![sabha](https://i0.wp.com/www.lifeday.in/wp-content/uploads/2025/01/sabha.jpeg?resize=696%2C435&ssl=1)
എല്ലാ വർഷവും ജനുവരി 18 മുതൽ 25 വരെ സഭൈക്യവാരമായി കത്തോലിക്കാസഭ ആചരിക്കുമ്പോൾ അതിന്റെ ഉൽപത്തിയും വളർച്ചയും പ്രവർത്തനങ്ങളും നമുക്കൊന്നു വിലയിരുത്താം.
പത്തൊൻപതാം നൂറ്റാണ്ടിൽ ക്രിസ്ത്യാനികൾ ഒരുമിച്ചു പ്രാർഥിക്കണമെന്നും ജീവിതസാക്ഷ്യം നൽകണമെന്നുമുള്ള ആഗ്രഹം പ്രബലമായി രൂപപ്പെട്ടു. 1833ൽ ആഗ്ലിക്കൻ വൈദീകനായിരുന്ന ജോൺ ഹെൻട്രി ന്യൂമാന്റെ നേതൃത്വത്തിൽ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ ഓക്സ്ഫോർഡ് മൂവ്മെന്റ് സ്ഥാപിതമായി. സഭാപിതാക്കന്മാരുടെയുടെയും പതിനേഴാം നൂറ്റാണ്ടിലെ ആംഗ്ലിക്കൻ ദൈവശാസ്ത്രജന്മാരുടെ പഠനങ്ങളിലേക്കും രചനകളിലേക്കും മടങ്ങിപ്പോയി ആംഗ്ലിക്കൻ കൂട്ടായ്മയിലെ സഭകളുടെ ആരാധനക്രമവും സിദ്ധാന്തപരവുമായ നവീകരണമായിരുന്നു ഓക്ഫോർഡ് മൂവ്മെന്റിന്റെ ലക്ഷ്യം. 1854 ൽ ജോൺ ഹെൻട്രി ന്യൂമാൻ കത്തോലിക്കാസഭയിലേക്കു വന്നു. 1846-ൽ ഇവാഞ്ചലിക്കൽ അലയൻസ് ലണ്ടനിൽ സ്ഥാപിതമാവുകയും അന്തർദേശീയ-സഭാ ബന്ധങ്ങൾ സ്ഥാപിക്കുവാൻ മുൻകൈ എടുക്കുകയും ചെയ്തു. ബ്രിട്ടീഷ് മിഷനറിയും സുവിശേഷ പ്രവർത്തകയും ആയിരുന്ന റൂത്ത് റൂസിന്റെ (1872- 1956) അഭിപ്രായത്തിൽ ഇവാഞ്ചലിക്കൽ മുന്നേറ്റത്തിന്റെ ഫലമായി പത്തൊൻപതാം നൂറ്റാണ്ടിൽ രൂപപ്പെട്ട ഏക എക്യുമെനിക്കൽ സംഘടനയാണിത്.
അവരുടെ ഭരണഘടന വിഭാവനം ചെയ്ത ഐക്യം വിവിധസഭകളിലെ ക്രിസ്ത്യൻ സഭകളിലെ വ്യക്തികൾ ആത്മാവിനാൽ നവീകരിക്കപ്പെടുക എന്നതിലായിരുന്നു. സഭകളുടെ പുനരൈക്യം അവരുടെ അജണ്ടയിൽ ഇല്ലായിരുന്നു. വർഷത്തിലെ ആദ്യ ഞായറാഴ്ച മുതൽ ഒരാഴ്ച വിവിധസഭകളിലെ അംഗങ്ങൾ ആത്മാവിൽ നവീകരിക്കപ്പെടാനായി ഈ സഭൈക്യസഖ്യം ക്രമീകരിച്ചട്ടുണ്ട്. ആംഗ്ലിക്കൻ, റോമൻ കത്തോലിക്ക, ഓർത്തഡോക്സ് സഭകളുടെ പങ്കാളിത്തത്തോടെ അസോസിയേഷൻ ഫോർ ദി പ്രൊമോഷൻ ഓഫ് ക്രിസ്റ്റ്യൻസ് (The Association for the Promotion of the Unity of Christians) എന്ന സംഘടന 1857 ൽ ആരംഭിച്ചു. “ക്രൈസ്‌തവലോകത്തിലേക്ക് ദൃശ്യമായ ഐക്യം പ്രാർഥനയിലൂടെയും പുനരുദ്ധരിക്കപ്പെട്ട ക്രൈസ്തവീകതയിലൂടെയും പുന:സ്ഥാപിക്കുക എന്നതായിരുന്നു ഉദ്ദേശ്യം. നിർഭാഗ്യവശാൽ അസോസിയേഷനുമായുള്ള പിന്തുണ റോം പിൻവലിച്ചു.
