബോറയുടെ (Catherine Laboure) വാക്കുകളാണിവ.

1830 നവംബർ 27 ന് പരിശുദ്ധ കന്യകാമറിയം കാതറിനു പ്രത്യക്ഷപ്പെട്ട് അത്ഭുത മെഡലിന്റെ ആഗ്രഹം പ്രകടിപ്പിച്ചു. മറിയത്തിന്റെ ദർശനങ്ങളെല്ലാം സംഭവിച്ചത് കാതറിൻ പരിശുദ്ധ കുർബാനയുടെ സവിധത്തിലായിരുന്ന സമയത്താണ്. ഒരിക്കൽ മറിയം അവളോടു പറഞ്ഞു: “അൾത്താരയുടെ സവിധത്തിലേക്കു വരിക. ഇവിടെ വലിപ്പചെറുപ്പമില്ലാതെ ചോദിക്കുന്ന എല്ലാവർക്കും കൃപാമാരി ലഭിക്കും. പ്രത്യേക കൃപകൾ ചോദിക്കുന്നവർക്ക് അതു നല്കപ്പെടും.”

ദിവ്യകാരുണ്യ സന്നിധാനം ദൈവികജീവന്റെ നീർച്ചാലാണ്. തിരുസഭയിലേക്കും നമ്മുടെ വ്യക്തിജീവിതത്തിലേക്കും ദൈവാനുഗ്രഹത്തിന്റെ വേലിയേറ്റം സംഭവിക്കുന്നത് അവൾ പരിശുദ്ധ കുർബാനയുടെ മുമ്പിലായിരിക്കുന്ന സമയത്താണ്. വിശുദ്ധ കുർബാനയെ സമീപിക്കുക എന്നാൽ കൃപയുടെ സ്രോതസ്സിലേക്കണയുക എന്നാണ്.

വിശുദ്ധ കുർബാനയിൽനിന്നും കൃപയുടെ നീര്‍ച്ചാലഭിഷേകമായി നമ്മിലേക്ക് ഒഴുകിയിറങ്ങുന്നതിന് ബലിപീഠത്തെ നമുക്കു സമീപിക്കാം. ദൈവകൃപ നിറയുമ്പോൾ എന്തെന്നില്ലാത്ത സന്തോഷവും ആനന്ദവും ജീവിതത്തിന് മനോഹാരിത നൽകും.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.