അറിയാത്ത ഭാഷകൾ സംസാരിച്ചിരുന്ന വിശുദ്ധൻ

സെപ്റ്റംബർ 23 -ന് തിരുനാൾ ആഘോഷിക്കുന്ന വിശുദ്ധനാണ് വി. പാദ്രെ പിയോ. അദ്ദേഹത്തിന്, അറിയാത്ത ഭാഷകൾപോലും സംസാരിക്കാനും എഴുതാനും കഴിയുമായിരുന്നു. അദ്ദേഹം തനിക്ക് അറിയാത്ത ഭാഷകൾ സംസാരിച്ചിരുന്നുവെന്ന് വിവിധ ചരിത്രസാക്ഷ്യങ്ങൾ വെളിപ്പെടുത്തുന്നു.

1912 -ൽ വി. പാദ്രെ പിയോയുടെ ആത്മീയപിതാവ് ഫാ. ലാമിസിലെ അഗോസ്റ്റിനോ, പാദ്രെ പിയോക്ക് ഗ്രീക്കോ, ഫ്രഞ്ചോ അറിയില്ല എന്ന് വെളിപ്പെടുത്തുന്നുണ്ട്. ആ വർഷം ഫെബ്രുവരിയിൽ ഫ്രഞ്ച് ഭാഷയിൽ കത്തുകൾ ലഭിച്ചത് ശ്രദ്ധയിൽപെട്ടപ്പോൾ അദ്ദേഹം പാദ്രെ പിയോയോടു ചോദിച്ചു: “ആരാണ് നിങ്ങളെ ഫ്രഞ്ച് പഠിപ്പിച്ചത്?”

അതിന് വിശുദ്ധൻ മറുപടി പറഞ്ഞു: “ഓ, അതെങ്ങനെ സംസാരിക്കണമെന്ന് എനിക്കറിയില്ല.”

എന്നാൽ ആ കത്തുകൾ വായിക്കാൻ അദ്ദേഹത്തിനു കഴിയുമായിരുന്നു. അതേവർഷം സെപ്റ്റംബർ 20 -ന് പാദ്രെ പിയോ, ഫാ. അഗോസ്റ്റിനോട് ഇപ്രകാരം പറഞ്ഞു: “സ്വർഗീയവ്യക്തികൾ എന്നെ സന്ദർശിക്കുന്നത് നിർത്തുന്നില്ല. കാവൽമാലാഖമാർ മറ്റു ഭാഷകൾ വിശദീകരിക്കാൻ ഒരു അധ്യാപകനായി എന്നോടൊപ്പമുണ്ട്.”

1911 -ൽ പാദ്രെ പിയോ ഒരു പോസ്റ്റ്കാർഡിന്, തനിക്ക് അറിയില്ലാത്ത ഫ്രഞ്ച് ഭാഷയിൽ അക്ഷരപ്പിശകുകളൊന്നുമില്ലാതെ മറുപടി എഴുതിയതായി ഫാ. അഗോസ്റ്റിനോ തന്റെ ഡയറിയിൽ വിശദീകരിച്ചിട്ടുണ്ട്.

‘പാദ്രെ പിയോയുടെ വാക്കുകളും സംഭവങ്ങളും’ എന്ന പുസ്തകത്തിൽ, അമേരിക്കയിൽ താമസിച്ചിരുന്ന ഏഞ്ചല സെറിറ്റെല്ലിയുടെ സഹോദരൻ തന്റെ മകളെ സാൻ ജിയോവാനി റൊട്ടോണ്ടോയിലേക്ക് വി. പാദ്രെ പിയോയുടെ കൈകളിൽനിന്ന് കുർബാന സ്വീകരിക്കാൻ കൊണ്ടുപോയതായി കോൺസ്റ്റാന്റിനോ കപ്പോബിയാൻകോ എഴുതി. ഈ പെൺകുട്ടിക്ക് ഇറ്റാലിയൻ ഭാഷയും പാദ്രെ പിയോയ്ക്ക് ഇംഗ്ലീഷും അറിയില്ലായിരുന്നു. അതിനാൽ മരിയ പൈൽ എന്ന സ്ത്രീ അവരെ സഹായിക്കാൻ കൂടെച്ചെന്നു.

ആ സ്ത്രീ പാദ്രെ പിയോയോടു പറഞ്ഞു: “അച്ചാ, ഈ പെൺകുട്ടിക്ക് ഇറ്റാലിയൻ മനസ്സിലാകാത്തതിനാൽ അവളെ സഹായിക്കാൻ ഞാൻ ഇവിടെയുണ്ട്.” അതിന് വിശുദ്ധൻ മറുപടി പറഞ്ഞു: “മരിയ, നിങ്ങൾക്കുപോകാം. ഞാൻ അവരോട് സംസാരിച്ചോളാം.” കുമ്പസാരത്തിനു ശേഷം, പാദ്രെ പിയോ തന്നോട് ഇംഗ്ലീഷിലാണ് സംസാരിച്ചതെന്നും അവർക്ക് പരസ്പരം മനസ്സിലാക്കാൻ കഴിഞ്ഞുവെന്നും പെൺകുട്ടി വിശദീകരിച്ചു. അറിയാതിരുന്നിട്ടും, ജർമ്മൻ ഭാഷയും പാദ്രെ പിയോ സംസാരിച്ചിരുന്നു.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.