അഫ്ഗാൻ സ്ത്രീകൾക്ക് പൊതുസ്ഥലത്ത് പ്രാർഥിക്കാൻ കഴിയില്ല. പഠിക്കുക, ജോലി ചെയ്യുക, സലൂണിലോ ജിമ്മിലോ പോകുക, മിഡ്‌വൈഫറി, കൂടാതെ പരസ്യമായി സംസാരിക്കുകയോ പാടുകയോ ചെയ്യുക, ദേശീയ പാർക്കുകൾ സന്ദർശിക്കുക എന്നിവ സ്ത്രീകൾക്ക് താലിബാൻ ഭരണത്തിൻകീഴിൽ നിരോധിച്ചിരിക്കുന്നു. വളരെ സ്വാഭാവികമായി, ലോകത്തിലെ മറ്റേതൊരു സ്ഥലത്തും മറ്റുള്ളവർ ചെയ്യുന്ന സാധാരണ കാര്യങ്ങൾ നിലവിൽ അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്ക് വിലക്കപ്പെട്ടിരിക്കുന്നു. രാജ്യത്തെ 50 ദശലക്ഷത്തോളം വരുന്ന സ്ത്രീകളുടെമേൽ ക്രമാനുഗതമായി വർധിച്ചുവരുന്ന ഇത്തരത്തിലെ നിബന്ധനകൾ ലോകത്തിനു മുൻപിൽ തുറന്നുവയ്ക്കുമ്പോൾ, അധികാരത്തിലേറുന്ന ഒരു പുരോഗമന സമൂഹത്തെയായിരുന്നു ഇസ്ലാമിസ്റ് ഭരണകൂടം വാഗ്‌ദാനം ചെയ്തതെന്ന കാര്യം കൂടി ഓർമിപ്പിക്കുന്നു.
അഫ്ഗാനിസ്ഥാനിലെ ഒരു സ്ത്രീയെക്കാൾ കൂടുതൽ അവകാശങ്ങൾ പെൺപൂച്ചയ്ക്കുണ്ടെന്ന് ഹോളിവുഡ് താരം മെറിൽ സ്ട്രീപ്പ് സെപ്റ്റംബറിൽ ന്യൂയോർക്കിൽ യു. എൻ. ജനറൽ അസംബ്ലിയുടെ ഭാഗമായി നടന്ന ഒരു പരിപാടിയിൽ പ്രസ്താവിച്ചിരുന്നു. “ഒരു പൂച്ച തന്റെ വീടിന്റെ മുൻപിലിരുന്ന് അവളുടെ മുഖത്ത് സൂര്യപ്രകാശം കൊള്ളിച്ചേക്കാം. അവൾ ഒരു അണ്ണാനെ പാർക്കിലേക്ക് ഓടിച്ചേക്കാം. ഒരു അണ്ണാന് ഇന്ന് അഫ്ഗാനിസ്ഥാനിലെ ഒരു പെൺകുട്ടിയെക്കാൾ കൂടുതൽ അവകാശങ്ങളുണ്ട്. കാരണം താലിബാൻ പൊതുപാർക്കുകൾ സ്ത്രീകൾക്കും പെൺകുട്ടികൾക്കും അടച്ചിരിക്കുന്നു” – അഫ്ഗാൻ സ്ത്രീകളുടെ ശോഷിച്ച അവകാശങ്ങളെ അപലപിച്ചുകൊണ്ട് സ്ട്രീപ് പറഞ്ഞതായി ഇൻഡിപെൻഡന്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
1996-2001 കാലഘട്ടത്തിൽ താലിബാൻ അവസാനമായി അധികാരത്തിലിരുന്നപ്പോൾ പെൺകുട്ടികളെ സ്‌കൂളിൽ പോകാൻ അനുവദിച്ചിരുന്നില്ല. ജോലിയിൽ നിന്നും വിദ്യാഭ്യാസത്തിൽ നിന്നും സ്ത്രീകളെ വിലക്കിയിരുന്നു. പതിറ്റാണ്ടുകൾക്കു ശേഷമുള്ള ഇന്നത്തെ അവരുടെ ഭരണം, അവർ അധികാരത്തിലിരുന്ന കാലത്തെ ഭയാനകമായ യാഥാർഥ്യത്തോട് സാമ്യമുള്ളതാണെന്ന് അഫ്ഗാൻ വാർത്താ വെബ്‌സൈറ്റിന്റെ സ്ഥാപകയായ സഹ്‌റ ജോയ പറയുന്നു. ഇന്ന് പ്രവാസത്തിലുള്ള അവർ തന്റെ വനിതാ ടീമിനൊപ്പം മാധ്യമപ്രവർത്തനം നടത്തിവരികയാണ്.
