ഇന്നത്തെ കാലഘട്ടത്തിൽ സിനിമ ശക്തമായ ഒരു മാധ്യമമായി മാറിയത് വളരെ പെട്ടെന്നാണ്. വിശുദ്ധരുടെയും മറ്റു നല്ല ജീവിതങ്ങളുടെയും ദൃശ്യാവിഷ്ക്കാരങ്ങൾ അഭ്രപാളികളിൽ പകർത്തപ്പെട്ടപ്പോൾ എക്കാലത്തും സിനിമയ്ക്കായി ഒരു മധ്യസ്ഥൻ ഉണ്ടാകുന്നത് നന്നായിരിക്കുമല്ലോ. സിനിമയുടെയും അഭിനേതാക്കളുടെയും മധ്യസ്ഥനായി അറിയപ്പെടുന്ന വിശുദ്ധനാണ് വി. ജെനീസ്യസ്.
ഒരു സിനിമപോലെ തന്നെ ‘ട്വിസ്റ്റും’ ‘സസ്പെൻസും’ എല്ലാം കൂടിക്കലർന്നതാണ് ഈ വിശുദ്ധന്റെയും ജീവിതം. അതുകൊണ്ടുതന്നെ അദ്ദേഹം സിനിമയുടെ രക്ഷാധികാരിയായി മാറിയതിൽ അത്ഭുതമില്ല. ജെനീസ്യസ് ഒരു അഭിനേതാവും കൂടിയായത് ഇതിനു മാറ്റുകൂട്ടി. ഈ വിശുദ്ധന്റെ ജീവിതത്തെ വായിച്ചറിയാം.
വിധിയുടെ കൗതുകകരമായ ഒരു വഴിത്തിരിവിൽ, ഒരു കാലത്ത് ക്രിസ്തുമതത്തെ പരിഹസിച്ച ഹാസ്യനടനായിരുന്നു അദ്ദേഹം. പിന്നീട് സിനിമയുടെയും അഭിനേതാക്കളുടെയും രക്ഷാധികാരിയായി മാറി റോമിലെ വി. ജെനീസ്യസ്. പരിഹാസത്തിൽനിന്ന് ആദരവിലേക്കുള്ള അദ്ദേഹത്തിന്റെ ശ്രദ്ധേയമായ യാത്ര വിശ്വാസത്തിന്റെയും വീണ്ടെടുപ്പിന്റെയും ശക്തിയുടെ തെളിവാണ്.
അദ്ദേഹത്തിന്റെ പരിവർത്തനകഥ ഇപ്രകാരമാണ്: മാമ്മോദീസയെ പരിഹസിക്കുന്ന ഒരു നാടകത്തിൽ ജെനീസ്യസ് അഭിനയിച്ചുകൊണ്ടിരിക്കെ, വേദിയിൽവച്ച് അപ്രതീക്ഷിതവും അഗാധവുമായ ഒരു മാറ്റം അദ്ദേഹത്തിന് അനുഭവപ്പെട്ടു. അതേ തുടർന്ന് റോമൻ ചക്രവർത്തിയായ ഡയോക്ലീഷ്യന്റെ കല്പനകളെ ധിക്കരിച്ചുകൊണ്ട്, പീഡനത്തിന്റെ നടുവിൽപ്പോലും അദ്ദേഹം ക്രിസ്തുവിലുള്ള തന്റെ വിശ്വാസത്തെ ഏറ്റുപറഞ്ഞു. ഒടുവിൽ ആ ക്രൈസ്തവവിശ്വാസത്തിന്റെ പേരിൽത്തന്നെ അദ്ദേഹം ധീര രക്തസാക്ഷിത്വം വരിക്കുകയുമായിരുന്നു.
ഇന്ന്, അഭിനേതാക്കളുടെയും അഭിഭാഷകരുടെയും സംഗീതജ്ഞരുടെയും പീഡനത്തിന് ഇരകളായവരുടെയും രക്ഷാധികാരിയായി വി. ജെനീസ്യസ് ബഹുമാനിക്കപ്പെടുന്നു. ആഗസ്റ്റ് 25-നാണ് അദ്ദേഹത്തിന്റെ തിരുനാൾ ആഘോഷിക്കപ്പെടുന്നത്.
വി. ജെനീസ്യസിന്റെ ബഹുമാനാർഥം, 741-ൽ ഗ്രിഗറി മൂന്നാമൻ പാപ്പ ഒരു ദൈവാലയം പണികഴിപ്പിച്ചു. നാലാം നൂറ്റാണ്ടിൽ അറ്റകുറ്റപ്പണികൾ നടത്തി മനോഹരമാക്കിയ ഈ ദൈവാലയത്തിൽ മനോഹരമായ ഒരു സ്വർണ്ണ ഗ്ലാസ് ഛായാചിത്രവും സ്ഥാപിച്ചു. അപ്രതീക്ഷിതമായ സാഹചര്യങ്ങളിൽപ്പോലും വിശ്വാസത്തിന് ഒരാളുടെ ജീവിതത്തെ മാറ്റിമറിക്കാനും മഹത്തായ പ്രചോദനം നൽകാനും കഴിയുമെന്ന ഓർമ്മപ്പെടുത്തലാണ് വി. ജെനീസ്യസിന്റെ ജീവിതം നമ്മെ ഉദ്ബോധിപ്പിക്കുന്നത്.
സുനിഷ വി. എഫ്.