ക്രിസ്തീയസഭകളുടെ ഐക്യത്തിനായി പ്രാർഥിക്കണമെന്ന് റോമൻ കത്തോലിക്കരോട് മാർപ്പാപ്പമാർ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ക്രൈസ്തവരെല്ലാം റോമൻ കത്തോലിക്കാ സഭയിലേക്ക് മടങ്ങുക എന്നതായിരുന്നു സഭയുടെ അക്കാലത്തെ നിലപാട്. ക്രൈസ്തവരുടെ ഐക്യത്തിനായി ജപമാല ചൊല്ലാൻ 1894-ൽ ലിയോ പതിമൂന്നാമൻ പാപ്പ കത്തോലിക്കരെ ഉദ്ബോധിപ്പിച്ചു. വീണ്ടും 1897-ൽ അദ്ദേഹം ‘പ്രൊവിഡ മാട്രിസ്’ (Provida Matris) എന്ന തിരുവെഴുത്തിൽ ഈശോയുടെ സ്വർഗാരോഹണ തിരുനാളിന്റെയും പന്തക്കുസ്താ തിരുനാളിന്റെയും ഇടയിലുള്ള ദിവസങ്ങളിൽ കത്തോലിക്കാസഭയുമായി വേർപിരിഞ്ഞു നിൽക്കുന്ന സഹോദരന്മാരുമായുള്ള അനുരഞ്ജനത്തിനുവേണ്ടിയുള്ള പ്രാർഥനയ്ക്കായി നീക്കിവയ്ക്കണമെന്ന് ലിയോ പാപ്പ ഓർമപ്പെടുത്തി. ‘ഡിവിനും ഇല്ലിയൂദ്’ (Divinum Illud) എന്ന ചാക്രിക ലേഖനത്തിൽ സഭൈക്യത്തിനു വേണ്ടി പ്രാർഥിക്കുന്നരീതി കത്തോലിക്കാസഭയുടെ സ്ഥിരം ഉത്തരവാദിത്വമായി ലിയോ പതിമൂന്നാമൻ പാപ്പ പ്രഖ്യാപിച്ചു. ഈ കാലഘട്ടത്തിലെ ലംബെത്ത് സമ്മേളനങ്ങൾ (The Lambeth Conferences) സഭൈക്യത്തിനായുള്ള പ്രാർഥനയെ പ്രോത്സാഹിപ്പിച്ചു.
സഭൈക്യവാരം (Unity Octav) ആദ്യം ആചരിച്ചത് 1908 ജനുവരി മാസത്തിലാണ്. അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിൽ നിന്നും 50 മൈൽ അകലത്തിൽ സ്ഥിതിചെയ്യുന്ന അറ്റോൺമെന്റ് ഫ്രാൻസിസ്കൻ കോൺവെന്റ് ഓഫ് പ്രൊട്ടസ്റ്റന്റ് എപ്പിസ്‌കോപ്പൽ ദൈവാലയത്തിലാണ് (Atonement Franciscan Convent of the Protestant Episcopal Church). ഈ പുതിയ പ്രാർഥനായജ്ഞം ഫ്രാൻസിസ്‌ക്കൻ സഹോദരന്മാരുടെയും സിസ്റ്റേഴ്സ് ഓഫ് ദി അറ്റോൺമെന്റ് എന്ന സഭയിലെ സഹോദരിമാർക്കും അപ്പുറം സഭകളുടെ ഐക്യത്തിനുവേണ്ടി പ്രയത്നിക്കുന്ന പലർക്കും പുതിയ ഊർജ്ജം പകർന്നു. അത് ക്രമേണ ലോകമെമ്പാടും നിരവധി രാജ്യങ്ങളും ദശലക്ഷക്കണക്കിനാളുകളും ഉൾപ്പെടുന്ന ഒരു ആചരണമായി വളർന്നു. സഭകൾ തമ്മിലുള്ള ഐക്യത്തിനായുള്ള പ്രാർഥനാവാരത്തിന്റെ ശ്രദ്ധേയമായ തുടക്കമായിരുന്നു അത്.