ആഗോളതലത്തിൽ ലിംഗവിവേചനമായി കണക്കാക്കപ്പെട്ട അഫ്ഗാൻ സ്ത്രീകൾക്ക് വിലക്കുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയ വിവിധ കാര്യങ്ങൾ ചുവടെ ചേർക്കുന്നു:
വിദ്യാഭ്യാസം
കാബൂളിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഒരു മാസത്തിനുള്ളിൽ താലിബാന്റെ വിദ്യാഭ്യാസ മന്ത്രാലയം പെൺകുട്ടികളെയും സ്ത്രീകളെയും സ്കൂളുകളിൽനിന്ന് വിലക്കി. എന്നിരുന്നാലും, എല്ലാ പുരുഷ അധ്യാപകർക്കും വിദ്യാർഥികൾക്കുമായി സ്കൂളുകൾ വീണ്ടും തുറക്കുന്നതായി അവർ പ്രഖ്യാപിച്ചു. ഇത് ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽനിന്നുള്ള അപലപനത്തിന് കാരണമായി. പെൺകുട്ടികൾ ആറാം ക്ലാസ്സിനു മുകളിൽ പഠിക്കുന്നത് വിലക്കിയതായും താലിബാൻ നേതാക്കൾ അറിയിച്ചു.
പിന്നീട് 2022 ഡിസംബർ മാസത്തിൽ കോളേജുകളിലേക്കും സർവകലാശാലകളിലേക്കും ഈ നിരോധനം വ്യാപിപ്പിച്ചു. ചില വിദ്യാർഥിനികൾ അവരുടെ ക്ലാസ്സ്മുറികളിലേക്കു മടങ്ങാൻ ശ്രമിച്ചപ്പോൾ താലിബാൻ പോരാളികൾ അവരുടെ സർവകലാശാലകളുടെ വാതിൽപ്പടിയിൽനിന്ന് തോക്കിൻമുനയിൽ നിർത്തി തിരിച്ചയച്ചു.
താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാൻ മാത്രമാണ് സ്ത്രീവിദ്യാഭ്യാസത്തിന് കടുത്ത നിയന്ത്രണങ്ങളുള്ള ലോകത്തിലെ ഏകരാജ്യം. ഇസ്‌ലാമിക ശരീ-അത്ത് നിയമങ്ങൾ പാലിച്ചുകൊണ്ട് താലിബാൻ അധികൃതർ അനിവാര്യമായും സ്‌കൂളുകൾ വീണ്ടും തുറക്കുമെന്ന് മുഖ്യവക്താവ് സബിയുള്ള മുജാഹിദ് ഉൾപ്പെടെയുള്ള നിരവധി പ്രാദേശിക, മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. എന്നാൽ പെൺകുട്ടികളെയും സ്ത്രീകളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് തിരികെ ക്ഷണിക്കുന്നതിനുള്ള ഒരു നടപടിയും ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല.
ജോലി
താലിബാൻ സർക്കാർ, സ്വകാര്യജോലികളിൽ നിന്ന് സ്ത്രീകളെ വിലക്കിയിട്ടുണ്ട്. എൻ. ജി. ഒ. കളിൽ പ്രവർത്തിക്കുന്നത് ഉൾപ്പെടെയുള്ള അന്താരാഷ്‌ട്ര ഏജൻസികളിൽവരെ പ്രവർത്തിക്കാൻ ഇവർക്ക് നിലവിൽ അനുവാദമില്ല.
അഫ്ഗാനിസ്ഥാനിലെ നാറ്റോയുടെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന് കീഴിലുള്ള സ്ത്രീതൊഴിലാളികളോട് 2021 സെപ്റ്റംബറിൽ കാബൂളിലെ അവരുടെ വീടുകളിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടു. ഇത് സ്ത്രീകളുടെ ജോലിക്കുമേൽ ഏർപ്പെടുത്തിയ ആദ്യത്തെ അനൗദ്യോഗിക വിലക്കായിരുന്നു. സർക്കാർ മന്ത്രാലയങ്ങളിൽ പുരുഷന്മാർക്കൊപ്പം ജോലി ചെയ്യാൻ സ്ത്രീകളെ അനുവദിക്കില്ലെന്ന് ഒരു മുതിർന്ന താലിബാൻ നേതാവ് റോയിട്ടേഴ്‌സിനോടു പറഞ്ഞു.
