ഉണ്ണീശോയെ കൈകളില്‍ വഹിച്ച വിശുദ്ധനെക്കുറിച്ച് കേട്ടിട്ടുണ്ടോ?

ക്രിസ്തുമസിനായുള്ള ഒരുക്കത്തിന്റെ ഈ നിമിഷങ്ങളിൽ ഉണ്ണീശോയെ ഒന്ന് കൈകളിലെടുക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് ആഗ്രഹിക്കാത്ത ആരുണ്ട്. ഉണ്ണീശോയെ കൈകളിലെടുക്കുകയും ഉണ്ണീശോയോട് നിരന്തരം സംസാരിക്കുകയും ചെയ്ത ഒരു വിശുദ്ധനുണ്ട്. അത് മറ്റാരുമല്ല, വി. പാദ്രെ പിയോ തന്നെ.

ഉണ്ണീശോയോടുള്ള ആഴമായ ഭക്തി വി. പാദ്രെ പിയോയുടെ വലിയ ഒരു പ്രത്യേകതയായിരുന്നു. ഉണ്ണീശോയെ കാണാനും കയ്യിലെടുത്തു താലോലിക്കാനും അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. പാദ്രെ പിയോ ഉണ്ണീശോയെ കയ്യിലെടുക്കുന്നതും ഉണ്ണീശോയുടെ കയ്യില്‍ പിടിച്ചുനടക്കുന്നതും ദര്‍ശിച്ച നിരവധി വൈദികരുണ്ട്. അത്തരത്തിലൊരു സാക്ഷ്യമാണ് ഫാ. ജോസഫ് മേരി എല്‍ഡര്‍ എന്ന കപ്പൂച്ചിന്‍ വൈദികന്റേത്. അദ്ദേഹം തനിക്കു ലഭിച്ച ആ ദര്‍ശനം വിവരിക്കുന്നത് ഇപ്രകാരമാണ്…

“പിറ്റ്രേല്‍സിനെയിലെ ഭവനത്തില്‍ ക്രിസ്തുമസ് ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുകയായിരുന്നു. വളരെ മനോഹരമായ ഒരു പുല്‍ക്കൂട് ഒരുക്കുന്ന ചുമതല ഫാ. ജോസഫിനായിരുന്നു. കളിമണ്ണില്‍നിന്ന് വിവിധ രൂപങ്ങളുണ്ടാക്കുമ്പോള്‍ അത് മനോഹരമായിത്തീരുന്നതിനുവേണ്ടി ഒരു പ്രേരണപ്രകാരം അദ്ദേഹം ഉണ്ണീശോയോടുള്ള നൊവേന ചൊല്ലിക്കൊണ്ടാണ് പുല്‍ക്കൂട് ഉണ്ടാക്കിയത്. അങ്ങനെ ക്രിസ്തുമസ് രാത്രി വന്നു. പരിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നത് പാദ്രെ പിയോ ആയിരുന്നു.

കുര്‍ബാനയ്ക്കു മുന്‍പായി ജപമാല ചൊല്ലി പ്രാർഥിക്കുകയായിരുന്നു എല്ലാവരും. വി. പാദ്രെ പിയോയും അവര്‍ക്കൊപ്പമുണ്ടായിരുന്നു. പ്രാര്‍ഥന നടക്കുമ്പോള്‍ പെട്ടെന്ന് അദ്ദേഹത്തിന്റെ കയ്യില്‍ ഒരു പ്രകാശം ദര്‍ശിക്കാന്‍ ഫാ. ജോസഫിനു കഴിഞ്ഞു. ജോസഫച്ചന്‍ സൂക്ഷിച്ചുനോക്കിയപ്പോള്‍ വി. പാദ്രെ പിയോയുടെ കയ്യില്‍ ഒരു കുഞ്ഞുവാവ ഇരിക്കുന്നു. അദ്ദേഹം ആ കുഞ്ഞിനെത്തന്നെ സൂക്ഷിച്ചുനോക്കിക്കൊണ്ടിരിക്കുകയാണ്. ആ കുഞ്ഞിന്റെ മുഖത്ത് പറഞ്ഞറിയിക്കാന്‍ കഴിയാത്തതരത്തില്‍ പ്രകാശം. മനോഹരമായ പുഞ്ചിരിതൂകുന്ന ആ കുഞ്ഞിനെ വി. പാദ്രെ പിയോ എല്ലാംമറന്ന് നോക്കിനില്‍ക്കുകയാണ്. പെട്ടെന്നുതന്നെ ആ കുഞ്ഞ് അപ്രത്യക്ഷനായി. അപ്പോള്‍ ജോസഫച്ചന് അത് ഉണ്ണീശോയാണെന്നു മനസിലായി. പെട്ടന്ന് പാദ്രെ പിയോ അച്ചനെ നോക്കി. അവിടെ നടന്നതൊക്കെ അച്ചന്‍ കണ്ടുവെന്ന് മനസിലാക്കിയ അദ്ദേഹം, അച്ചന്റെ സമീപത്തുവന്ന്, ഈ കണ്ട കാര്യങ്ങള്‍ മറ്റുള്ളവരുടെ അടുക്കല്‍ പറയരുത് എന്ന് പറയുകയും ചെയ്തു.

തുടര്‍ന്നുനടന്ന പരിശുദ്ധ കുര്‍ബാന വി. പാദ്രെ പിയോ അര്‍പ്പിച്ചത് അതിയായ സന്തോഷത്തോടെയായിരുന്നു. ആ സന്തോഷം അദ്ദേഹത്തിന്റെ മുഖത്തും പ്രകടമായിരുന്നു എന്ന് ഫാ. ജോസഫ് വെളിപ്പെടുത്തുന്നു. മറ്റൊരവസരത്തില്‍ വി. പാദ്രെ പിയോ ഉണ്ണീശോയെ എടുത്തുകൊണ്ടു പള്ളിയിലേക്കു പോകുന്നതുകണ്ടതായി അദ്ദേഹത്തിനൊപ്പം താമസിച്ച  റഫായേലെ ദേ സെന്റ് എലിയാ എന്ന വൈദികനും സാക്ഷ്യപ്പെടുത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.