റോമൻ കത്തോലിക്കാസഭയുമായി ആംഗ്ലിക്കൻ കൂട്ടായ്മ പുന:സമാഗമിക്കാൻ ഫ്രാൻസിസ്കൻ ഫ്രിയേഴ്സിന്റെയും സിസ്റ്റേഴ്സ് ഓഫ് അറ്റോണിമെന്റിന്റെ സഹസ്ഥാപകരായ അമേരിക്കയിലെ രണ്ടു എപ്പിസ്കോപ്പൽ സഭാംഗങ്ങളായിരുന്ന ഫാദർ പോൾ ജെയിംസ് വാട്സൺ, സിസ്റ്റർ ലുറാന വൈറ്റ് എന്നിവരിലേക്ക് സഭൈക്യവാരത്തിന്റെ ആരംഭം തിരിച്ചു പോകുന്നു.
ഫാ. പോൾ വാട്സണും സി. ലൂറാന വൈറ്റും
അമേരിക്കയിലെ മേരിലാൻഡ് സംസ്ഥാനത്തിലെ മില്ലിംഗ്ടണിൽ 1863 ജനുവരി 16 നു ജനിച്ചു. 1886 എപ്പിസ്കോപ്പൽ സഭയിൽ പുരോഹിതനായി. 1898 എപ്പിസ്കോപ്പൽ സഭയിലെ തന്നെ സിസ്റ്ററായിരുന്ന സിസ്റ്റർ ലൂറാന വൈറ്റുമായി ചേർന്ന് സോസേറ്റി ഓഫ് അറ്റോൺമെന്റ് (Society of Atonement) സ്ഥാപിച്ചു. ക്രിസ്തീയസഭകൾ തമ്മിലുള്ള ഐക്യം വളർത്താൻ പ്രോത്സാഹിപ്പിക്കുന്ന ഈ സന്യാസ സമൂഹം ഫ്രാൻസ്സിക്കൻ ആദ്ധ്യാത്മികതയാണ് പിൻതുടരുന്നത്.
1909 ഒക്ടോബർ മുപ്പതാം തീയതി ഫാ. പോളും മദർ ലൂറാന വൈറ്റും സൊസേറ്റിയിലെ മറ്റു പതിനഞ്ച് അംഗങ്ങളും കത്തോലിക്കാസഭയിലേക്കു വന്നു. 1910 ജൂൺ 16 ന് ഫാ. പോൾ വാട്സൺ കത്തോലിക്കാ പുരോഹിതനായി അഭിഷിക്തനായി. 1940 ഫെബ്രുവരി എട്ടിന് നിര്യാതനായ ഫാ. പോളിനെ 2017 മാർച്ച് ഒമ്പതിന് ദൈവദാസ പദവിയിലേക്ക് ഉയർത്തി. ‘സഭൈക്യത്തിന്റെ അപ്പസ്തോലൻ’ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. കത്തോലിക്കരല്ലാത്ത ക്രിസ്ത്യാനികൾ പരിശുദ്ധസിംഹാസനത്തിലേക്കു മടങ്ങിവരണമെന്ന് വ്യക്തമായി പ്രാർഥിക്കുന്ന ഒരു പ്രാർഥന യജ്ഞം അവർ ആരംഭിച്ചു. ക്രൈസ്തവരുടെ ഐക്യത്തിനായി സജീവമായി പ്രാർഥിക്കാൻ ഒരു നിശ്ചിതസമയം മാറ്റിവയ്ക്കണമെന്ന ആശയം, ഫാ. പോൾ വാട്സണു ലഭിച്ചത് ഫാ. സ്പെൻസർ ജോൺസ് എന്ന ഇംഗ്ലീഷ് പുരോഹിതനുമായുള്ള അടുപ്പത്തിൽ നിന്നാണ്. ക്രൈസ്തവരുടെ ഐക്യത്തിനായി പ്രാർഥിക്കാൻ ഒരു ദിവസം നീക്കിവയ്ക്കണമെന്ന് 1907-ൽ ജോൺസ് നിർദേശിച്ചു.