വനിതാ മന്ത്രാലയത്തിനു പകരമായിവന്ന താലിബാന്റെ വൈസ് ആൻഡ് വിർച്യു മന്ത്രാലയം, 2022 മെയ് ഏഴിന് സ്ത്രീകൾക്ക് വീടിനുപുറത്ത് പ്രധാനപ്പെട്ട ജോലികൾ ഇല്ലെങ്കിൽ വീടിനകത്തുതന്നെ താമസിക്കണമെന്ന് ഉത്തരവിട്ടു. ഇനി പുറത്തുപോകുകയാണെങ്കിൽ തന്നെ ഒരു പുരുഷൻ നിർബന്ധമായും കൂടെയുണ്ടാകണം എന്നും നിർബന്ധമാക്കി.
ആരോഗ്യപരിപാലന മേഖലയിലെ നഴ്സുമാരും മിഡ്‌വൈഫുമാരും ഒഴികെ, അഫ്ഗാൻ സ്ത്രീകളെ മറ്റുതരത്തിലുള്ള ജോലികളിൽ നിന്ന് താലിബാൻ വിലക്കിയിട്ടുണ്ട്. സ്ത്രീതൊഴിലാളികളുടെ ഡ്രസ് കോഡും ലിംഗ വേർതിരിവും നിരീക്ഷിക്കുന്ന താലിബാന്റെ സദാചാര പൊലീസിൽ നിന്ന് ആശുപത്രികളിൽ സേവനമനുഷ്ഠിക്കുന്ന സ്ത്രീകൾപോലും ഉപദ്രവിക്കപ്പെടാനുള്ള സാധ്യത നേരിടുന്നുണ്ടെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു.
മിഡ്‌വൈഫറി
2024 വർഷത്തെ ഏറ്റവും പുതിയ നിരോധനത്തിൽ, സ്ത്രീകളെ മിഡ്‌വൈഫുകളാക്കാനുള്ള പരിശീലനത്തിൽ നിന്ന് വിലക്കിയിട്ടുണ്ട്. ഇത് പെൺകുട്ടികളുടെയും സ്ത്രീകളുടെയും ജീവിതത്തെ നേരിട്ട് അപകടത്തിലാക്കുമെന്ന് മനുഷ്യാവകാശ വിദഗ്ദ്ധർ അപലപിച്ചു.
ഇനി ക്ലാസ്സുകളിൽ പങ്കെടുക്കരുതെന്ന് ഉത്തരവ് കേട്ട ട്രെയിനി മിഡ്‌വൈഫറി വിദ്യാർഥികൾ, തങ്ങളെ പഠനം തുടരാൻ അനുവദിക്കണമെന്ന് താലിബാൻ നേതാക്കളോട് അഭ്യർഥിച്ചിരുന്നു.
താലിബാന്റെ നിയന്ത്രണങ്ങൾ തൊട്ടുതീണ്ടാത്ത അവസാനത്തെ തൊഴിലുകളിലൊന്നായിരുന്നു മിഡ്‌വൈഫറി. പ്രധാനമായും പുരുഷ മെഡിക്കൽ പ്രാക്ടീഷണർമാർക്ക് സ്ത്രീരോഗികളുമായി തൊടാനോ, ഇടപഴകാനോ അനുവാദമില്ല. എന്നാൽ ഡിസംബർ ആദ്യം, താലിബാന്റെ പൊതുജനാരോഗ്യ മന്ത്രാലയവുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞത്, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മെഡിക്കൽ സ്ഥാപനങ്ങൾ വിദ്യാർഥിനികൾക്ക് അടച്ചിടാൻ ഉത്തരവുകൾ ലഭിച്ചു എന്നതാണ്.
അഫ്ഗാനിസ്ഥാനിലെ വിവിധ പ്രവിശ്യകളിലെ നിരവധി മിഡ്‌വൈഫറി സ്ഥാപനങ്ങൾ നിരോധനം നിലവിലുണ്ടെന്ന് സ്ഥിരീകരിച്ചു. രാജ്യത്തെ പെൺകുട്ടികൾക്കും സ്ത്രീകൾക്കും വൈദ്യസഹായം ലഭിക്കാത്ത അവസ്ഥയിലായി. ലോകത്തിലെ ഏറ്റവും ഉയർന്ന പ്രസവ മരണനിരക്ക് അഫ്ഗാനിസ്ഥാനിലുണ്ട് – ഓരോ രണ്ട് മണിക്കൂറിലും ഒരു സ്ത്രീ മരിക്കുന്നതായി കണക്കാക്കപ്പെടുന്നു.
