ശുദ്ധീകരണസ്ഥലം കത്തോലിക്കാ സഭയുടെ ഔദ്യോഗിക വിശ്വാസ സത്യമായി പ്രഖ്യാപിച്ചത് പതിമൂന്നാം നൂറ്റാണ്ടിന്റെ മധ്യകാലഘട്ടത്തോടെയാണ്. പക്ഷേ, സഭയുടെ തുടക്കം മുതലേ മരിച്ചവരുടെ കടങ്ങള്‍ ക്ഷമിക്കപ്പെടുന്നതിനും അവര്‍ക്കു മോക്ഷപ്രാപ്തി കൈവരിക്കുന്നതിനുള്ള കൃപ ലഭിക്കുന്നതിനും വേണ്ടി സഭാംഗങ്ങള്‍ തീക്ഷ്ണമായി പ്രാർഥിച്ചിരുന്നു. ശുദ്ധീകരണ സ്ഥലത്തെക്കുറിച്ച് ഏതാനും വിശുദ്ധര്‍ പങ്കുവച്ചിട്ടുള്ള ചിന്തകളെ നമുക്ക് ധ്യാനിക്കാം.
വി. കാതറിന്‍, ശുദ്ധീകരണസ്ഥലത്തെ അനുഗ്രഹങ്ങളുടെ കൂടാരമായി വിവരിക്കുന്നു. അവള്‍ പറയുന്നു: “പാപമെന്ന തുരുമ്പാണ് സ്വര്‍ഗിയാനന്ദത്തിന് തടസമായി നില്‍ക്കുന്നത്. ഈ തുരുമ്പ് അഗ്നിയിലെന്നതുപോലെ കത്തിനശിക്കണം. അതിനുള്ള സ്ഥലമാണ് ശുദ്ധീകരണസ്ഥലം. പൊതിയപ്പെട്ട ഒരു വസ്തുവിന്റെമേല്‍ സൂര്യപ്രകാശം പതിക്കുന്നില്ല. എപ്പോഴും പ്രകാശിക്കുന്ന സൂര്യന്റെ പ്രകാശത്തിന് എന്തെങ്കിലും കുഴപ്പമുണ്ടായിട്ടല്ല, ഈ വസ്തുവിനെ പൊതിഞ്ഞിരിക്കുന്ന അവസ്ഥയാണ് സൂര്യപ്രകാശം അതിന്മേല്‍ പതിക്കാനുള്ള തടസം. ആ വസ്തുവിന്റെ പൊതിച്ചില്‍ കത്തിച്ചുകളഞ്ഞാല്‍ ആ വസ്തു സൂര്യപ്രകാശത്തിനു മുമ്പില്‍ തുറന്നിരിക്കും. ഇതുപോലെ പാപമെന്ന തുരുമ്പ് ആത്മാവിനെ പൊതിഞ്ഞിരിക്കുന്ന അവസ്ഥയോടെ ശുദ്ധീകരണ സ്ഥലത്തായിരിക്കുന്ന ആത്മാക്കള്‍, അഗ്നിയില്‍ ഈ തുരുമ്പിനെ കത്തിച്ചുകളഞ്ഞ് ദൈവത്തെ കാണാനും അനുഭവിക്കാനും സ്വീകരിക്കാനും തക്കവിധത്തില്‍ കൂടുതല്‍ തുറവിയുള്ളവരായിക്കൊണ്ടിരിക്കുന്നു!”
വി. കൊച്ചുത്രേസ്യ പറയുന്നു: “കര്‍ത്താവില്‍ ശരണപ്പെടാത്ത, വിശ്വസിക്കാത്ത, ദൈവത്തെ സ്നേഹിക്കാത്ത ആത്മാക്കള്‍ക്ക് ശുദ്ധീകരണ സ്ഥലം ഉറപ്പാണ്.”
ഈ അറിവ് നമ്മെ ഭയപ്പെടുത്തേണ്ട ഒന്നല്ല. പിന്നെയോ, നമ്മെ പ്രത്യാശയിലേക്ക് നയിക്കേണ്ട ഒന്നാണ്. കാരണം ദൈവത്തെ നമുക്ക് എന്നന്നേക്കുമായി നഷ്ടപ്പെടുന്നതില്‍ നിന്ന് ശുദ്ധീകരണ സ്ഥലം നമ്മെ രക്ഷിക്കുന്നു.
“ഈ ഭൂമിയിലെ പീഡകളിലൂടെയും പരീക്ഷണങ്ങളിലൂടെയും മരണത്തിനുശേഷം നേരെ ദൈവത്തിലേക്ക് ചെല്ലാനുള്ള കൃപകള്‍ നമുക്ക് സ്വീകരിക്കാന്‍ കഴിയും. എന്നാല്‍ അപ്രകാരം ലഭിക്കാത്ത വ്യക്തികള്‍ സമയം പാഴാക്കി എന്നുവേണം പറയാന്‍. യാതനയും സഹനവും കഷ്ടപ്പാടുമെല്ലാം പാഴാക്കിക്കളഞ്ഞവര്‍, ശുദ്ധീകരണ സ്ഥലത്തിലൂടെ കടക്കേണ്ടിവരുന്നു. ശുദ്ധീകരണ സ്ഥലമെന്നത് സമയം പാഴാക്കിയവര്‍ക്ക് സ്വര്‍ഗത്തിലേക്ക് പ്രവേശിക്കാനുള്ള ഒരു അടിയന്തര പ്രവേശനകവാടമാണ്.”
വി. പാദ്രേപിയോ ഇതിനെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ്: “ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്ക് അവിടുത്തെ അഗ്നി ഉപേക്ഷിച്ച് ഭൂമിയിലെ ഏറ്റം വലിയ അഗ്നിയിലേക്കു പോകാന്‍ കര്‍ത്താവ് അനുവാദം കൊടുത്താല്‍ ചൂടുവെള്ളത്തില്‍ നിന്ന് തണുത്ത വെള്ളത്തിലേക്ക് പോകുന്നതുപോലെ ആയിരിക്കും അത്.” അദ്ദേഹം വീണ്ടുമൊരിക്കല്‍ തന്റെ ഒരു പ്രിയശിഷ്യയോട് ഇപ്രകാരം പറഞ്ഞു: “എന്റെ മകളേ, ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കള്‍ ഈ ഭൂമിയിലെ അഗ്നിയുടെ കിണറ്റിലേക്ക് തങ്ങളെത്തന്നെ എറിയാന്‍ ആഗ്രഹിക്കുന്നു. കാരണം, അത് അവര്‍ക്ക് തണുത്ത വെള്ളമുള്ള കിണറായിരിക്കും.” ശുദ്ധീകരണ സ്ഥലത്ത് വേദന അനുഭവിക്കുന്ന ആത്മാക്കള്‍ക്ക് നമ്മുടെ പ്രാർഥനകളും പ്രായശ്ചിത്തങ്ങളും എത്രയേറെ അനിവാര്യമാണെന്ന് വി. പാദ്രേ പിയോയുടെ വാക്കുകളും വ്യക്തമാക്കുന്നു.