വളർത്തുമൃഗങ്ങളെ സംരക്ഷിക്കുന്ന വിശുദ്ധൻ

എ. ഡി മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ഈജിപ്ഷ്യൻ സന്യാസിയായിരുന്നു വി. അന്തോണി. സമ്പന്നമായ ഒരു ക്രിസ്ത്യൻ കുടുംബത്തിലെ അംഗമായിരുന്നു അദ്ദേഹം. എന്നാൽ തന്റെ ഉടമസ്ഥതയിലുള്ളതെല്ലാം അദ്ദേഹം പാവപ്പെട്ടവർക്കും ദരിദ്രർക്കും നൽകാൻ തീരുമാനിച്ചു. പിന്നീട് അദ്ദേഹം സന്യാസം തിരഞ്ഞെടുത്ത് മരുഭൂമിയിൽ ജീവിക്കാൻ തീരുമാനിച്ചു. ഇക്കാരണത്താൽ, അദ്ദേഹം അറിയപ്പെടുന്നത് മരുഭൂമിയിലെ വിശുദ്ധ അന്തോണി എന്നപേരിലാണ്‌.

ദർശനങ്ങളാൽ വിശുദ്ധൻ നിരന്തരം പീഡിപ്പിക്കപ്പെട്ടുവെന്ന് പറയപ്പെടുന്നു. മരുഭൂമിയിലാണ് ജീവിച്ചിരുന്നതെങ്കിലും നിരവധിയാളുകൾ അദ്ദേഹത്തിന്റെ പക്കൽ എത്തിയിരുന്നു. ചിലർ ശാരീരികവും ആത്മീയവുമായ സൗഖ്യത്തിനുവേണ്ടി സമീപിച്ചപ്പോൾ മറ്റുചിലർ അദ്ദേഹത്തിന്റെ മാതൃക സ്വീകരിച്ച് സന്യാസം തിരഞ്ഞെടുത്തു. അങ്ങനെ വി. അന്തോണിയുടെ നേതൃത്വത്തിൽ മരുഭൂമിയിലെ ഗുഹകളിൽ ജീവിക്കുന്ന നിരവധി സന്യാസിസമൂഹങ്ങൾ രൂപപ്പെട്ടു.

വിശുദ്ധ അന്തോണി നൂറ്റിയഞ്ചാം വയസ്സിൽ അന്തരിച്ചു. മരുഭൂമിയിൽ ഒരു സന്യാസിയായി, ഒരു ചെറിയ പച്ചക്കറിത്തോട്ടം വളർത്തി പ്രാർഥിച്ചുകൊണ്ട് തന്റെ ജീവിതാവസാനം വരെ അദ്ദേഹം ജീവിച്ചു. വളർത്തുമൃഗങ്ങളുടെ രക്ഷാധികാരിയായി വിശുദ്ധ അന്തോണി സ്മരിക്കപ്പെടുന്നു. എല്ലാ വർഷവും, ജനുവരി 17 ന്, അദ്ദേഹത്തിന്റെ തിരുനാളിനോടനുബന്ധിച്ച്, വളർത്തുമൃഗങ്ങളെയും ഗ്രാമപ്രദേശങ്ങളിലെ തൊഴുത്തുകളെയും അനുഗ്രഹിക്കാൻ  ആളുകൾ ഈ വിശുദ്ധന്റെ മാധ്യസ്ഥം തേടുന്നു. ഈ പാരമ്പര്യം ആരംഭിച്ചത് മധ്യകാലഘട്ടത്തിലാണ്.

വളർത്തുമൃഗങ്ങളുടെ മാധ്യസ്ഥനായി വി. അന്തോണിയെ വണങ്ങാൻ കാരണമായത് ഒരു ചെറിയ സംഭവമാണ്. അവശനായികിടന്ന ഒരു വളർത്തുപന്നിയുടെ ശരീരത്തിൽ കുരിശടയാളം വരച്ചുകൊണ്ട് അദ്ദേഹം സുഖപ്പെടുത്തുകയുണ്ടായി. അതിനുശേഷം അദ്ദേഹം പന്നികളുടെ പ്രത്യേക മാധ്യസ്ഥനായി. പിന്നീട് അദ്ദേഹം എല്ലാ വളർത്തുമൃഗങ്ങളുടെയും മധ്യസ്ഥനായിമാറി.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.