ഫാ. പോൾ വാട്സൺ ഈ ആശയത്തോട് യോജിച്ചുവെങ്കിലും ജനുവരി 18 ന് വിശുദ്ധ പത്രോസിന്റെ സിംഹാസനത്തിന്റെ തിരുനാളിനും ജനുവരി 25 ന് വിശുദ്ധ പൗലോസിന്റെ മാനസാന്തരത്തിന്റെ തിരുനാളിനും ഇടയിൽ സഭകൾ തമ്മിലുള്ള ഐക്യത്തിനായി പ്രാർഥനയുടെ ഒരു വാരം ആചരിക്കണമെന്ന ആശയം മുന്നോട്ടു വച്ചു. ഫാ. വാട്സണും സി. ലുറാനയും റോമൻ കത്തോലിക്കാസഭയിലേക്ക് വന്നപ്പോൾ പത്താം പീയൂസ് മാർപ്പാപ്പ സഭൈക്യവാരത്തിനു തന്റെ പൈതൃകമായ ആശീർവാദം നൽകി. 1916 ൽ ബെനഡിക്ട് പതിനഞ്ചാം മാർപ്പാപ്പ സാർവത്രിക സഭയിൽ മുഴുവനായി സഭൈക്യവാരത്തിനു അംഗീകാരം നൽകി. 1940-ൽ മരിക്കുന്നതുവരെ ഫാ. വാട്സൺ സഭൈക്യവാരത്തെ പ്രചരിപ്പിക്കാനായി അക്ഷീണം പ്രയത്നിച്ചു.
1920 ൽ ‘ഫെയ്ത് ആൻഡ് ഓർഡർ മൂവ്മെന്റിന്റെ’ ഒരു രൂപീകരണ കമ്മീഷൻ ജനീവയിൽ ചേർന്ന് പന്തക്കുസ്താദിനത്തിൽ അവസാനിക്കുന്ന രീതിയിൽ ക്രൈസ്തവസഭകളുടെ ഐക്യത്തിനായുള്ള ഒരു പ്രത്യേക പ്രാർഥനാവാരത്തിന് ആഹ്വാനം ചെയ്തു. 1941 വരെ ഫെയ്ത്ത് ആൻഡ് ഓർഡർ ‘ക്രിസ്ത്യൻ ഐക്യത്തിനായുള്ള ഒക്ടാവിന്റെ നിർദേശങ്ങൾ’ പുറപ്പെടുവിച്ചു. അത് ജനുവരിയിലെ ആഴ്ചയിലേക്കു മാറ്റി. ഇതുമൂലം മനസ്സാക്ഷി കാരണങ്ങളാൽ മറ്റുള്ളവരുമായി പ്രാർഥനാ ശുശ്രൂഷകളിൽ പങ്കുചേരാൻ കഴിയാത്ത ക്രിസ്ത്യാനികൾക്ക് ഒരേ സമയം ഐക്യ പ്രാർഥനയിൽ പങ്കുചേരാൻ കഴിയും. സഭകൾക്കിടയിൽ വ്യാപകമായ ആചരണം നേടാനായില്ലെങ്കിലും ഈ വിവിധ ശ്രമങ്ങൾ ക്രൈസ്തവലോകത്തിലുടനീളം പിന്നീട് വ്യാപകമായി ക്രിസ്ത്യൻ ഐക്യത്തിനായുള്ള പ്രാർഥനാവാരത്തിന് വഴിയൊരുക്കുകയായിരുന്നു.
1935-ൽ ലിയോൺസ് അതിരൂപതയിലെ ഒരു പുരോഹിതനായ അബ്ബെ പോൾ കൊട്ടൂറിയർ, റോമൻ കത്തോലിക്കരല്ലാത്തവർക്ക് ക്രിസ്ത്യൻ ഐക്യത്തിനായുള്ള പ്രാർഥനാ ആഴ്ച ആചരിക്കാൻ കഴിയാത്തതിന്റെ പ്രശ്നത്തിന് പരിഹാരം തേടി. ഇംഗ്ലണ്ടിൽ എഴുപത്തിയെട്ടു വർഷങ്ങൾക്കുമുമ്പ് അസോസിയേഷൻ ഫോർ പ്രൊമോഷൻ ഓഫ് ദി യൂണിറ്റി ഓഫ് ക്രിസ്ത്യൻസ് ചെയ്തതുപോലെ, റോമൻ മിസ്സലിൽ അദ്ദേഹം പരിഹാരം കണ്ടെത്തി. “നമ്മുടെ കർത്താവ് തന്റെ മനസ്സിലും ലക്ഷ്യത്തിലും ഉണ്ടായിരുന്ന സമാധാനവും ഐക്യവും ഭൂമിയിലെ തന്റെ സഭയ്ക്ക് നൽകട്ടെ. അവന്റെ പീഡാനുഭവത്തിന്റെ തലേന്ന്, എല്ലാവരും ഒന്നായിരിക്കണമെന്ന് അവൻപ്രാർഥിച്ചു” എന്ന സമഗ്രമായ അടിസ്ഥാനത്തിൽ ഫാ. കൊട്ടൂറിയർ ക്രിസ്തീയ ഐക്യത്തിനായുള്ള പ്രാർഥനയെ പ്രോത്സാഹിപ്പിച്ചു. ഫാ. പോൾ വാട്സണെപ്പോലെ, അബ്ബെ കൊട്ടൂറിയറും ഐക്യത്തിനായുള്ള ശക്തമായ അഭിനിവേശം പ്രകടിപ്പിക്കുകയും 1953-ൽ തന്റെ മരണം വരെ വർഷം തോറും “പ്രാർഥനയ്ക്കുള്ള ആഹ്വാനങ്ങൾ” അയയ്ക്കുകയും ചെയ്തു.