യാത്ര
പുരുഷ രക്ഷാധികാരിയുടെ അകമ്പടിയോടെ വീടിന് പുറത്തേക്കിറങ്ങുമ്പോൾ തല മുതൽ കാൽ വരെ മൂടണമെന്ന താലിബാൻ ഉത്തരവ് സ്ത്രീസ്വാതന്ത്ര്യത്തെ സാരമായി ഹനിച്ചു.
75 കിലോമീറ്ററിൽ കൂടുതൽ (46 മൈൽ) സഞ്ചരിക്കുകയോ, രാജ്യം വിടുകയോ ചെയ്യുന്ന ഏതൊരു സ്ത്രീയും ഒരു മെഹ്‌റമിനെ (പുരുഷ രക്ഷാധികാരി) കൂടെ കൂട്ടേണ്ടതുണ്ടെന്നും നിയമം ഔദ്യോഗികമായി ആവശ്യപ്പെടുന്നു. സ്ത്രീകൾ വസ്ത്രധാരണ നിയന്ത്രണങ്ങൾ ലംഘിച്ചാൽ ശിക്ഷ അനുഭവിക്കേണ്ടിവരുന്നത് ബന്ധുക്കളായ പുരുഷന്മാർക്കാണ്. പുതിയ നിയമങ്ങളനുസരിച്ച്, അനുയോജ്യമായ പുരുഷ എസ്‌കോർട്ടില്ലാതെ ഒരു സ്ത്രീയെയും കൊണ്ട് യാത്ര ചെയ്താൽ ടാക്സി ഡ്രൈവർമാരും ശിക്ഷിക്കപ്പെടും.
സ്പോർട്സ്
പെൺകുട്ടികൾക്കും സ്ത്രീകൾക്കും വേണ്ടിയുള്ള എല്ലാ കായികയിനങ്ങളും താലിബാൻ നിരോധിക്കുകയും നിയന്ത്രണം ഏറ്റെടുത്തതിനുശേഷം മുൻ വനിതാ കായികതാരങ്ങളെ ഭയപ്പെടുത്തി നിശ്ശബ്ദരാക്കുകയും ചെയ്തു. 2022 നവംബറിൽ താലിബാൻ ഔദ്യോഗികമായി സ്ത്രീകളെ ജിംനേഷ്യങ്ങളിലും പാർക്കുകളിലും പ്രവേശിപ്പിക്കുന്നത് നിരോധിച്ചിരുന്നു.
താലിബാൻ നിയന്ത്രണം ഏറ്റെടുക്കുന്നതിനു മുമ്പുതന്നെ, അഫ്ഗാനിസ്ഥാനിലെ ആഴത്തിലുള്ള യാഥാസ്ഥിതിക സമൂഹത്തിൽ സ്ത്രീകളുടെ കായികവിനോദങ്ങൾക്ക് എതിർപ്പ് നേരിട്ടിരുന്നു. അത് സ്ത്രീകളുടെ എളിമയുടെയും സമൂഹത്തിലെ അവരുടെ പങ്കിന്റെയും ലംഘനമായി വീക്ഷിച്ചു. എന്നിരുന്നാലും, സ്പോർട്സ് നിരോധിക്കപ്പെട്ടില്ല. അഫ്ഗാൻ വനിതാ അത്ലറ്റുകൾ രാജ്യത്ത് പരിശീലനം നേടുകയും അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പുകളിൽ മത്സരിക്കുകയും ചെയ്തു. ഇവരിൽ ഭൂരിഭാഗവും ഇപ്പോൾ അഭയാർഥികളായി വിപ്രവാസത്തിലാണ്.
സാംസ്കാരിക പ്രവർത്തനങ്ങൾ
അഫ്ഗാൻ സ്ത്രീകൾക്ക് ഇനി ദേശീയ പാർക്കുകളും പൊതുപാർക്കുകളും സന്ദർശിക്കാൻ കഴിയില്ല . 2022 നവംബറിൽ, താലിബാൻ വക്താവ് മുഹമ്മദ് അകെഫ് മൊഹാജർ സ്ത്രീകൾക്കായി പാർക്കുകളും ജിമ്മുകളും അടച്ചുപൂട്ടാതിരിക്കാൻ അതിന്റെ പരമാവധി ശ്രമിച്ചു എന്നും പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രവേശനത്തിനായി ആഴ്ചയിൽ പ്രത്യേകം ദിവസങ്ങൾ അനുവദിച്ചുവെന്നും അവകാശപ്പെട്ടു. താലിബാന്റെ കടുത്ത നിയമങ്ങൾ ലംഘിക്കപ്പെട്ടുവെന്നും പാർക്കുകൾ പൂർണ്ണമായി അടച്ചുപൂട്ടാൻ അധികാരികൾക്ക് ഉത്തരവിടേണ്ടിവന്നുവെന്നും അവർ പിന്നീട് അവകാശപ്പെട്ടു – എന്നാൽ ഈ നിയമം സ്ത്രീകൾക്കുമാത്രം ബാധകമാണ്.