എല്ലാ കത്തോലിക്കരും കൊട്ടൂറിയറുടെ പരിഹാരം അംഗീകരിച്ചിരുന്നില്ലെങ്കിലും ചിലർ ഐക്യ ശ്രമങ്ങളിലും പ്രാർഥനയിലും പത്രോസിന്റെ പ്രഥമസ്ഥാനം എന്ന കേന്ദ്രബിന്ദുവിനെ ഊന്നിപ്പറഞ്ഞിരുന്നു. എന്നാൽ 1964-ൽ രണ്ടാം വത്തിക്കാൻ കൗൺസിലിൽ എക്യുമെനിസത്തെക്കുറിച്ചുള്ള ഡിക്രി (Unitatis redintegratio) പ്രഖ്യാപിച്ചതോടെ എല്ലാ ബുദ്ധിമുട്ടുകളും പരിഹരിക്കപ്പെട്ടു. ഡിക്രി വ്യക്തമായ വാക്കുകളിൽ ഇങ്ങനെ പഠിപ്പിച്ചു: “ഐക്യത്തിനായുള്ള പ്രാർഥനാ ശുശ്രൂഷകളിലും എക്യുമെനിക്കൽ ഒത്തുചേരലുകളും പോലുള്ള ചില പ്രത്യേക സാഹചര്യങ്ങളിൽ, കത്തോലിക്കർ അവരുടെ വേർപിരിഞ്ഞ സഹോദരങ്ങളോടൊപ്പം പ്രാർഥനയിൽ പങ്കുചേരുന്നത് അനുവദനീയമാണ്, തീർച്ചയായും അഭികാമ്യമാണ്. ഐക്യത്തിന്റെ കൃപയ്ക്കായി അപേക്ഷിക്കുന്നതിനുള്ള വളരെ ഫലപ്രദമായ മാർഗങ്ങളാണ് ഇത്തരം പൊതുവായ പ്രാർഥനകൾ, കത്തോലിക്കരെ അവരുടെ വേർപിരിഞ്ഞ സഹോദരങ്ങളുമായി ഇപ്പോഴും ബന്ധിപ്പിക്കുന്ന ബന്ധങ്ങളുടെ യഥാർഥ പ്രകടനമാണിത്.”
1993-ൽ സഭൈക്യത്തിനുവേണ്ടിയുള്ള ഫൊന്തിഫിക്കൽ കൗൺസിൽ (പൊന്തിഫിക്കൽ കൗൺസിൽ ഫോർ പ്രൊമോട്ടിംഗ് ക്രിസ്ത്യൻ യൂണിറ്റി) സഭൈക്യത്തിന്റെ തത്വങ്ങളുടെയും മാനദണ്ഡങ്ങളുടെയും പ്രയോഗത്തിനായുള്ള ഡയറക്ടറി (Directory for the Application of Principles and Norms of Ecumenism) പുറത്തിറക്കുകയും ക്രൈസ്‌തവ സഭകളുടെ ഐക്യത്തിനായുള്ള പ്രാർഥനാ വാരത്തിൽ പങ്കെടുക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അതിനാൽ ഇന്ന് സഭൈക്യ പ്രാർഥനാ വാരം, “അവരെല്ലാവരും ഒന്നായിരിക്കാൻ വേണ്ടി” എന്ന ക്രിസ്തുവിന്റെ പ്രാർഥനയുടെ പൂർത്തീകരണത്തിനായി ആത്മാർഥമായി പ്രവർത്തിക്കാൻ എല്ലാ ക്രൈസ്‌തവരെയും ക്ഷണിക്കുകയും ചെയ്തു. “എ ഹാൻഡ്‌ബുക്ക് ഓഫ് സ്പിരിച്വൽ എക്യുമെനിസത്തിൽ” കർദിനാൾ വാർൾട്ടർ കാസ്പർ “ലോകമെമ്പാടും കൈസ്തവ ഐക്യത്തിനുവേണ്ടിയുയുള്ള വാർഷിക പ്രാർഥനാ വാരാഘോഷം പ്രോത്സാഹിപ്പിക്കപ്പെടുകയും കൂടുതൽ വികസിപ്പിക്കുകയും ചെയ്യേണ്ട ഒരു പ്രധാന സംരംഭമാണെന്ന്” പ്രത്യേകം പരാമർശിക്കുന്നു.
വേൾഡ് കൗൺസിൽ ഓഫ് ചർച്ചസിന്റെ ഭാഗമായ ‘ഫെയ്ത് ആൻഡ് ഓർഡർ’ സംഘടനയും ക്രൈസ്തവസഭകളുടെ ഐക്യത്തെ പ്രോത്സാഹിപ്പിക്കുന്ന പൊന്തിഫിക്കൽ കമ്മീഷനും 1968 മുതൽ വർഷം തോറും സംയുക്തമായി യൂണിറ്റി ഒക്റ്റീവിനുള്ള പ്രാർഥനകളും പഠനോപാധികളും തയ്യാറാക്കുന്നു.
2025-ലെ സഭൈക്യവാരത്തിനായുള്ള പ്രാർഥനകളും ധ്യാനങ്ങളും വടക്കൻ ഇറ്റലിയിലെ ബോസിലെ സന്യാസസമൂഹത്തിലെ സഹോദരീസഹോദരന്മാരാണ് തയ്യാറാക്കിയത്. പിന്നീട് വേൾഡ് കൗൺസിൽ ഓഫ് ചർച്ചസും ക്രൈസ്തവ സഭകളുടെ ഐക്യത്തെ പ്രോത്സാഹിപ്പിക്കുന്ന പൊന്തിഫിക്കൽ കമ്മീഷനും ഈ പ്രാർഥനകളും ധ്യാനങ്ങളും അംഗീകരിക്കുകയും പ്രസിദ്ധികരിക്കുകയും ചെയ്തു. എ.ഡി. 325-ൽ കോൺസ്റ്റാന്റിനോപ്പിളിനടുത്തുള്ള നിഖ്യായിൽ നടന്ന ആദ്യത്തെ എക്യുമെനിക്കൽ കൗൺസിലിന്റെ 1,700-ാം വാർഷികമാണ് ഈ വർഷം. ഈ കൗൺസിലിൽ രൂപപ്പെടുത്തിയ വിശ്വാസപ്രമാണത്തിൽ പ്രകടിപ്പിച്ചതുപോലെ, ക്രിസ്ത്യാനികളുടെ പൊതുവിശ്വാസത്തെക്കുറിച്ച് ചിന്തിക്കാനും ആഘോഷിക്കാനും ഈ അനുസ്മരണം ഒരു സവിശേഷ അവസരം നൽകുന്നു. ഈ വർഷത്തെ ആപ്തവാക്യം സ്വീകരിച്ചിരിക്കുന്നത് യോഹന്നാന്റെ സുവിശേഷം പതിനൊന്നാം ആധ്യായത്തിൽ നിന്നുമാണ്. “നീ ഇതു വിശ്വസിക്കുന്നുവോ?” (യോഹ 11:26) എന്നതാണ് 2025-ലെ സഭകളുടെ ഐക്യത്തിനായുള്ള പ്രാർഥനാവാരത്തിന്റെ ആപ്തവാക്യം. ഈശോയുടെ ഹൃദയാഭിലാഷമായ ‘ഒന്നാകേണ്ട സഭ’ അതിനായി ഈ ദിവസങ്ങളിൽ പ്രാർഥനയോടെ നമുക്കു കൈകോർക്കാം
ഫാ. ജയ്സൺ കുന്നേൽ mcbs