2023 ഓഗസ്റ്റിൽ, ബാമിയാൻ പ്രവിശ്യയിലെ ബാൻഡ്-ഇ-അമീർ ദേശീയ ഉദ്യാനം സന്ദർശിക്കുന്നതിൽ നിന്ന് താലിബാൻ സർക്കാർ സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തി.
വ്യക്തിഗത പരിചരണം
2023 ജൂലൈയിൽ, താലിബാൻ സ്ത്രീകളുടെ സലൂണുകളും പാർലറുകളും നിരോധിച്ചു. അവരുടെ അവസാനത്തെ വിനോദത്തിനും വിശ്രമത്തിനും ശേഷിച്ചിരുന്ന ഈ സ്ഥലങ്ങളും അടച്ചുപൂട്ടി. ബ്യൂട്ടി സലൂണുകൾ അടച്ചുപൂട്ടേണ്ടിവന്നത് ഇസ്‌ലാം വിലക്കിയ സേവനങ്ങൾ വാഗ്ദാനം ചെയ്യുകയും വിവാഹ ആഘോഷങ്ങളിൽ വരന്മാരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്തതിനാലാണ് ഇതെന്ന് താലിബാൻ പറയുന്നത്. താലിബാന്റെ പോരാളികൾ സലൂണിന്റെയും ബ്യൂട്ടി പാർലറിന്റെയും സേവനങ്ങൾ അടച്ചുപൂട്ടുന്നത് നിരീക്ഷിച്ചുകൊണ്ടേയിരുന്നു.
വസ്ത്രധാരണ നിയന്ത്രണങ്ങൾ
കഴിഞ്ഞ മാസം പുറപ്പെടുവിച്ച പുതിയ നിയമമനുസരിച്ച്, അഫ്ഗാൻ സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ കട്ടിയുള്ള വസ്ത്രത്തിൽ മുഖം ഉൾപ്പെടെയുള്ള ശരീരം പൂർണ്ണമായും മൂടണം എന്നാണ്.
2022 മെയ് മുതൽ അഫ്ഗാനിസ്ഥാനിലെ എല്ലാ വനിതാ ടി. വി. വാർത്താ അവതാരകരോടും എയർ ചെയ്യുമ്പോൾ മുഖം മറയ്ക്കാൻ ഉത്തരവിട്ട താലിബാന്റെ മുൻ വിലക്കിന്റെ വിപുലീകരണമാണിത്.
സ്ത്രീകളുടെ ശബ്ദം
ദുരാചാരങ്ങളെ നിരുത്സാഹപ്പെടുത്താനും സദ്‌ഗുണം പ്രോത്സാഹിപ്പിക്കാനുമുള്ള അവരുടെ ശ്രമത്തിൽ താലിബാൻ അഫ്ഗാൻ സ്ത്രീകളെ വായിക്കുന്നതിനും പാടുന്നതിനും പരസ്യമായി സംസാരിക്കുന്നതിനും വിലക്കിയിട്ടുണ്ട്. ശരീ-അത്ത് നിയമത്തിന്റെ താലിബാൻ വ്യാഖ്യാനമനുസരിച്ച്, സ്ത്രീകളുടെ ശബ്ദം പ്രലോഭനത്തിന്റെ ഉറവിടമായി കണക്കാക്കപ്പെടുന്നു. ഒരു സ്ത്രീ സ്വന്തം വീടിനുള്ളിൽ നിന്നുപോലും പാടുന്നത് കേട്ടാൽ നിയമം ലംഘിച്ചതിന് അവൾ ശിക്ഷിക്കപ്പെടും.
“പ്രായപൂർത്തിയായ ഒരു സ്‌ത്രീ അത്യാവശ്യത്തിനു വീടുവിട്ടിറങ്ങുമ്പോഴെല്ലാം അവളുടെ ശബ്ദവും മുഖവും ശരീരവും മറച്ചുവയ്ക്കാൻ അവൾ ബാധ്യസ്ഥയാണ്” എന്നാണ് നിയമം പറയുന്നത്. തങ്ങളുടെ ഭർത്താവോ, രക്തബന്ധുവോ അല്ലാത്ത പുരുഷനെ നേരിട്ട് നോക്കുന്നതിൽ നിന്നും സ്ത്രീകൾക്ക് വിലക്കുണ്ട്.